Saturday, April 19, 2014

മാർക്കേസ് ഇനിയില്ല... മേജിക്കും..

മാർക്കേസ് 
മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു ഒരു കാലത്ത് സാഹിത്യത്തിലേക്കുളള എന്റെ കിളിവാതിൽ. എന്റെ ചെറുപ്പത്തിൽ അതിൽ വന്നിരുന്ന കഥകളും ലേഖനങ്ങളും വായനാശീലത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. വിശ്വസാഹിത്യത്തെക്കുറിച്ച് ബോധവാനാക്കുന്നതിൽ - ക്ലാസ്സിക്കുകളെക്കുറിച്ച് ആയാലും, സമകാലീന സൃഷ്ടികളെക്കുറിച്ചായാലും, ആഴ്ചപ്പതിപ്പ് ഒരു സഹായമായിരുന്നു. (പിന്നീട് ഇത് പൊതുവാ
യനശാലയിൽ പോയി കലാകൌമുദിയിൽ വന്നിരുന്ന സാഹിത്യവാരഫലം വായിക്കുന്നതായി മാറി എന്നത് മറ്റൊരു കാര്യം.) കാഫ്കയും കമ്യുവും സാർത്രും മാർക്കേസുമൊക്കെ ചിരപരിചിതരായതങ്ങനെ. ഒരിക്കൽ മാർക്കേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങളെക്കുറിച്ച് വായിച്ചു. ലൈബ്രറിയിൽ പോയപ്പോൾ അവിടെ ഒരു ഷെൽഫിൽ അതിന്റെ മലയാളം പരിഭാഷ! ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന പേര് കേട്ടപ്പോൾ ഞാൻ കരുതിയത്‌ കുറച്ചു വിരസമായ ഒരു ട്രാജഡി ആയിരിക്കും എന്നാണ്. ഒരു കമ്യു സ്റ്റൈൽ. പക്ഷെ എടുത്തു വായിച്ചു നോക്കി. ജീവിതം വഴിമാറിയതു പോലെ!

ഏകാന്തതയുടെ നൂറു വർഷങ്ങൾ 
കാഫ്കയുടെ മെറ്റമോർഫോസിസ് വായിച്ച മാർക്കേസ് ഇങ്ങനെയും കഥ എഴുതാമോ എന്ന് ആശ്ചര്യപ്പെട്ടതായി കേട്ടിട്ടുണ്ട്. ഏകാന്തത വായിച്ച എന്റെ മനസ്സിലും ഉണ്ടായ ചിന്ത ഇത് തന്നെയായിരിക്കും.  മനസ്സിലെ എല്ലാ വികാരങ്ങളെയും കൊണ്ട് പാലാഴി മഥനം നടത്തുന്ന ഒരു റോളർ കോസ്റ്റർ റൈഡ്! ഇത്രയും വർണ്ണാഭമായ ഭാഷ, സ്ഫോടനാത്മകമായ രചനാശൈലി, വായിച്ചു തീരുമ്പോൾ വർഷങ്ങളോളം മനസ്സില് കിടന്നു ഓളം വെട്ടുന്ന കഥ... ഒരു മാസ്റ്റർ പീസ്‌.

തുടർന്ന്  വർഷങ്ങൾക്കു ശേഷമാണ് മാർക്കേസിന്റെ അടുത്ത പുസ്തകം വായിക്കാൻ കിട്ടുന്നത്- വംശാധികാരിയുടെ ശരത്ക്കാലം. വായനക്കാരന് നേരെ മാർക്കേസ് എറിയുന്ന ഒരു പ്രഹേളിക. ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും കഠിനമായ നോവലായിരിക്കും അത്. ഓരോ വാചകവും പേജുകളോളം നീളും. പദ്യം പോലെയുള്ള ആഖ്യാനം. ഒരു അമ്പത് പേജു കഴിഞ്ഞിരിക്കും ആ ശൈലിയുമായി പൊരുത്തപ്പെടാൻ. തുടർന്ന് കാര്യമായി വിഷമിച്ചില്ല. പല ഭാഗങ്ങളും ഒരു രണ്ടാം വട്ട വായനയിലേ പൂർണ്ണമായും ഗ്രഹിക്കാൻ സാധിക്കൂ. ആ  പുസ്തകം ഒരു വായനക്കാരനെന്ന നിലയിൽ എനിക്ക് തന്ന ആത്മ വിശ്വാസം അപാരമായിരുന്നു. അതിനു ശേഷം  തേടിപ്പിടിച്ചുള്ള വായനയായിരുന്നു. മാർക്കേസിന്റെ പുസ്തകങ്ങൾ മാത്രമല്ല, മോഡേണും പോസ്റ്റ്‌ മോഡേണുമായ പല എഴുത്തുകാരുടെയും കൃതികൾ. ഒരു എഴുത്തുകാരന്റെ വിജയം  അതുതന്നെയായിരിക്കും.  തന്റെ സാഹിത്യത്തിലൂടെ വായനക്കാരനെ താനടങ്ങുന്ന ലോകത്തെ കൂടുതൽ പര്യവേഷണം ചെയ്യാൻ പ്രേരിപ്പിക്കുക.
വംശാധികാരിയുടെ ശരത്ക്കാലം 

സാഹിത്യ പ്രപഞ്ചം എന്ന വാക്ക്  വളരെ അധികം ഉപയോഗിച്ച്  പഴകിയ ഒരു വാക്കാണ്‌. യഥാർത്ഥത്തിൽ വളരെ കുറച്ചു സാഹിത്യകാരന്മാർക്ക് മാത്രമേ സ്വന്തമായി ഒരു പ്രപഞ്ചം സൃഷ്ടിക്കാൻ സാധിച്ചിട്ടുള്ളൂ. മാർക്കേസ് തന്റേതായ ഒരു പ്രപഞ്ചത്തിന്റെ അഥിപനാണ്. സ്വപ്നങ്ങളും മായാജാലവും കപ്പലും  കടലും യോദ്ധാക്കളും ജിപ്സികളും കരീബിയൻ ചൂടും പ്രണയും പ്രണയ ഭംഗവും മരണവും രതിയും ഫിലോസഫിയും- എല്ലാം അടങ്ങിയ അത്ഭുതലോകം. 

മാർക്കേസ് ഇങ്ങു കേരളത്തിൽ അറിയപ്പെടുന്നത് മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരൻ എന്നാണ്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ രചനകൾക്കും മേജിക്കൾ റിയലിസത്തിനും ഇവിടെ കിട്ടിയ സ്വീകാര്യത അത്രക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനുകർത്താക്കളും ഇവിടെ കുറവല്ല. ഇന്നലെ ദിവംഗതനായ അദ്ദേഹത്തിനെ പറ്റി ഒരു കുറിപ്പെഴുതണമെന്നു തോന്നിയപ്പോൾ അത് മലയാളത്തിലാകാമെന്നു തീരുമാനിച്ചത് അത് കൊണ്ടാണ്. കഴിഞ്ഞ മാസമാണ് ഞാൻ  മാതൃഭൂമി പ്രസിദ്ധീകരിച്ച ആർ. വി. എം. ദിവാകരൻ രചിച്ച മാർക്കേസിന്റെ ജീവചരിത്രം പ്രിയപ്പെട്ട ഗാബോ വാങ്ങിയത്. മാർക്കേസിന്റെ മരണം അദ്ദേഹത്തിന്റെ  ജീവിതത്തെ കൂടുതൽ അറിയാൻ എന്നെ ഉത്സുകനാക്കുന്നു.


2 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. Thank you Jean. A comment for this post means a lot...

    ReplyDelete