Monday, September 1, 2025

എണ്ണക്കച്ചോടം

രണ്ട് ദോശ ലേശം ചമ്മന്തി കൂട്ടി കഴിച്ച ശേഷം, കൈകഴുകി ശങ്കരൻ നമ്പൂതിരി ഉമ്മറത്ത് വന്നു. രാവിലെ മകന്റെ മകൾ കിയാര ഇട്ട പൂക്കളം ഒന്ന് നോക്കി. പൂവെല്ലാം പുറത്ത് നിന്ന് വാങ്ങിയത്. തുമ്പയോ അരിപ്പൂവോ ഒന്നും പറമ്പത്തെവിടെയുമില്ല. 

"കലികാലം." മുറുമുറുത്ത് കൊണ്ട് അയാൾ മുണ്ടൊന്ന് മുറുക്കി മുറ്റത്തേക്കിറങ്ങി. 

"അതേ," ഉച്ചത്തിൽ അകത്തേക്ക് നോക്കി വിളിച്ചു. "ആ എണ്ണക്കുപ്പി എടുത്തോളൂ. കാദറിന്റെ മില്ല് തുറന്നുണ്ടാവും."

അതേ വിളികേട്ട് പുറത്തു വന്നു. കൂടെ കിയാര മോളും. കിളികൂജനം പോലൊരു പേര്. ആദ്യം ഇഷ്ടമില്ലാതിരുന്നു. വിളിച്ചു വിളിച്ചു ഇപ്പോൾ കുഴപ്പമില്ല. അതേയുടെ അഥവാ സുമതി അന്തർജ്ജനത്തിന്റെ കൈയിൽ ഒരു ഒഴിഞ്ഞ കുപ്പി. നമ്പൂതിരി അത് വാങ്ങിച്ചു. 

അങ്ങാടിയിൽ വെളിച്ചെണ്ണ ആട്ടുന്ന മില്ലുണ്ട്. പണ്ട് ഇല്ലത്തെ തെങ്ങിലെ തേങ്ങ മാത്രം മതി അതു നിർത്താതെ ഓടാൻ. ഇപ്പോൾ പേരിന് നാല് തെങ്ങ്. തേങ്ങയിടാൻ കൊടുക്കുന്ന കൂലി മാത്രം മതി ഒരു മാസത്തെ പലവ്യഞ്ജനം വാങ്ങാൻ. ഒരു തവണ മകൻ നാട്ടിൽ വന്നപ്പോൾ ഇനി തേങ്ങ ഇടാൻ ആളെ വിളിക്കേണ്ട എന്ന് പറഞ്ഞു. ഭൂഗുരുത്വബലം ഉള്ളപ്പോൾ വെറുതെ കാശ് കൊടുക്കണോ എന്ന് ചോദിച്ചു. ശരിയാണല്ലോ? 

ഇപ്പോൾ മില്ലിൽ തമിഴ് നാട്ടിൽ നിന്ന് വലിയ ലോറിയിൽ തേങ്ങ വരും. സിഐടിയുക്കാർ ഇറക്കും. ബംഗാളികൾ ഡ്രൈയറിൽ ഉണക്കി മില്ലിൽ ആട്ടും. ചെറിയ ലെവലിൽ ഒരു ദേശീയോദ്ഗ്രഥനം. മുമ്പെ കാദർ ഒറ്റയ്ക്ക് തേങ്ങ കൊണ്ട് വന്ന്, വെട്ടിയുണക്കി, ആട്ടി, വിൽപ്പനയും നടത്താറായിരുന്നു. പ്രായമായപ്പോൾ അധ്വാനം നിർത്തി, മില്ലിന് മുന്നിൽ ഒരു കസേരയിട്ട് ഇരിക്കും, മകൻ എല്ലാ കാര്യവും നോക്കും. 

ചില്ലറ വിൽപ്പന മകന് താത്പര്യമില്ലാത്ത കാര്യമാണ്. എണ്ണ അയാൾ വേറെ കച്ചവടക്കാർക്കു കൊടുക്കും. ചിലർ പലഹാരമുണ്ടാക്കും, ചിലർ കുഴമ്പും. വേറെ ചിലർ മറ്റ് പലതും ചേർത്ത് ബോട്ടിൽ എണ്ണയാക്കി വില കൂട്ടി വിൽക്കും എന്നും കേട്ടിട്ടുണ്ട്. ചുരുക്കത്തിൽ വലിയ കച്ചവടമാണ് മകന് താത്പര്യം. ഉപ്പയുടെ നിർബന്ധം കൊണ്ട് മാത്രം കുറച്ച് ചില്ലറയായി കൊടുക്കും. 

മില്ലിന് മുന്നിൽ കാദറിന്റെ മകൻ നിൽപ്പുണ്ട്. നമ്പൂതിരിയെ കണ്ടപ്പോൾ ഒന്ന് തലകുലുക്കി പരിചയം കാണിച്ചു. "വില വീണ്ടും കൂടിയല്ലേ?" നമ്പൂതിരി ചോദിച്ചു. 

"എന്ത് കാര്യം മാഷേ? ഇപ്പ ഓട്ടല്കാറൊന്നും ബാങ്ങ്ന്നില്ല. എല്ലാറും ബെല കൊറഞ്ഞ, കലർപ്പ്ള്ളത് മതീന്ന് പറേന്ന്."

"നിനക്ക് അത് കൊടുത്തുകൂടെ?"

"ഇങ്ങളിത്! ഉപ്പ കേക്കണ്ട. എടങ്ങേറാക്കും."

നമ്പൂതിരി കുപ്പി കൊടുത്ത്, കാദറിനെ കാണാൻ അകത്തേക്കു കടന്നു. അയാൾ തന്റെ മരക്കസേരയിൽ ഇരിപ്പുണ്ട്. 

"നമ്പൂരിശ്ശാ, എന്തേ?"

"നിന്റെ മില്ലിൽ എണ്ണ വാങ്ങാനല്ലാതെ ഞാൻ സിനിമ കാണാൻ വരുമോ കാദറേ?"

"ഇങ്ങക്ക് എന്തിനാ ഞമ്മളെ എണ്ണ?"

"വില കൂടിയാലും ഇവിടുന്ന് നല്ല എണ്ണ വാങ്ങുന്നതല്ലേ നല്ലത്?"

"ഇങ്ങളും തൊടങ്ങീനില്ലേ എണ്ണക്കച്ചോടം? പെര്ത്ത് ഉണ്ടാക്കുന്നതെല്ലം അറിഞ്ഞിന്."

"നിനക്ക് വട്ടു പിടിച്ചോ? ഞാനോ? കച്ചവടമോ?"

"പേപ്പറിലുണ്ട്. ഇന്ത്യേലെ ബ്രാമ്മണന്മാരെല്ലം എണ്ണക്കച്ചോടം നടത്തി പെരുത്ത് കായി ഉണ്ടാക്ക്ന്ന്ണ്ട് ന്ന്."

കാദർ കൈയിലുണ്ടായിരുന്ന പത്രം അയാൾക്ക് നേരെ നീട്ടി. വാർത്ത കണ്ട് പൊട്ടിച്ചിരിച്ച് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന നമ്പൂരിശ്ശന്റെ കൂടെ കാദറും കൂടി. 








Saturday, August 16, 2025

പീറ്റേഴ്സ്ബർഗിനെ കുറിച്ച്: മയകോവ്സ്കി (തർജ്ജമ)


മേൽക്കൂരപ്പൈപ്പുകളിലൂടെ ചോരുന്ന മിഴിനീർ
*നേവയുടെ കൈയിലേക്ക് വരകൾ കോറുമ്പോൾ, 
മാനത്ത് തൂങ്ങിക്കിടക്കുന്ന ചുണ്ടുകൾ
കല്ലിൻ മുലഞെട്ടുകൾ വലിച്ചുകുടിച്ചുകൊണ്ടിരുന്നു. 

സ്വസ്ഥമായി ആകാശം വ്യക്തമായ് കണ്ടു
കടലിൻ സമുജ്ജ്വലമായ ചാലിലൂടെ, 
വിയർത്തു തളർന്നൊരു ഒട്ടകക്കാരൻ
നേവയുടെ മടിയനായ ഇരട്ടക്കൂനനെ മേയ്ക്കുന്നു.


*നേവ- നേവാ നദി


മയകോവ്സ്കിയുടെ About Petersburg എന്ന കവിതയുടെ മലയാള തർജ്ജമ. സെന്റ് പീറ്റേഴ്സ്ബർഗിന്റെ രണ്ട് അവസ്ഥകളെ വളരെ ഭ്രമാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. നഗര വ്യവസ്ഥിതിയുടെ ജീർണ്ണാവസ്ഥയും, നഗരവാസികളുടെ അതിജീവനവും സർറിയലിസ്റ്റ് ബിംബങ്ങളിലൂടെ ആവാഹിച്ചിരിക്കുന്നു. അവജ്ഞയും ആരാധനയും ഒരേ കവിതയിൽ, ചിലപ്പോൾ ഒരേ ബിംബങ്ങളിൽ പ്രതിഫലിപ്പിക്കുന്നത് കവിതയുടെ പ്രത്യേകതയായി തോന്നുന്നു. പീറ്റേഴ്സ്ബർഗിന്റെയും നേവാനദിയുടേയും ഒരു വിഹഗവീക്ഷണം (aerial view) കവിത പ്രദാനം ചെയ്യുന്നു. 




Friday, August 1, 2025

അവന്റെ താരിഫുകൾ


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പട്ടിക്ക് പൊതിക്കാ തേങ്ങാ കിട്ടിയ മട്ടിൽ ഓടി നടക്കുന്നത് കാണുന്നുണ്ടോ? വ്യാപാര കരാറുകൾ നടത്തും എന്ന് പറഞ്ഞ് എല്ലായിടത്തും പ്രസംഗിച്ചു നടക്കുന്നു, എല്ലാ തല്ലുകൂടലിലും തലയിട്ട് മദ്ധ്യസ്ഥം പറയുന്നു, ലോകത്തില്ലാത്ത താരിഫുകൾ പ്രഖ്യാപിക്കുന്നു, അതിനു ശേഷം തീയതി മാറ്റുന്നു, ആകപ്പാടെ ബഹളമയം. ഭരണത്തിൽ വരുന്നതിന് മുന്നേ ഉക്രൈൻ പ്രശ്നവും ഹമാസ് ഇടപാടും ഇരുപത്തിനാലു മണിക്കൂറിൽ, വിത്തിൻ റ്റ്വൻറ്റി ഫോർ അവർസ്, പരിഹരിക്കും എന്നു പറഞ്ഞിട്ട് മാസം ആറു കഴിഞ്ഞു. ഇന്ത്യാ-പാക് പ്രശ്നത്തിൽ കഴിയാവുന്നത്ര ചെളിവാരിയെറിയാൻ നോക്കി. ഇസ്രായേൽ പ്രസിഡന്റിനെ പച്ചത്തെറി വിളിച്ചു. ചുരുക്കത്തിൽ അരക്കിറുക്കൻ എന്ന് പേര് കേൾപ്പിച്ചു. 

ഇതെന്താ ഇങ്ങനെ? ഉത്തരം നോക്കി പോയാൽ എത്തുക അയാളുടെ സാമ്പത്തിക ഉപദേഷ്ടക കൌൺസിലിന്റെ ചെയർമാൻ സ്റ്റീഫൻ മിരാൻ എന്ന മാന്യദേഹത്തിന്റെ പക്കലാണ്. മിരാൻ കഴിഞ്ഞ വർഷം, അതായത് ട്രംപ് പ്രസിഡന്റ് ആകുന്നതിന് തൊട്ടു മുൻപ്, ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 'ആഗോള വ്യാപാര സംവിധാനം പുനഃക്രമീരിക്കാൻ ഒരു മാർഗരേഖ' (A User's Guide to Restructuring the Global Trading System*) എന്നായിരുന്നു അതിന്റെ പേര്. അമേരിക്കൻ സാമ്പത്തിക വ്യവസ്ഥ എത്തിയിരിക്കുന്ന അതിഭീമമായ കടക്കെണിയിൽ നിന്നും പുറത്തു കടക്കാനുള്ള മാർഗ്ഗം. 

താരിഫുകളും കറൻസിയുടെ മൂല്യക്രമീകരണവും ഉപയോഗിച്ച് ഇപ്പോഴത്തെ ഡോളറിന്റെ അനിയന്ത്രിതമായ മൂല്യ വർദ്ധനയും ഒപ്പം തന്നെ വർദ്ധിക്കുന്ന കടബാധ്യതയും കുറയ്ക്കാൻ ആണ് മിരാൻ പറയുന്നത്. താരിഫുകൾ നടപ്പിലാക്കുന്നതിനെ കുറിച്ച് തുടർന്ന് പറയുന്നു:

Tariffs will likely be implemented in a manner deeply intertwined with national security concerns... (ദേശീയ സുരക്ഷാ ആശങ്കകളുമായി ആഴത്തിൽ ഇഴചേർന്ന രീതിയിലായിരിക്കും താരിഫുകൾ നടപ്പിലാക്കുക.) 

അതുകൊണ്ട് ആണ് എല്ലാ താരിഫ് പുനഃക്രമീകരണവും യുദ്ധങ്ങൾ, കലഹങ്ങൾ, ആയുധങ്ങൾ എന്നിവയൊക്കെ ആയി ബന്ധപ്പെടുത്തി പറഞ്ഞു വരുന്നത്. യുഎസ് കൊടുക്കുന്ന സുരക്ഷ ഉപയോഗിക്കുന്ന രാജ്യങ്ങൾ എന്ത് താരിഫും സ്വീകരിക്കാൻ നിർബന്ധിതരാകും. അല്ലാത്തവരെ ഭീഷണിയും ചെറിയ തല്ലും കൊടുത്ത് അനുസരിപ്പിക്കാം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു എന്ന് പറഞ്ഞാണല്ലോ ഇന്ത്യയ്ക്ക് താരിഫ് വർദ്ധന ഏർപ്പെടുത്തുന്നത്. അപ്പോൾ ജപ്പാന്? അഞ്ചു ശതമാനം വരെ മാത്രം ഉണ്ടായിരുന്ന താരിഫ് ഈ ജൂലൈയിൽ പതിനഞ്ചാക്കി. അപ്പോൾ ഇത് ഇയാൾ ചുമ്മാ പറയുന്നതല്ല. വമ്പൻ പ്രതിസന്ധിയിൽ നിന്ന് കര കയറാനുള്ള അറ്റ കൈ പ്രയോഗമാണ്. 


തിയററ്റിക്കലി പരിപാടി നന്നായിരുന്നു. വിചാരിച്ച പോലെ നടന്നിരുന്നെങ്കിൽ അമേരിക്കൻ പൊതുകടം ലോകത്തിന്റെ മൊത്തം ബാധ്യത ആകുമായിരുന്നു. തങ്ങളുടെ തകർന്നു കിടക്കുന്ന നിർമ്മാണ രംഗം ശരിയാക്കിയെടുക്കാൻ അഞ്ചോ, എട്ടോ കൊല്ലവും കിട്ടിയേനേ. പക്ഷേ, ചിലർ നല്ല വൃത്തിയായി വട്ടം നിന്നു. ബ്രിക്സ് രാജ്യങ്ങൾ. അമേരിക്കൻ മദ്ധ്യസ്ഥശ്രമം റഷ്യ കണക്കിലെടുത്തില്ല. ചൈന തിരിച്ച് കൂടുതൽ താരിഫ് ഏർപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി, ടംഗ്സ്റ്റൺ പോലുള്ള റേർ എർത്ത് ധാതുക്കളുടെ വിനിമയം നിയന്ത്രിച്ചു. ഇന്ത്യ കാര്യമായ പ്രതികരണങ്ങൾ നടത്തിയില്ല, എന്നാൽ മറ്റു ശക്തികളും (ബ്രിട്ടൻ), ആഫ്രിക്കൻ രാജ്യങ്ങളുമായും ഡീലുകൾ നടത്താൻ തുടങ്ങി. ബ്രസീലാകട്ടെ ശക്തമായി പ്രതികരിക്കുകയും, പ്രതിരോധകരമായ നിയമ നിർമ്മാണങ്ങൾ നടത്തുകയും ചെയ്തു. 

മിരാൻ തന്റെ ലേഖനത്തിൽ പലതരം പ്രതികരണങ്ങളും തിരിച്ചടികളും പ്രവചിക്കുകയും, പ്രതിരോധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്ര വലിയ സംഘടിതമായ എതിരിടൽ പ്രതീക്ഷിച്ചിരുന്നില്ല. ലോക ജനസംഖ്യയുടെ വലിയ ഭാഗം വസിക്കുന്ന, ആഗോള ജി ഡി പി യുടെ വലിയ ഭാഗം സംഭാവന ചെയ്യുന്ന ഈ രാജ്യങ്ങൾക്ക് യു എസ്സിന്റെ സാമന്ത രാജ്യങ്ങളുടെ പരോക്ഷ പിന്തുണയും ഉണ്ടെന്നു സംശയിക്കാം. 

സത്യത്തിൽ ഈ പ്രബന്ധവും അതെഴുതിയവനെയും വിശ്വസിച്ച് പടക്കളത്തിൽ ഇറങ്ങിയ ട്രംപ്, തിരിച്ച് കയറാൻ വഴിയില്ലാതെ നട്ടംതിരിയുന്നതാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. ആഗോള പ്രതിരോധ വ്യാപാര പടക്കളത്തിലെ ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിനവ അഭിമന്യു ആണ് ട്രംപ്. വ്യൂഹത്തിൽ കയറാൻ വഴി പറഞ്ഞു കൊടുത്ത് കയറ്റിയ മിരാൻ പുറത്തു കടക്കാൻ സഹായിക്കുമോ? അയാൾക്ക് വഴി അറിയുമോ? അതോ ട്രംപ് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അമേരിക്കൻ രക്ഷകൻ ആകുമോ? 

കാത്തിരുന്നു കാണാം.

* Link to the paper 

Monday, June 30, 2025

ശിവൻകുട്ടിയുടെ സുംബ


ഇന്ന് നാട് നിറയെ സുംബയെ കുറിച്ചുള്ള ചർച്ചകൾ അലയടിക്കുന്നുണ്ടെങ്കിലും ശിവൻകുട്ടി സാറിൻറെ സുംബാ പ്രാവീണ്യം പണ്ടേ അറിയപ്പെടേണ്ടതായിരുന്നു. വർഷങ്ങൾക്കു മുന്നേ കേരള നിയമസഭയിൽ അദ്ദേഹം തൻറെ സ്വന്തം സുംബ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. ഓർമ്മയില്ലേ? മേശയിൽ ചാടി കയറിയുള്ള പ്രകടനം. അത് സുംബയായിരുന്നു എന്ന് അന്ന് തിരിച്ചറിയപ്പെട്ടില്ല. ഇത് കാര്യമായി ശ്രദ്ധിക്കപ്പെടാഞ്ഞത് കേസൊക്കെ തേഞ്ഞുമാഞ്ഞു പോയി എന്നതുകൊണ്ട് ആവാം. ഒരു കമ്മ്യൂണിസ്റ്റ് വൈരുദ്ധ്യാത്മക ഭൗതികവാദ ലൈനിൽ പോയാൽ കോടതിയിൽ തേയും എന്നതിനാൽ ഒരു അദ്വൈത-ആര്യൻ-ആറാം തമ്പുരാൻ സ്റ്റൈലിൽ 'ബ്രഹ്മൻ സത്യം ജഗത് മിഥ്യ' എന്ന സങ്കൽപ്പത്തിൽ നിയമസഭയിൽ നടന്നതെല്ലാം വെറും മായ മാത്രമായിരുന്നു എന്ന് തെളിയിച്ചു കളഞ്ഞത് കൊണ്ടായിരിക്കാം ഈ പ്രകടനം കേരള സാംസ്കാരിക-സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിൽ വേണ്ടത്ര രേഖപ്പെടുത്താതെ പോയത്. 

എന്നാൽ തൻറെ സമയപരിധി തീരാൻ ഏതാനും മാസങ്ങൾ മാത്രമുള്ള ഇപ്പോൾ ശിവൻകുട്ടി തൻറെ സാമർത്ഥ്യം എടുത്ത് വീശിയിരിക്കുകയാണ്. കേരളത്തിലെ എല്ലാ വിദ്യാർത്ഥികളെയും സുംബ പഠിപ്പിക്കും എന്നാണ് ഭീഷണി. നല്ല കാര്യം തന്നെ. കുഞ്ഞുങ്ങൾ ഇത്തിരി ഒക്കെ ചാടിത്തുള്ളി, കുത്തിമറിഞ്ഞ്, ശരീരമൊക്കെ ഇളക്കി അർമാദിക്കട്ടെ. കളിസ്ഥലങ്ങളില്ലാതായ, മൊബൈലിൽ മുങ്ങിത്താണ, കുട്ടിത്തങ്ങൾ ഇങ്ങനെയെങ്കിലും ഒന്ന് ഇളകുന്നത് നല്ലതാണ്. ലഹരിക്ക് എതിരെ എന്ന കാരണം മാത്രം തീരേ ദഹിക്കുന്നില്ല. ഡാൻസ് എന്നു കേട്ടാലേ രണ്ടടിച്ച് തുള്ളാം എന്ന് പരിപാടിയിടുന്ന ഒരു സമൂഹത്തെ സുംബ ചെയ്ത് മുക്തമാക്കാൻ സാധ്യമോ? 

എന്നാൽ ഇത് കേട്ടതും ചിലതൊക്കെ ചാടിയിറങ്ങി എതിർ സ്വരങ്ങൾ കേൾപ്പിക്കാൻ തുടങ്ങി. ഇതെല്ലാം അശ്ലീല പ്രകടനങ്ങൾ ആണെന്നും, ഇങ്ങനെയുള്ള പരിഷ്കാരങ്ങൾ പള്ളി കമ്മിറ്റികൾ വഴി ചർച്ച ചെയ്തു നടപ്പാക്കണം എന്നും തിട്ടൂരങ്ങൾ ഇറങ്ങാൻ തുടങ്ങി. എനിക്ക് തോന്നുന്നത്, സുംബയും സാംബയും തമ്മിൽ മാറിപ്പോയതായിരിക്കും എന്നാണ്. പാവങ്ങൾ. ലോകകപ്പ് സീസണിൽ മലയാള സ്പോർട്സ് ലേഖകരെല്ലാം ബ്രസീൽ കളിക്കാർ സാംബാ താളത്തിൽ കളിക്കുന്നു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതിന്റെ പ്രശ്നമാണ്. എന്ത് വൃത്തികേട്! സഞ്ജു സാംസൺ കളിക്കുന്നത് കഥകളിയുടെ രീതിയിലാണ് എന്ന് പറയുന്നത് എത്ര ബാലിശമാണോ, അത്ര റിഡിക്യൂലസ് ആണ് ഇതും. 


എന്തായാലും ശിവൻകുട്ടി മാസ്റ്റർ ഇതിനെല്ലാം പുല്ലുവിലയാണ് കൊടുക്കുന്നത്. വെച്ച കാല് മുന്നോട്ടു തന്നെ എന്ന് മാർക്സിയൻ സിദ്ധാന്തം അനുസരിച്ചുള്ള നീക്കം. എല്ലാ വിദ്യകളും അഭ്യാസങ്ങളും വശമാക്കിയ ഒരു വിദ്യാഭ്യാസ മന്ത്രി നമുക്കുണ്ടെന്ന് അദ്ദേഹം തെളിയിച്ചു തന്നു. ലേബർ മന്ത്രി കൂടിയായ അദ്ദേഹത്തിൻറെ ഭരണത്തിൽ കേരളത്തിലെ ലേബർ ഒക്കെ നിശ്ചലം ആണെങ്കിലും കുട്ടികൾ അത്യാവശ്യം ലേബർ ചെയ്യുന്നു എന്നത് ആശ്വാസം തന്നെ.

ഇതിൻറെ ശരിയായ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് ദക്ഷിണേന്ത്യയിൽ പൊണ്ണത്തടി വർദ്ധിക്കുന്നു എന്ന പഠനത്തിൻറെ കൂടെ പശ്ചാത്തലത്തിലാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ കുടവയർ കൂടി വരുന്നുണ്ട് പോലും. ഈ ലേഖകൻ തന്നെ പടിപ്പുര കയറുമ്പോൾ ഉമ്മറത്ത് എത്തുന്ന ഒരു പൈലറ്റ് വയർ അകമ്പടി സേവിക്കുന്ന മാന്യദേഹം ആണ്. 'കുംഭ കുറക്കാൻ ഇത്തിരി സുംബാ' എന്നോ മറ്റോ ആകർഷകമായ ഒരു മുദ്രാവാക്യം കാലഘട്ടത്തിൻറെ ആവശ്യമാവുകയാണ്. 

ചിലരെങ്കിലും പറയുന്നത് ഇതൊക്കെയും ഒരു ലാറ്റിനമേരിക്കൻ കമ്യൂണിസ്റ്റ് അസ്കിതയാണ് എന്നാണ്. അതു പോലെ കേന്ദ്ര സർക്കാർ പ്രൊമോട്ട് ചെയ്യുന്ന യോഗയെ വലിച്ചു താഴെയിറക്കാനുള്ള ഗൂഢാലോചന ആണ് എന്നും പറയപ്പെടുന്നു. സാദ്ധ്യത ഇല്ല. കാരണം ഇപ്പോൾ ഇതേ ശിവൻകുട്ടി സാർ കൊണ്ടുവന്ന അടുത്ത പരിഷ്കാരം തന്നെ. 

കേരളത്തിൽ ഒന്നാം ക്ലാസ് മുതൽ ഹിന്ദി വിദ്യാഭ്യാസം നിർബന്ധമാക്കുന്നു പോലും. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെല്ലാം ഹിന്ദിയെ പുറം കാലുകൊണ്ട് തൊഴിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോഴാണ് ഇവിടെ ഇങ്ങനെ. സജീവമായ വല്ല അന്തർധാരയോ മറ്റോ ആയിരിക്കും, ശിവൻകുട്ടിയെ കുറ്റം പറയരുതല്ലോ. എന്നാൽ മലയാളവും ഇംഗ്ലീഷും പഠിപ്പിച്ച് പഠിപ്പിച്ച് നിരക്ഷരകുക്ഷികളാക്കിയ പാവം വിദ്യാർത്ഥികളെ ഇങ്ങനെ പരീക്ഷിക്കണോ എന്ന് എന്റെ ആത്മഗതം. 

Monday, November 11, 2024

വിശപ്പ് പ്രണയം ഉന്മാദം: ഇല്ലായ്മയിൽ ഉള്ളത്

 ഇവിടെ ഇംഗ്ലീഷിൽ വായിക്കാം. 

"തലയ്ക്കുള്ളിലെ ജെല്ലിമിഠായികൾ എന്തൊക്കെ അദ്ഭുതങ്ങളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന്, എപ്പോഴാണ് അതിനുള്ളിൽ മാറ്റങ്ങൾ വരുന്നതെന്ന്, കയ്‌പ്‌ മധുരമായും മധുരം കയ്‌പായും മാറുന്നതെന്ന് ആർക്കാണ് പറയാനാവുക..?"


ദാരിദ്ര്യം മനുഷ്യരുടെ ഓജസ്സ് ഊറ്റിയെടുത്ത് അവരെ വെറും ചണ്ടിയാക്കി മാറ്റിക്കളയുന്ന പ്രതിഭാസമാണ്. സമ്പത്തില്ലായ്മ എന്ന ഒരു ഘടകത്തിന്റെ മാത്രം അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് അതിനെ ലളിതവൽക്കരിക്കുകയായിരിക്കും. ദാരിദ്ര്യത്തിന്റെ യഥാർത്ഥവും അന്തിമവും ആയ വില, അത് വ്യക്തികൾക്കും സമൂഹത്തിനും ഉണ്ടാക്കുന്ന സാമൂഹികവും മാനസികവും രാഷ്ട്രീയവുമായ അപചയം കൂടി കണക്കിലെടുത്തു നിർണ്ണയിക്കുമ്പോൾ, നാം കരുതുന്നതിലും വളരെ വലുതായിരിക്കും. 

പട്ടിണിയുടെ എല്ലാ പീഢാനുഭവങ്ങളിലൂടെയും കടന്നു പോകുമ്പോഴും തന്റെ സഹൃദയത്വം നഷ്ടപ്പെടാതെ, അതിനെ കൂടുതൽ പരിപോഷിപ്പിക്കാൻ തുനിഞ്ഞിറങ്ങി എന്നതാണ് മുഹമ്മദ് അബ്ബാസ് എന്ന വായനക്കാരന്റെ വിജയം. സമൂഹത്തിന്റെ എല്ലാ അളവുകോലുകളിലും പിന്നാക്കം നിൽക്കുന്ന ഒരാൾ, മനുഷ്യൻ എന്ന നിലയിൽ മുൻനിരയിൽ ഇടിച്ചു കയറിയതിന്റെ ദൃഷ്ടാന്തം ആണ് അയാളുടെ ജീവിതം. എട്ടാം ക്ലാസ് വരെ മാത്രം, അതും തമിഴിൽ, പഠിച്ച്, മലയാള ഭാഷ വായിക്കാൻ അറിയാതിരുന്ന ഒരാൾ, ഒരു നേരത്തെ ആഹാരം തനിക്കും കുടുംബത്തിന്നും തേടാനുള്ള നെട്ടോട്ടത്തിന് ഇടയിലും പുസ്തകം വായിക്കാനുള്ള, സൃഷ്ടിപരമായി സമൂഹത്തിനോട് സംവദിക്കാനുള്ള ആർജ്ജവം കാത്തു സൂക്ഷിച്ചു എന്നതാണ് മനുഷ്യ വർഗത്തോടുള്ള അയാളുടെ സംഭാവന. 

അബ്ബാസിന്റെ ഓർമ്മക്കുറിപ്പുകൾ ആയ "വിശപ്പ് പ്രണയം ഉന്മാദം" ഈയടുത്താണ് വായിക്കാൻ കിട്ടിയത്. തന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ കണ്ടും കേട്ടും അനുഭവിച്ചും മനസ്സിൽ പതിഞ്ഞ ഓർമ്മകളുടെ സമാഹാരം. ഇതിലെ മുപ്പത്തിയെട്ട് കുറിപ്പുകൾ പലപ്പോഴായി സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടതാണെന്ന് വായിച്ചപ്പോൾ മനസ്സിലായി. തനിക്കുള്ളിലും, ചുറ്റിലും നിറഞ്ഞാടുന്ന ഇല്ലായ്മയാണ് മിക്കവയിലും പ്രകടമാകുന്ന വിഷയം. കൊടിയ പട്ടിണിയിൽ മനുഷ്യത്വവും, പ്രതികരണശേഷിയും കൈമോശം വരുന്നതിന്റെ ചിത്രങ്ങൾ, അവയ്ക്കിടയിൽ അതെല്ലാം തിരിച്ചുപിടിക്കാനുള്ള ചില കഠിന ശ്രമങ്ങൾ. ഈ കുറിപ്പുകളെ എറ്റവും ഋജുവായി ഇങ്ങനെ നിർവചിക്കാം എന്നു തോന്നുന്നു. 

താനും തന്റെ ജീവിതവും മുന്നിട്ടു നിൽക്കുന്ന കുറിപ്പുകളിൽ കാണുന്ന ഗഹനമായ ആത്മവിചിന്തനം, സമൂഹത്തെയും സഹജീവികളേയും കുറിച്ചുള്ള എഴുത്തിൽ പ്രകടമാകുന്ന സഹാനുഭൂതിയും  അനുകമ്പയും, ഇവയെല്ലാം അബ്ബാസിന്റെ എഴുത്തിനെ ശ്രദ്ധിക്കാൻ നമ്മെ നിർബന്ധിപ്പിക്കുന്നു. തലക്കെട്ടിലുള്ള മൂന്നു ഘടകങ്ങൾ, വിശപ്പും പ്രണയവും ഉന്മാദവും, എങ്ങനെ അന്യോന്യം ഒരേ സമയം കാരണവും ഫലവും ആയി മാറുന്നു എന്നതും പ്രാധാന്യമുള്ള പ്രതിപാദ്യ വിഷയമായി തോന്നി. 

ഇതിലെ ആദ്യത്തെ കുറിപ്പിൽ എഴുത്തുകാരൻ ഒരു മുൻകൂർ ജാമ്യം എടുത്തു വെക്കുന്നുണ്ട്. സാഹിത്യഭാഷ പ്രതീക്ഷിക്കരുതെന്നും, ജീവിതത്തിന്റെ ഭാഷയാണ് ഇതിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. ഇതിലെ വിഷയം പ്രാധാന്യം അർഹിക്കുന്നു എങ്കിലും, രചനയിലെ അതിവൈകാരികതയും തഴമ്പിച്ച സാഹിത്യ പ്രകടനങ്ങളും കല്ലുകടിയാകുന്നു. ഈ രീതിയിൽ തന്റെ ഉള്ളിൽ ഉരുകിത്തിളയ്ക്കുന്ന വികാരങ്ങളെ ഒഴുക്കിക്കളയുന്നത് എഴുത്തുകാരന് ഒരു തെറാപ്പിയുടെ ഫലം കൊടുക്കുന്നുണ്ടാവാം. അയാളുടെ ലോകത്തിന്റെ പുറത്തുനിന്നു കൊണ്ട്, താൻ മാവിലായിക്കാരൻ ആണല്ലോ എന്ന സമാധാനത്തോടെ, അയ്യോ പാവം എന്നുരുവിടുന്ന വായനക്കാരനും ഒരു പൈങ്കിളി സുഖം ലഭിക്കുന്നുണ്ടാവാം. എന്നാൽ ഈ വാചാടോപം കൃതിയുടെ വിഷയത്തിന്റെ അന്തസ്സത്ത ചെറുതായെങ്കിലും ചോർത്തിക്കളയുന്നു എന്നതാണ് ഇതിലെ യഥാർത്ഥ ദുരന്തം.