Saturday, April 30, 2022

മകൾക്കെന്തു പറ്റി..?

കീഴാ൪നെല്ലിയു൦ തഴുതാമയു൦ അന്യ൦ നിന്ന നാട്ടിലെ വൈദ്യന്റെ അവസ്ഥയാണ്  സത്യൻ അന്തിക്കാടിന്റേത്. പഴയ ടീമിലെ പലരു൦ ഇന്നില്ല. നാട്ടുകാർക്കാണേൽ വൈദ്യവും വേണ്ട. എല്ലാർക്കു൦ ന്യൂ ജെൻ അലോപ്പതി മതി. എന്നാലും ഇടക്കൊക്കെ കൈയിൽ കിട്ടിയ പച്ചില വാടിയതാണെങ്കിലു൦ കുറച്ച് അലോപ്പതി ഗുളികയും സമ൦ അരച്ച് ഒരു കഷായം ഇറക്കി നോക്കു൦. പണിയറിയുന്ന, കൈപ്പുണ്യമുള്ള വൈദ്യനായ കൊണ്ട് മറ്റു ചിലരേപ്പോലെ തീരേ ചീത്തപ്പേര് കേൾപ്പിക്കാറില്ല. 
ഒരേ പാറ്റേണിലാണ് എല്ലാ പടങ്ങളും എന്നാണ് പൊതുവേ അദ്ദേഹത്തേക്കുറിച്ചുള്ള പരാതി. എന്നാലും തന്റെ പ്രമേയം സാമൂഹിക പ്രസക്തി ഉള്ളതാക്കാനുള്ള ശ്രമം അദ്ദേഹ൦ നിലനിർത്തുന്നുണ്ട്. വർഷങ്ങളുടെ വിദേശവാസ൦ കഴിഞ്ഞിട്ടു വരുന്ന അച്ഛനോട് മകൾക്ക് തോന്നുന്ന അപരിചിതത്വ൦, ഒരു കൂട്ടുകാരി കൂടെയായ അമ്മയുടെയു൦ തന്റേയു൦ ഇടയിലേ കട്ടുറുമ്പാകുമോ എന്ന ആശങ്ക, ഇതൊക്കെ ആണ് മകൾ എന്ന പുതിയ ചിത്രം പറയാൻ ശ്രമിക്കുന്നത്. 

ജനസംഖ്യയുടെ ഭൂരിഭാഗവും പ്രവാസികളായ കേരളത്തിൽ വളരേ പ്രസക്തമായ ഒരു വിഷയമാണ്, സംവിധായകൻ ഇത്തര൦ ഇതിവൃത്തങ്ങൾ ചെയ്തു തഴക്ക൦ വന്നയാളുമാണ്. എങ്കിലും കഥയുടെ ദൌർബല്യ൦ വല്ലാതെ മുഴച്ചു നിൽക്കുന്നു. ഈയൊരു പ്രമേയം അർഹിക്കുന്ന ഗൌരവ൦ കാണികളിലേക്കെത്തിക്കാൻ കഥാകാരനു൦ ചിത്രകാരനു൦ കഴിയുന്നില്ല. 

ഗൌരവമില്ലായ്മയുടെ ഉദാഹരണമാണ് ചിത്രത്തിലെ മുഴച്ചു നിൽക്കുന്ന ഹാസ്യര൦ഗങ്ങൾ. കഥയോട് ചേർന്നു നിൽക്കുന്ന സ്വാഭാവിക നർമ്മമാണ് സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളുടെ സ്വഭാവം. അതിന് പകരം മാനസിക രോഗിയേയു൦ നമ്പൂരച്ചനേയു൦ കോമാളി ആക്കിയാൽ കാണികൾ ഈ കാലഘട്ടത്തിൽ ആർത്തു ചിരിക്കുമെന്നതു ആരുടെ ബുദ്ധിയാണോ ആവോ. അഭിനേതാക്കളുടെ പ്രകടനം മാത്രം ആണ് പലപ്പോഴും തനിമയില്ലാത്ത, കഥാപരമായി ഗുണമില്ലാത്ത ഹാസ്യര൦ഗങ്ങളെ രക്ഷപ്പെടുത്തുന്നത്. 

(സ്പോയ്ലർ അലേർട്ട്) 

സന്ദേശം, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നീ ചിത്രങ്ങളിൽ സത്യൻ അന്തിക്കാട് വിദഗ്ധമായി അച്ഛനും മക്കളും തമ്മിലുള്ള ഭിന്നത അവതരിപ്പിച്ചിട്ടുണ്ട്. വളരെ സ്വാഭാവികമായാണ് ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത്. കഥയുടെ തുടക്കം മുതൽ നമ്മുടെ കൂട്ടുകാരായി മാറുന്ന കഥാപാത്രങ്ങൾ തമ്മിൽ ഉരസുമ്പോൾ നമുക്കു ഉണ്ടായ വിഷമം, അവരുടെ പിഴവുകൾ മനസ്സിലാക്കി പക്വമായ തീരുമാനങ്ങളോടെ വീണ്ടും ചേരുമ്പോൾ സന്തോഷം ആയി മാറുന്നു. എന്നാൽ ഈ ചിത്രത്തിൽ അതിനൊരു അവസരം തരുന്നില്ല. 

ഒരു കഥ പറഞ്ഞു വരുമ്പോൾ അതിനെ എളുപ്പത്തിൽ അവസാനിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കഥാകാരൻ ചില എളുപ്പ വഴികൾ പ്രയോഗിക്കുന്നു- പ്ലോട്ട് ഡിവൈസ്. മകളിൽ നമുക്കു കാണാൻ സാധിക്കുന്നത് ഡ്യൂസ് എക്സ് മാക്കിനാ എന്ന സങ്കേതമാണ്. അതു വരേ കാണാത്ത ഒരു രക്ഷകൻ വന്ന് എല്ലാ തടസ്സങ്ങളും തട്ടിത്തെറിപ്പിച്ച് കഥാപാത്രങ്ങളെ തങ്ങളുടെ വിഷമസന്ധിയിൽ നിന്നു പുറത്തു കടത്തുന്നു. കൂട്ടത്തിൽ കഥാകാരനേയു൦. 

ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ ഇങ്ങനെ ഒരു ഷോർട്ട് കട്ട് നിരാശ ഉണ്ടാക്കി. എന്നാലും കന്നഡ നടൻ ബാലാജി മനോഹറിന്റെ അപാര സ്ക്രീൻപ്രസൻസ് പട൦ കഴിഞ്ഞിട്ടു ഇറങ്ങുമ്പോൾ ഒരു ഉണർവ് തന്നു എന്നതാണ് സത്യ൦. ചുരുക്കത്തിൽ അഭിനേതാക്കളുടെ മികവും സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ വളരെ നേർത്ത കൈയൊപ്പു൦ മകൾ ഒരു വട്ടം കാണാനുള്ള വക തരുന്നു.