Tuesday, October 1, 2024

ജയമോഹന്റെ ഉറവിടങ്ങൾ: അണപൊട്ടിയൊഴുകും ജീവഗാഥ

 


ഇതേ പുസ്തകത്തേക്കുറിച്ച് ഇംഗ്ലീഷിൽ എഴുതിയ കുറിപ്പ് ഇവിടെ വായിക്കാം

ഇതിനു മുൻപ് ജയമോഹന്റെ രണ്ടു പുസ്തകങ്ങൾ ആണ് വായിച്ചിട്ടുള്ളത്, നൂറു സിംഹാസനങ്ങളും, മാടൻ മോക്ഷവും. വായനക്കാരുടെ ഹൃദയത്തിലേക്ക് നേരിട്ട് സംവദിക്കുന്ന കൃതികളാണ് രണ്ടും. ഉപജീവനത്തിന്റെ നഗ്നയാഥാർത്ഥ്യങ്ങളുടെ കലർപ്പില്ലാത്ത ചിത്രണം. ക്രോധവും, പരിഹാസവും, മൌഢ്യവും, നിസ്സംഗതയും സമ്മേളിക്കുന്ന ലാവാസ്ഫുരണങ്ങൾ. നമ്മുടെ സത്യങ്ങളെ വീണ്ടും അപഗ്രഥിക്കാൻ പ്രേരിപ്പിക്കുന്ന തിരുത്തൽ ശക്തികൾ. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളായ 'ഉറവിടങ്ങൾ' വായിക്കാൻ എടുക്കുമ്പോൾ പ്രതീക്ഷിച്ചത്, പ്രതീക്ഷകളെ തല്ലിത്തകർക്കുന്ന സത്യകഥനം. ലഭിച്ചത് ഒട്ടും കുറഞ്ഞിട്ടില്ല. 

ജയമോഹന്റെ എഴുത്തുകൾ മലയാളത്തിലാകുമ്പോഴും, തമിഴിന്റെ വക്രതയില്ലായ്മ അനുഭവിപ്പിക്കും. വെട്ടൊന്ന്, മുറി രണ്ട് എന്ന പോലെ. അല്ലെങ്കിൽ ഈ പുസ്തകത്തിന്റെ ആമുഖത്തിൽ കല്പറ്റ നാരായണൻ പറഞ്ഞ തമിഴൻ മാത്രം കീറുന്ന കീറാമുട്ടിയെ പോലെ. പേര് സൂചിപ്പിക്കുന്നത് പോലെ തന്റെ എഴുത്തിന്റെ ഉറവിടങ്ങൾ തുറന്നു കാട്ടുകയാണ് ജയമോഹൻ ഈ പുസ്തകത്തിൽ. അച്ഛനും, അമ്മയും, മറ്റു പൂർവികരും, നാടും, അതിന്റെ ചരിത്രവും, ഭൂഘടനയും, നാട്ടു വർത്തമാനവും, ഭാര്യയും, മകളും, എല്ലാവരും കൂടി തുറന്നു തരുന്ന ഉറവിടങ്ങൾ. 

അഞ്ചു ഭാഗങ്ങളിൽ ആയിട്ടാണ് ഈ പ്രക്രിയ എഴുത്തുകാരൻ നടത്തിയെടുക്കുന്നത്. ആദ്യഭാഗം അമ്മയുടെയും അച്ഛന്റെയും കഥയാണ്, എഴുത്തുകാരന്റെ ഉയർത്തെഴുന്നേൽപ്പിന്റേയും. രണ്ടാം ഭാഗം തന്റെ നാഞ്ചിനാടിന്റെ ചരിത്രവും പുരാവൃത്തവും. ഇതിൽ കേരളത്തിൽ നിന്നും അടർന്നു പോയ, അവഗണിക്കപ്പെട്ട ജനത്തിന്റെ, ജനതയുടെ, കഥ കാണാം. പറിച്ചുനടലിന്റെ അന്യതാ ബോധം എഴുത്തുകാരൻ സ്വായത്തമാക്കിയ കഥ. മൂന്നാം ഭാഗം തന്റെ ജീവിതത്തിൽ കടന്നു വന്നതും പോയതുമായ സ്ത്രീകളും അവർ തന്നിൽ ഉണ്ടാക്കിയ പ്രകമ്പനങ്ങളും. നാലാം ഭാഗം പൂർവികചരിത്രം, പ്രധാനമായും അതിശക്തയായ അമ്മച്ചിയുടെ, അച്ഛന്റെ അമ്മയുടെ, ചരിത്രം. അവസാന ഭാഗം നാഞ്ചിനാട്ടിലെ യക്ഷികളെക്കുറിച്ച്. തനിക്ക് താൻ പോരുമെന്ന വ്യവസ്ഥിതിയിൽ നിന്ന് താൻ മറ്റൊരുവന്റെ ആശ്രിതയെന്നതിലേക്ക് എടുത്തെറിയപ്പെട്ട, സ്ത്രീ പ്രതീകമായാണ് പുതിയ യക്ഷികളെ എഴുത്തുകാരൻ കാട്ടിത്തരുന്നത്. 

കേരളത്തിൽ നിന്നുള്ള പറിച്ചു നടൽ ചരിത്രത്തെയും തനതു സംസ്കാരത്തെയും ഇരുട്ടിലാഴ്ത്തിയ ജനതയുടെ കഥ ഇതിൽ കാണാം. എങ്ങനെയാണത് കുടുംബങ്ങളെയും വ്യക്തികളെയും വിശ്വാസങ്ങളെയും മാറ്റി മറിക്കുന്നതെന്നും കാണാം. അതിരുകളിൽ പാർക്കാൻ വിധിക്കപ്പെട്ടവരായി ജീവിക്കുന്നവരുടെ കഥയാണ്, അതിന്റെ ആകുലതകളിൽ നിന്ന് പൊട്ടി വിടർന്ന സാഹിത്യത്തിന്റെ കഥയാണ് 'ഉറവിടങ്ങൾ'. ആ ഉറവിടങ്ങളിൽ ഉത്ഭവിച്ച്, അണകളെ തകർത്ത് ഇരമ്പിയൊഴുകി, അനുവാചക ഹൃദയസാഗരത്തിൽ ആർത്തലച്ച് വന്നു ചേരുന്ന ക്ഷുബ്ധ സാഹിത്യം. 


Friday, September 13, 2024

കറുത്തച്ചൻ: ഭയങ്കരം, ഭീകരം, ഭയാനകം


ഭയം ഉളവാക്കുന്ന എന്നർത്ഥം വരുന്ന ഒറ്റപ്പദം മലയാളത്തിൽ ഭയങ്കരം ആണ്. എന്നാൽ സാധാരണ ആ വാക്ക് ആ അർത്ഥത്തിൽ അല്ല ഉപയോഗിക്കപ്പെടുന്നത്. Horror literature എന്ന വാക്കിന്റെ ഇംഗ്ലീഷ് തത്സമ പദമായി ഭയങ്കരസാഹിത്യം എന്ന് പറയുന്നത് അങ്ങ് ശരിയാകുന്നില്ല. ഭയാനകസാഹിത്യം, ഭീകരസാഹിത്യം എന്നൊക്കെ പറഞ്ഞാലോ? പ്രേതകഥകൾ, യക്ഷിക്കഥകൾ, മാന്ത്രിക നോവലുകൾ എല്ലാം മലയാളത്തിൽ ഇതിന്റെ ചില ഉപജാതികളാണ്. 

ഒരു കാലത്ത് അന്യം നിന്ന് പോയ ജനപ്രിയ സാഹിത്യം മലയാളത്തിൽ ഒരു തിരിച്ചു വരവ് നടത്തിയപ്പോൾ കൂട്ടത്തിൽ പ്രേതകഥകളും വന്നു എന്ന് ശ്രദ്ധിച്ചിരുന്നു. പല പുസ്തകങ്ങളും പലയിടത്തു വെച്ചും കൈയിൽ പെട്ടെങ്കിലും, വായിക്കാൻ സാധിച്ചത് എസ്. കെ.ഹരിനാഥ് എഴുതിയ 'കറുത്തച്ചൻ' ആണ്. മലയാളത്തിൽ പൊതുവേ പ്രേതകഥകൾ മന്ത്രവാദത്തിന്റെ പശ്ചാത്തലത്തിൽ ആണ് എഴുതപ്പെടാറ്. 'കലിക', 'കൃഷ്ണപ്പരുന്ത്', തുടങ്ങിയ മികച്ച കൃതികൾ തന്നെ ഉദാഹരണം. ഇതിനൊരു കാരണം, ഐതിഹ്യമാല പോലുള്ള ഗ്രന്ഥങ്ങളുടെ പ്രഭാവമായിരിക്കാം. പതിവിന് വിപരീതമായി ഹരിനാഥ് ഒരു ക്രിസ്തീയ പശ്ചാത്തലം കൊണ്ടു വന്നത് വ്യത്യസ്തമായി. 


കറുത്തച്ചൻമേട്ടിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാനായി ഒരുങ്ങിയിറങ്ങിയ പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതോടൊപ്പം, ഒരു കൂട്ടം ദുരാത്മാക്കളെ തുറന്നു വിടുകയും ചെയ്യുന്നു. അവളുടെ മരണത്തിലെ ദുരൂഹത അറിയാനായി ഇറങ്ങിയ കാമുകൻ കാര്യങ്ങൾ വഷളാക്കുകയും, തന്റെയും, കൂട്ടുകാരന്റെയും, സമീപത്തുള്ള പള്ളിയിലെ വികാരികളുടെയും, ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു. വർഷങ്ങൾക്കു മുൻപ്, ഈ പ്രശ്നം കൈകാര്യം ചെയ്ത അച്ചൻ ഇന്ന് ജീവിച്ചിരിപ്പില്ല. എല്ലാ രഹസ്യങ്ങളുടെയും താക്കോൽക്കൂട്ടം ഭൂതകാലത്തിൽ മറഞ്ഞിരിക്കുന്നു. അപകടങ്ങളും, ദുർമരണങ്ങളും അനുദിനം പിന്തുടരുന്ന ഒരു പറ്റം സാധാരണക്കാർക്ക് ഇതിനെ ചെറുത്തു തോൽപ്പിക്കാൻ കഴിയുമോ? 

ഈ നോവലിന്റെ ഏറ്റവും മികച്ച വായനാനുഭവം ഇതിന്റെ അന്തരീക്ഷമാണ്. ഒരു തവണ നാം ഇതിലെ ദുരൂഹതയിൽ കാൽ നാട്ടിയ ശേഷം, ആ അന്തരീക്ഷത്തിന്റെ നീഗൂഢത നമ്മെ വിട്ടു പിരിയുന്നില്ല. കഥാന്ത്യത്തിലും ഭീതിയുടെ ഒരു പിണർ ബാക്കി വെച്ചു പോകുന്നതിനാൽ, കഥ അവസാനിച്ചു എന്നതും നമ്മെ സമാധാനിപ്പിക്കില്ല. ആദ്യന്തം ഒരു ഭീതിദമായ യാത്രയിലൂടെ നമ്മെ നടത്തുന്നതിൽ കഥാകാരൻ വിജയിച്ചിരിക്കുന്നു. ആദ്യം മുതൽ നിരന്തരമായി ഓരോ കഥാപാത്രങ്ങളും ചെറുതും വലുതുമായ അപകടങ്ങളിൽ പെടുന്നുണ്ട്. അവയിലെല്ലാം പല തരത്തിൽ വ്യത്യസ്തത വരുത്തിയത് നന്നായി. 

കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് കുറച്ചു കൂടി നന്നാക്കാമായിരുന്നു. ഷഫീഖ് എന്ന പ്രധാന കഥാപാത്രം കുഴപ്പമില്ലാത്ത പാത്രസൃഷ്ടിയായി തോന്നി. പല സന്ദിഗ്ധ സന്ദർഭങ്ങളിലും അയാളുടെ അസാന്നിധ്യം ഒരു കല്ലു കടിയായി. മറ്റു കഥാപാത്രങ്ങൾ അവരുടേതായ വ്യക്തിത്വം നിലനിർത്താൻ കഴിയാതെ ഒരു ഏകതാന സ്വഭാവത്തിൽ ഒതുങ്ങി നിൽക്കുന്നു. അതേ സമയം ഇതിലെ ദുരാത്മാക്കളെയൊന്നും ഒരു പരിധിയിൽ കൂടുതൽ പരിചയപ്പെടുത്താത്തത് നന്നായി. അവരുടെ പഴയ കഥകൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഈ പിരിമുറുക്കം കിട്ടില്ല. വായനക്കാർക്ക് പൂരിപ്പിച്ച് എടുക്കാൻ കഴിയും വണ്ണം പറഞ്ഞു പോകുക മാത്രമേ ചെയ്തുള്ളൂ. 


ഭാഷയുടെ ഉപയോഗവും നന്നാക്കാമായിരുന്നു. മലയാള ഭാഷ ഭാവിയിൽ പശ പോലെ മാത്രം ഉപയോഗിക്കപ്പെടും എന്ന് എവിടെയോ വായിച്ചിരുന്നു. അത് ഏറെക്കുറേ സത്യമാകുന്നു എന്ന് ഇതിലെ ചില വാചകങ്ങൾ ഭീഷണി മുഴക്കുന്നു. ചിലപ്പോഴെങ്കിലും ഇംഗ്ലീഷ് പോലും വികലമായി ഉപയോഗിക്കുന്നത് കല്ലുകടിയുണ്ടാക്കുന്നുണ്ട്. 'അമ്മയുടെ സ്‌പെഷ്യൽ ഫുഡുകൾ കഴിച്ചു', എന്നൊക്കെയുള്ള വാചകങ്ങൾ ഉദാഹരണം. 

കഥയെഴുത്തും, കഥപറച്ചിലും രണ്ടു വ്യത്യസ്ത മാദ്ധ്യമങ്ങളാണ്. കഥ പറയുമ്പോൾ ദൈനംദിന ജീവിതത്തിലെ പ്രയോഗങ്ങൾ ഉപയോഗിക്കുന്നത് തത്ക്ഷണം കേൾക്കുന്നവരുമായി എളുപ്പം സമ്പർക്കം പുലർത്താൻ ഉപകരിക്കും. കഥയെഴുത്തിൽ ഇത് പലപ്പോഴും വായനക്കാരന് അലോസരമാവുകയാണ് ചെയ്യുക. കഴിവുറ്റ കാഥികർ സംസാരഭാഷ ഉപയോഗിച്ച് കഥയെഴുതാറുണ്ട്, ബഷീറിനെ പോലെ. അവർ അതിനെ സാധൂകരിക്കുന്ന രീതിയിൽ കഥാഘടനയെ പൊളിച്ചെഴുതാൻ കെല്പുള്ളവരുമാണ്. 

'കറുത്തച്ചൻ' രസകരമായ പ്രേതകഥ ആകുന്നത് അതിലെ സന്ദർഭത്തിന്റെ ഭയാനകതയും, നിഗൂഢതയും കൃത്യമായി വായനക്കാരനെ അനുഭവിപ്പിക്കുന്നത് കൊണ്ടാണ്. മറ്റെല്ലാ പ്രശ്നങ്ങളും കാര്യമായി വായനയെ ബാധിക്കാത്തതും ഈയൊരു മികവ് കൊണ്ടു മാത്രമാണ്. 


Friday, June 21, 2024

ഊരുവിലക്ക് എന്തിന്?

 


ഇംഗ്ലീഷിൽ മാനസിക വളർച്ചയെത്താത്ത മനുഷ്യരെ കുറിക്കുന്ന വാക്കുകളുടെ ചരിത്രം രസകരമാണ്. മെഡിക്കൽ ടേം എന്നു പറഞ്ഞു ചമയ്ക്കുന്ന വാക്ക് കുറച്ചു വർഷങ്ങൾക്കു ശേഷം ഒഴിവാക്കേണ്ടി വരുന്നു. മോറോൺ (moron) ഒരു ഉദാഹരണം മാത്രം. ഒരു കാലത്ത് ഈ വാക്ക്  വൈദ്യപ്രബന്ധങ്ങളിൽ കണ്ടുവന്നിരുന്നു. ഇഡിയറ്റ് (idiot), ഇംബസീൽ (imbecile), തുടങ്ങി റിറ്റാർഡ് (retard) വരെ പല വാക്കുകളും ഈ ആവശ്യത്തിന് പല കാലത്തായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇവയ്ക്കെല്ലാം കാലക്രമേണ അപഭ്രംശം സംഭവിക്കുകയും  അക്കാദമിക് സാഹിത്യത്തിൽ നിന്നു തുടച്ചു നീക്കപ്പെടുകയും ചെയ്തു. 

ഇതിന് കാരണം പൊതുജനം ഇവയെ ഏറ്റെടുത്ത് തെറികളാക്കി മാറ്റിയതാണ്. അല്ലാതെ വാക്കുകൾക്കോ അവ ഉപയോഗിക്കുന്ന സന്ദർഭങ്ങൾക്കോ എന്തെങ്കിലും മാറ്റം ഉണ്ടായതു കൊണ്ടല്ല. ഇന്റലക്ച്വൽ ഡിസെബിലിറ്റി എന്ന വാക്കാണ് ഇപ്പോൾ ഉപയോഗിച്ച് വരുന്നത് എന്നു തോന്നുന്നു. ഇനി അതും മാറ്റിയോ എന്ന് അറിയില്ല. ഈ സ്ഥിതി മാറണമെങ്കിൽ ഒരു വഴിയേ ഉള്ളൂ. നമ്മുടെ മനസ്ഥിതി മാറണം. ഒരാൾക്ക് പ്രമേഹമോ, രക്തസമ്മർദ്ദമോ, മറ്റോ വരുന്നത് പോലെ, വന്നു പെട്ട സാഹചര്യം ആണെന്ന് സമൂഹം മനസ്സിലാക്കുകയും, അതിനനുസരിച്ച് അവരോട് പെരുമാറുകയും വേണം. ഈ വിചാരം ജനങ്ങളിൽ വരുത്താതെ പേരു മാറ്റിക്കൊണ്ടിരുന്നാൽ അത് കാലാകാലം തുടരാം എന്ന് മാത്രം. 

ഇങ്ങ് കേരളത്തിൽ വന്നാൽ പറയാവുന്ന ഉദാഹരണമാണ് കഞ്ഞിയുടേത്. ഒരു കാലത്ത് എല്ലാവരും നിത്യം കഴിച്ചിരുന്ന വിഭവം ദാരിദ്ര്യത്തിന്റെ പര്യായമായി മാറി. കുറച്ച് വർഷങ്ങൾക്ക് മുമ്പെ, ഒരു ചലച്ചിത്രത്തിൽ കഞ്ഞി വേണോ എന്ന് ചോദിക്കുന്ന രംഗം വ്യാപകമായി പരിഹസിക്കപ്പെട്ടത് ഓർക്കുക. ബിരിയാണി വേണോ എന്നു ചോദിച്ചിരുന്നെങ്കിൽ പ്രശ്നമില്ല. ഉപയോഗിക്കാതെ നഷ്ടപ്പെടുന്ന വാക്കുകൾ ഉണ്ട്, എന്നാൽ പരിഹസിക്കപ്പെടുന്ന വാക്കുകളുടെ കാര്യമോ? ഈയടുത്ത് മറ്റൊരു ചിത്രത്തിൽ കോളനി എന്ന വാക്ക് മോശമായി ഉപയോഗിച്ചിരുന്നു. 

കഴിഞ്ഞ ദിവസം, സർക്കാർ പട്ടികജാതിക്കാർ താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുന്നു. ഊര്, കോളനി, സങ്കേതം എന്നീ വാക്കുകൾ മാറ്റി പകരം നഗർ, ഉന്നതി, പ്രകൃതി എന്നിങ്ങനെ ആക്കണം പോലും. നിലവിലുള്ള പേരുകൾ അവമതിപ്പ് ഉണ്ടാക്കുന്നു എന്ന് പറഞ്ഞിട്ടാണ് ഈ തൊലിപ്പുറത്തെ ചികിത്സ. കോളനി എങ്ങനെ അവമതിപ്പ് ഉണ്ടാക്കുന്ന വാക്കായി മാറി? ഒരു കോളനിയിൽ പോയി നോക്കിയാൽ അറിയാം. ഒരു പരിഷ്കാരമോ, വെടിപ്പോ, സൌകര്യമോ കൊടുക്കാതെ, പാവങ്ങളെ തള്ളിക്കയറ്റി താമസിപ്പിക്കുന്ന ഇടങ്ങളാണവ. സർക്കാർ തന്നെയാണ് അവരെ അവിടെ കുടിയിരുത്തിയത്. 


ഒരു വിദ്യാലയമോ, ചികിത്സാലയമോ നല്ല രീതിയിൽ ഇല്ലാത്ത, പുറത്തു നിന്നു ഒരാൾക്കു വരാൻ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥലം സമൂഹത്തിൽ പരിഹസിക്കപ്പെടുന്നുണ്ടെങ്കിൽ അത് ആരുടെ പരാജയമാണ്?  സ്വാതന്ത്ര്യം കിട്ടി ഇത്ര വർഷത്തിന് ശേഷവും ഒരു ജനത പൊതു ലോകത്തിന് പുറത്ത് നിൽക്കുന്നെങ്കിൽ ആരുടെ കുറ്റമാണ്? കേരളം ഉണ്ടായ കാലം മുതൽ ഇന്നുവരെ പട്ടികജാതി പട്ടികവർഗ്ഗങ്ങൾക്ക് വേണ്ടി ചിലവാക്കിയ മൊത്തം തുക കണക്കാക്കി, ഇപ്പോൾ ഉള്ള അവരുടെ ജനസംഖ്യയോട് ഹരിച്ചാൽ ഒരു പട്ടികജാതിക്കാരന് എത്ര തുക ലഭിക്കും എന്ന് മനസ്സിലാകും. അത്ര ഗുണം അവർക്ക് കിട്ടിയിട്ടുണ്ടോ? എന്തുകൊണ്ട് കിട്ടിയിട്ടില്ല? 

സമൂഹത്തിൽ ഇവർക്ക് ഗുണകരമായ മാറ്റം ഉണ്ടാവണമെങ്കിൽ, ഇവരുടെ വാസസ്ഥലങ്ങളോടുള്ള പൊതുജനങ്ങളുടെ അവമതിപ്പ് ഒഴിവാക്കണമെങ്കിൽ, ആ സ്ഥലങ്ങൾ നല്ല രീതിയിൽ പരിപാലിക്കപ്പെടണം. എല്ലാ സൗകര്യങ്ങളും അവിടെ ലഭ്യമാക്കണം. അവിടങ്ങളിലുള്ള താമസക്കാർക്ക് പുറം ലോകവുമായും തിരിച്ചും ബന്ധപ്പെടാനും, ചൂഷണം ഭയക്കാതെ വ്യാപാര വിനിമയം നടത്താനും, കാലക്രമേണ പൊതുധാരയിൽ അലിഞ്ഞു ചേരാനും ഉള്ള സാഹചര്യം ഉണ്ടാക്കിയെടുക്കണം. അല്ലെങ്കിൽ നിങ്ങൾക്ക് എല്ലാ പത്തുകൊല്ലവും പേരുമാറ്റി കളിക്കാം. കാൽക്കാശോ കഴഞ്ച് ബുദ്ധിയോ ചെലവാക്കേണ്ടല്ലോ. 


Tuesday, May 28, 2024

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത- ഒരു വടക്കൻ ആസ്വാദനം


ബായിച ബാഷ പയ്യന്നൂര് സെയ്ഡിലെയാ. ഞമ്മളേതുവായിറ്റ് ബെല്യ ബിത്യാസൊന്നുല്ല. ഞമ്മളത് ഈടെ തൽശേരിയാ. ഏടെയെല്ലോ ലേശം മാറ്റൊണ്ട്. അയെല്ലം നന്നായിനപ്പാ. ഓറ് നന്നായിറ്റ് എഴ്തീന്. ആദ്യായിറ്റല്ലേ. കദയല്ലാണ്ട് ബേറെ എന്ദെല്ലോ എഴ്തീറ്റ്ണ്ട് പോലൂം. ഈല് രണ്ട് പെണ്ണ്ങ്ങള കദയാ പറെയ്ന്ന്. ചെറ്പ്പത്തില് ഞമ്മള അങ്ങട്ടേലെല്ലുള്ള ഓരോ ഏച്ചിമാറപ്പോലന്നെണ്ട്. 

പിള്ളറാവുമ്പന്തന്നെ ഈലെ കല്യാണീം ദാക്ഷാണീം ഉസ്കൂള്ളെ മാഷ നല്ലോണം ചീത്തേം ബിളിച്ചിറ്റ് കീഞ്ഞ് ബന്ന്വളയും. ഓറ് രണ്ടാളും ബയന്ഗര കൂട്ടാ. പിന്നെ ബെൽദായപ്പം ഓറെ കല്യാണോം, ബയ്യെ കച്ചറേം, അദ്വന്ന്യാപ്പാ കദ. അയില് പിന്നെ കൊറച്ച് പയേ പുരാണോം രാഷ്റ്റ്രീയോം പ്രേതോം ബർത്താനം പറേന്ന പയ്യൂം കൊറേ ഇക്ക്ളീം. 

ശെരിക്കും ബേറൊര്ത്തി കദ പറയ്ന്നായിറ്റാ കാണിക്ക്ന്ന്. ഓള് പടിച്ച് പണിയൊക്കെയ്ള്ള കുട്ടിയാപ്പാ. ഓള് ഓനുവായിറ്റ് കലമ്പി ന്ക്കുമ്പം
ബീട്ട്കാര് ഡോട്ടറെ കാണിക്ക്ന്നേം, ഓളെ കദ ഇവറ കദയായിറ്റ് പറയ്ന്നേ ആന്നേ ശെരിക്കും. ഓള് പറേന്ന്യായോണ്ട് നടന്ന പോല്യൊന്നും അല്ല പറയ്ന്ന്. പഴേ കദയെല്ലം പോല മരിച്ചവര് ബരുന്നേം, പശുക്കള് ബല്യ ബർത്താനം പറേന്നേം, എന്ദെല്ലോ ഉണ്ടപ്പാ. ഒരാള കദ ബേറ്യാള് ഓറ ആവിശ്യത്തിനായിറ്റ് പറേമ്പോ മാറ്വല്ലോ? 

ബായിച്ച് കയിഞ്ഞാ തോന്നുവ, പെണ്ണുങ്ങള കാരിയം ഇപ്പോം ബിത്യാസൊന്നുവില്ലാന്നെന്യാ. എല്ലം സയിച്ച് നിക്കണം, എല്ലാറും പറേന്ന കേക്കണം, ആമ്പ്ള്ളറ പെറണം, ബീട്ടിലായാലും, മങ്ങലം കയിച്ച് കൊണ്ടോയ പൊരേലായാലും. അത് കദ പറയിന്ന ഓളായാലും, ഏദ് കല്യാണ്യായാലും ദാക്ഷാണ്യായാലും. 

എന്നാലും ഈലെ പെണ്ണുങ്ങളേല്ലം ഈനോടെല്ലം ഓർക്ക് പറ്റുമ്പോലെ പ്രതികരിക്ക്ന്ന്ണ്ടേ. ബേറ ബേറ ബയിക്കാന്നേ ഇള്ളൂ. ചെല ബർത്താക്കമ്മാറ് കൊറേ മനസ്സിലാക്കുന്നൂ ഉണ്ട്. ഓറും ഓറെ കൂട്ടറ് പറയ്ന്ന കേട്ടിറ്റ് ഒയന്ന് നടക്ക്വല്ലേ? 

തെക്കമ്മാറെ ബെല്ലാണ്ട് പറഞ്ഞ് കളഞ്ഞിനപ്പാ. ഓറ് അത്തറ മോശക്കാറാ? എനക്കറീലേ. കൂടിപ്പോയീന്നാ എനക്ക് തോന്ന്യേ. എനി എന്നെ കൊള്ള എല്ലാറും കൂട പാഞ്ഞും ബരണ്ട. ദാക്ഷാണി ആഡ പോയിറ്റ് ഓളെ ഓറെല്ലം കൂടെ എഡങ്ങേറാക്കിക്കളിയും. പിരാന്ത് പിടിപ്പിക്കും. ഞമ്മളേം ഓറേം രീതിയെല്ലം മാറ്റാന്ന് നന്നായിറ്റന്നെ കാണിച്ചിനേ. 

അദേപോലെ ആണ്ങ്ങളും പെണ്ണുങ്ങളും തമ്മിലെ എഡപാഡെല്ലം കദേല് ബെര്ന്നണ്ടേ. എനക്ക് തോന്നീന് അതെല്ലം പറയുമ്മം ഞമ്മള് ബടക്കമ്മാറ രണ്ട് സംബവം, പൊയ്ത്തും മന്ത്രോം, ചെയ്യ്ന്ന പോലെയാ പറഞ്ഞിനേ. തെക്കമ്മാറത് പറയുമ്പ കൊയ്ത്തും. 

തൊടരെ ഫേസ്ബുക്കിലാറ്റോ ഇട്ട കദ, അപ്പാടന്നെ ബുക്കായിറ്റ് എറക്കിയതാ പോലും. അയിന്റെയായിരിക്കും ഒരു വൌസ് കൊറവ് ഏട്യെല്ലോ തോന്നീന്. ഒരു മുറുക്കം ബെരാന്ണ്ട്. ക്ണ്ണത്തപ്പം മുറുക്ന്നേന് മുന്നേ എട്ത്ത പോല. 


Friday, March 22, 2024

കറുപ്പിനഴക്, നമുക്കു ബോധിച്ചാൽ മാത്രം...

 അങ്ങനെ നമ്മുടെ ഭൂമി മലയാളത്തിൽ കറുപ്പു കണ്ടാൽ കയറു പൊട്ടിക്കുന്ന രണ്ടു ജന്തുക്കൾ ഉണ്ടെന്ന് കണ്ടെത്തി. കറുത്ത വസ്ത്രമോ, കുടയോ, എന്തിന് കറുത്ത മാസ്ക് കണ്ടാൽ പോലും ശുണ്ഠി മൂക്കുന്ന ഒരുത്തനും, കറുത്തവർ നൃത്തമാടുന്നത് കണ്ടാൽ കലി കേറുന്ന ഒരുത്തിയും. എന്നാൽ എപ്പോഴത്തേയും പോലെ, ഇവിടെയും രണ്ടാണ് മലയാളിയുടെ നീതിബോധം. 

ഒരാളെ ജനമൊട്ടാകെ ഒത്തു ചേർന്നു സമൂഹ മാധ്യമങ്ങളിലും, വാർത്താ മാധ്യമങ്ങളിലും തകർത്തെറിയുകയാണ്. അവർ അത് അർഹിക്കുന്നുമുണ്ട്. എന്നാൽ രണ്ടാമത്തെ മഹാനുഭാവനെ കേരള ജനത കയറൂരി വിട്ടിരിക്കുകയാണ്. അങ്ങുന്നുമിങ്ങുന്നും ചില പരിഹാസച്ചിരികൾ കേൾക്കാറുണ്ടെങ്കിലും, പൊതുവേ എന്തിനുമേതിനും കമന്റ് ബോക്സിൽ ആർത്തട്ടഹസിക്കുന്ന പൊതുജനം കമാന്നുരിയാടിയില്ല. എന്തെങ്കിലും കാണിക്കട്ടെ, നമ്മളൊന്നിനുമില്ല, എന്നാണ് പ്രബുദ്ധ ജനതയുടെ പൊതുബോധം അവറ്റകളോട് ഓതുന്നത്. 

ഈ പ്രബുദ്ധതയുടെ ഒരു പ്രത്യേകത ഇതാണ്. ആവശ്യമുള്ള സമയത്ത് തികട്ടി വരും, അല്ലാത്ത സമയത്ത് അടക്കിവെക്കും. ഈയടുത്ത് വയനാട്ടിലെ ഒരു കോളേജിൽ കുറേ 'കുട്ടികൾ' സംഘം ചേർന്ന് കൂട്ടത്തിലൊരുവനെ തല്ലിക്കൊന്നു. രക്ഷാപ്രവർത്തനം നടത്തി എന്ന് പറയേണം എന്നാണല്ലോ നമ്മളെ പറഞ്ഞു പഠിപ്പിച്ചത്. ആ സംഭവമാണോ അതോ തലയ്ക്ക് വെളിവില്ലാത്ത ഈ കിഴവി നടത്തിയ ജല്പനമാണോ ഇവിടെ കൂടുതൽ ചർച്ചയായത്? 

ഇവിടെ ഒരു കലാകാരൻ ഇടി കിട്ടിയ വിഷമത്തിൽ (രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്) തൂങ്ങി മരിച്ചു. ഇവിടെ കിടന്നു കുത്തി മറിഞ്ഞു, പോസ്റ്റിട്ട്, കമന്റിട്ട്, ആറാടുന്ന എത്രയെണ്ണം അന്ന് പ്രതികരിച്ചു? ഇത് വായിക്കാൻ മാത്രം ഭാഗ്യദോഷം വന്നുപെട്ട എന്റെ വായനക്കാരാ, നീയൊന്ന് മനസ്സിലെ പ്രതികരിക്കാനുള്ള ആ ത്വര അടക്കിവെച്ച് സമാധാനപരമായി ആലോചിച്ച് നോക്കൂ, നിന്റെ പ്രതികരണങ്ങളുടെ തോത് നീതിപൂർവമായാണോ നീ നിരത്തുന്നത് എന്ന്. മാനം നഷ്ടപ്പെട്ടവനു വേണ്ടി കരയുന്നത്രയെങ്കിലും ജീവൻ നഷ്ടപ്പെട്ടവനായി നീ കണ്ണീർ നീക്കി വെക്കുമോ? അത്രയെങ്കിലും നീതിബോധം നിനക്ക് കാട്ടാനാകുമെങ്കിൽ നീ പ്രബുദ്ധതയുടെ സമീപത്തേക്ക് നീങ്ങുകയാണ് എന്ന് പറയാം. 

ഇനി നീ പണ്ടൊരിക്കൽ ഒരു കറുത്തവനെ അപഹസിച്ച് ചവിട്ടിത്തേച്ച കഥ കൂടി കേൾപ്പിക്കാം. ഇന്നു നീ കറുപ്പിന്റെ മാനം കാക്കാൻ ഉറഞ്ഞു തുള്ളുന്നതു കാണുമ്പോൾ, എനിക്കു തോന്നുന്നത് നിന്റെയും നിന്റെ സാംസ്കാരിക നായികാനായകന്മാരുടേയും മുഖത്ത് കാർക്കിച്ചു തുപ്പാനാണ്. രണ്ടായിരത്തി പതിനേഴിൽ നമ്മുടെ മലയാള സംസ്കാരത്തിന് അടിത്തറ പാകിയ പ്രമുഖ പത്രം അടിച്ചിറക്കിയ ഈ കാർട്ടൂൺ ഒന്ന് കാണൂ. 

ഇതിനെതിരെ ഒരക്ഷരം മിണ്ടിയില്ല എന്നത്പോട്ടെ, നീചമായ ഇതിനെ ആഘോഷിച്ച പ്രബുദ്ധരാണ് നീയൊക്കെ. ബോഡി ഷെയ്മിങ്ങിനെതിരെയും പൊളിറ്റിക്കൽ കരക്ട്നസ്സിന് വേണ്ടിയുമുള്ള നിന്റെ പ്രബോധനങ്ങളുടെ യുക്തിരാഹിത്യവും അധമത്വവും പൊളിച്ചു കാട്ടുകയാണ് ഈ കാർട്ടൂൺ. ഇതൊക്കെ കൊണ്ടാടിയ നീ കറുപ്പിന്റെ അഴകിനെ പ്രകീർത്തിക്കുന്നത് കാണുമ്പോൾ പഴുത്ത് ചലം കെട്ടിയ പുണ്ണ് പഴന്തുണി കൊണ്ടു പൊത്തി വെച്ചതാണ് ഞാൻ കാണുന്നത്.