Monday, September 1, 2025

എണ്ണക്കച്ചോടം

രണ്ട് ദോശ ലേശം ചമ്മന്തി കൂട്ടി കഴിച്ച ശേഷം, കൈകഴുകി ശങ്കരൻ നമ്പൂതിരി ഉമ്മറത്ത് വന്നു. രാവിലെ മകന്റെ മകൾ കിയാര ഇട്ട പൂക്കളം ഒന്ന് നോക്കി. പൂവെല്ലാം പുറത്ത് നിന്ന് വാങ്ങിയത്. തുമ്പയോ അരിപ്പൂവോ ഒന്നും പറമ്പത്തെവിടെയുമില്ല. 

"കലികാലം." മുറുമുറുത്ത് കൊണ്ട് അയാൾ മുണ്ടൊന്ന് മുറുക്കി മുറ്റത്തേക്കിറങ്ങി. 

"അതേ," ഉച്ചത്തിൽ അകത്തേക്ക് നോക്കി വിളിച്ചു. "ആ എണ്ണക്കുപ്പി എടുത്തോളൂ. കാദറിന്റെ മില്ല് തുറന്നുണ്ടാവും."

അതേ വിളികേട്ട് പുറത്തു വന്നു. കൂടെ കിയാര മോളും. കിളികൂജനം പോലൊരു പേര്. ആദ്യം ഇഷ്ടമില്ലാതിരുന്നു. വിളിച്ചു വിളിച്ചു ഇപ്പോൾ കുഴപ്പമില്ല. അതേയുടെ അഥവാ സുമതി അന്തർജ്ജനത്തിന്റെ കൈയിൽ ഒരു ഒഴിഞ്ഞ കുപ്പി. നമ്പൂതിരി അത് വാങ്ങിച്ചു. 

അങ്ങാടിയിൽ വെളിച്ചെണ്ണ ആട്ടുന്ന മില്ലുണ്ട്. പണ്ട് ഇല്ലത്തെ തെങ്ങിലെ തേങ്ങ മാത്രം മതി അതു നിർത്താതെ ഓടാൻ. ഇപ്പോൾ പേരിന് നാല് തെങ്ങ്. തേങ്ങയിടാൻ കൊടുക്കുന്ന കൂലി മാത്രം മതി ഒരു മാസത്തെ പലവ്യഞ്ജനം വാങ്ങാൻ. ഒരു തവണ മകൻ നാട്ടിൽ വന്നപ്പോൾ ഇനി തേങ്ങ ഇടാൻ ആളെ വിളിക്കേണ്ട എന്ന് പറഞ്ഞു. ഭൂഗുരുത്വബലം ഉള്ളപ്പോൾ വെറുതെ കാശ് കൊടുക്കണോ എന്ന് ചോദിച്ചു. ശരിയാണല്ലോ? 

ഇപ്പോൾ മില്ലിൽ തമിഴ് നാട്ടിൽ നിന്ന് വലിയ ലോറിയിൽ തേങ്ങ വരും. സിഐടിയുക്കാർ ഇറക്കും. ബംഗാളികൾ ഡ്രൈയറിൽ ഉണക്കി മില്ലിൽ ആട്ടും. ചെറിയ ലെവലിൽ ഒരു ദേശീയോദ്ഗ്രഥനം. മുമ്പെ കാദർ ഒറ്റയ്ക്ക് തേങ്ങ കൊണ്ട് വന്ന്, വെട്ടിയുണക്കി, ആട്ടി, വിൽപ്പനയും നടത്താറായിരുന്നു. പ്രായമായപ്പോൾ അധ്വാനം നിർത്തി, മില്ലിന് മുന്നിൽ ഒരു കസേരയിട്ട് ഇരിക്കും, മകൻ എല്ലാ കാര്യവും നോക്കും. 

ചില്ലറ വിൽപ്പന മകന് താത്പര്യമില്ലാത്ത കാര്യമാണ്. എണ്ണ അയാൾ വേറെ കച്ചവടക്കാർക്കു കൊടുക്കും. ചിലർ പലഹാരമുണ്ടാക്കും, ചിലർ കുഴമ്പും. വേറെ ചിലർ മറ്റ് പലതും ചേർത്ത് ബോട്ടിൽ എണ്ണയാക്കി വില കൂട്ടി വിൽക്കും എന്നും കേട്ടിട്ടുണ്ട്. ചുരുക്കത്തിൽ വലിയ കച്ചവടമാണ് മകന് താത്പര്യം. ഉപ്പയുടെ നിർബന്ധം കൊണ്ട് മാത്രം കുറച്ച് ചില്ലറയായി കൊടുക്കും. 

മില്ലിന് മുന്നിൽ കാദറിന്റെ മകൻ നിൽപ്പുണ്ട്. നമ്പൂതിരിയെ കണ്ടപ്പോൾ ഒന്ന് തലകുലുക്കി പരിചയം കാണിച്ചു. "വില വീണ്ടും കൂടിയല്ലേ?" നമ്പൂതിരി ചോദിച്ചു. 

"എന്ത് കാര്യം മാഷേ? ഇപ്പ ഓട്ടല്കാറൊന്നും ബാങ്ങ്ന്നില്ല. എല്ലാറും ബെല കൊറഞ്ഞ, കലർപ്പ്ള്ളത് മതീന്ന് പറേന്ന്."

"നിനക്ക് അത് കൊടുത്തുകൂടെ?"

"ഇങ്ങളിത്! ഉപ്പ കേക്കണ്ട. എടങ്ങേറാക്കും."

നമ്പൂതിരി കുപ്പി കൊടുത്ത്, കാദറിനെ കാണാൻ അകത്തേക്കു കടന്നു. അയാൾ തന്റെ മരക്കസേരയിൽ ഇരിപ്പുണ്ട്. 

"നമ്പൂരിശ്ശാ, എന്തേ?"

"നിന്റെ മില്ലിൽ എണ്ണ വാങ്ങാനല്ലാതെ ഞാൻ സിനിമ കാണാൻ വരുമോ കാദറേ?"

"ഇങ്ങക്ക് എന്തിനാ ഞമ്മളെ എണ്ണ?"

"വില കൂടിയാലും ഇവിടുന്ന് നല്ല എണ്ണ വാങ്ങുന്നതല്ലേ നല്ലത്?"

"ഇങ്ങളും തൊടങ്ങീനില്ലേ എണ്ണക്കച്ചോടം? പെര്ത്ത് ഉണ്ടാക്കുന്നതെല്ലം അറിഞ്ഞിന്."

"നിനക്ക് വട്ടു പിടിച്ചോ? ഞാനോ? കച്ചവടമോ?"

"പേപ്പറിലുണ്ട്. ഇന്ത്യേലെ ബ്രാമ്മണന്മാരെല്ലം എണ്ണക്കച്ചോടം നടത്തി പെരുത്ത് കായി ഉണ്ടാക്ക്ന്ന്ണ്ട് ന്ന്."

കാദർ കൈയിലുണ്ടായിരുന്ന പത്രം അയാൾക്ക് നേരെ നീട്ടി. വാർത്ത കണ്ട് പൊട്ടിച്ചിരിച്ച് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന നമ്പൂരിശ്ശന്റെ കൂടെ കാദറും കൂടി. 








No comments:

Post a Comment