Friday, February 6, 2026

അറബിക്കുതിര: മാനത്തിന്റെ പരിണാമം

ഈ ലേഖനത്തിൻ്റെ ഇംഗ്ലീഷ് രൂപം ഇവിടെ വായിക്കാം.


അറബ് നാടുകളുമായുള്ള കേരളത്തിന്റെ ബന്ധം ചരിത്രപരമാണ്. പുരാതനകാലം മുതൽ ഇവിടുത്തെ തീരങ്ങളിൽ നിന്ന് കയറ്റിയയയ്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ അറേബ്യയിൽ എത്തുകയും അവിടുന്ന് യൂറോപ്പിലേക്കും മറ്റും പോകുകയും ചെയ്തു. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക ചരിത്രത്തെ ഇത് വളരെ സ്വാധീനിച്ചിട്ടുണ്ട്. ഗൾഫിൽ എണ്ണ കണ്ടെത്തിയ ശേഷം ഉണ്ടായിട്ടുള്ള മലയാളികളുടെ തൊഴിൽ തേടിയുള്ള പ്രവാസം ഇതിന്റെ രണ്ടാം ഭാഗമാണ്. 

വരൾച്ചയും വെള്ളപ്പൊക്കവും തൊഴിലില്ലായ്മയും കൊടികുത്തി വാണിരുന്ന കാലത്ത് ഗൾഫിൽ എത്തി കഷ്ടപ്പെട്ട് പണിയെടുത്ത ഒരു തലമുറയുടെ പുറകേ എത്രയോ യുവാക്കൾ ജീവിതം കരുപ്പിടിപ്പിച്ചു, കുടുംബങ്ങൾ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ എല്ലാ കഥകളും ശുഭപര്യവസായികളായിരുന്നില്ല. പലരും അവിടെ ചൂഷകരായ സ്പോൺസർമാരുടെയും മനുഷ്യത്വമില്ലാത്ത തൊഴിലുടമകളുടെയും അടിമകളായി ജീവിതം ഹോമിച്ചു. അതികഠിനമായ നിയമങ്ങളുടെ ഊരാക്കുടുക്കിൽ പെട്ടു. ചിലർ വിസാതട്ടിപ്പുകളിൽ കുരുങ്ങി, കടൽ കടക്കാൻ പോലും കഴിയാതെ മുംബൈയിലെ തെരുവുകളിൽ അലഞ്ഞു. 

എല്ലാ സാമൂഹിക പ്രശ്നങ്ങളിലും എന്ന പോലെ സ്ത്രീകൾ ആണ് ഏറ്റവും വലിയ ഇരകളായത്. വീട്ടുജോലിക്കു പോകുന്ന പെണ്ണുങ്ങളിൽ പലരും ചൂഷണത്തിന് വിധേയരായി. കുടുംബത്തിലെ പ്രാരാബ്ധങ്ങൾ ചിലരെയൊക്കെ ലൈംഗികത്തൊഴിലാളികളാക്കി. മനുഷ്യക്കടത്ത് റാക്കറ്റുകൾ ഗ്രാമങ്ങളിൽ പോലും വ്യാപകമായി. ഹസ്സൻ നാസ്സിർ രചിച്ച അറബിക്കുതിര എന്ന നോവൽ, ഈ ലോകത്തെ നമ്മുടെ മുന്നിൽ പച്ചയായി തുറന്നു കാട്ടുന്നു. പത്തുമാസം മുംബൈയിൽ വിസയ്ക്കു വേണ്ടി താമസിച്ചപ്പോൾ, കണ്ടതും കേട്ടതുമായ അനുഭവങ്ങൾ ആണ് ആസ്പദം.

മണി എക്സ്ചേഞ്ചും ഗൾഫിലേക്ക് വേലക്കാരി സപ്ലൈയുമൊക്കെയായി നടക്കുന്ന കുഞ്ഞിമൂസ ഒരു ദിവസം തന്നെ ഖുർആൻ പഠിപ്പിച്ച മൊല്ലാക്കയുടെ ഭാര്യയെ കാണുന്നു. ഒരു ചതിയിലേക്കാണ് അവർ പോകുന്നത് എന്നു മനസ്സിലാക്കി അവൻ അവരെ രക്ഷിക്കുന്നു. വിധവയായ ശേഷം മൂന്നു പെൺമക്കളെ കെട്ടിക്കാനായി ഗൾഫിൽ പോകാൻ വേണ്ടിയെത്തിയ നിഷ്കളങ്കയായ സ്ത്രീയുടെ ബാധ്യത ഏറ്റെടുത്ത മൂസ അവരെ രക്ഷിക്കാനുള്ള ഏക വഴി തെരഞ്ഞെടുക്കുന്നു. 

അറബിക്കുതിര എന്ന ശീർഷകത്തിന്റെ യഥാർത്ഥ ധ്വനി അവസാനം ആണ് വ്യക്തമാകുന്നത്, മനസ്സിൽ ഒരു മുറിവേൽപ്പിച്ചു കൊണ്ട്. നബീസുത്താത്തയുടെ കഥാപാത്ര പരിണാമം, അവരുടെ നിഷ്കളങ്കതയുടെ അന്ത്യം, ഇതെല്ലാം ഇങ്ങനെ മാത്രമേ സംഭവിക്കാൻ സാധിക്കുള്ളൂ എന്ന് എഴുത്തുകാരൻ നമ്മളെ ബോധ്യപ്പെടുത്തുന്നു. സ്ത്രീകളുടെ മാനത്തിന് വലിയ വില ഇടുമ്പോഴും അത് പരിപാലിക്കാൻ വേണ്ട സാഹചര്യം ഒരുക്കാൻ യാതൊരു താത്പര്യവും കാട്ടാത്ത സമുദായത്തെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. 

നബീസുവിന്റെ പരിണാമകഥയിലെ ഉത്പ്രേരകം (catalyst) ആണ് കുഞ്ഞിമൂസ. പലപ്പോഴും അവന്റെ പ്രവൃത്തികൾ സ്വാർത്ഥതയായോ, ചതിയായോ തോന്നിപ്പിക്കും. എന്നാൽ അയാളിലൂടെ സഞ്ചരിക്കുമ്പോൾ അയാളുടെ നിസ്സഹായത നമുക്കു കാണാം. മുംബൈയുടെ രീതികൾ, സമൂഹവും സമുദായവും വരച്ച വരകൾ എന്നിവയിലൂടെ മാത്രം നടക്കാൻ വിധിക്കപ്പെട്ടവനാണ് അവൻ. കഥ തീരുമ്പോഴും അവന്റെ കഥ നമ്മൾ മുഴുവനും കേൾക്കുന്നില്ല. 

കഥയിലെ മൂന്നാമത്തെ പ്രധാന കഥാപാത്രം മുംബൈ നഗരമാണ്. ആദ്യം ഭീമാകാരമായ ഒരു പീഡനയന്ത്രം കണക്കെ നമ്മളെ ഞെട്ടിക്കുന്ന നഗരം പതുക്കെ പതുക്കെ അതിന്റെ വർണ്ണങ്ങൾ കാട്ടുന്നു. ഏതോ സമയത്ത് നാം മനസ്സിലാക്കുന്നു അതല്ല നാടാണ് യഥാർത്ഥത്തിൽ തിന്മയുടെ ഉറവിടം. അവിടുന്ന് രക്ഷപ്പെടുന്നവരുടെ അവസാന ആശ്രയമാണ് നഗരം. അതിന്റെ വികൃതരൂപം അവിടെ കുടിയേറിയവരുടെ സഞ്ചിതമായ പീഡാനുഭവങ്ങളുടെ സംഭാവനയാണ്. 

ഈ നോവൽ യാഥാർത്ഥ്യബോധത്തിൽ ഉടലെടുത്തത് കാരണം വായനക്കാർക്ക് ആശ്വാസം തരാൻ എവിടെയും ശ്രമിക്കുന്നില്ല. തുറന്നു പറഞ്ഞുള്ള എഴുത്ത് ചിലർക്കെങ്കിലും അരോചകമായി തോന്നാം. കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ നീണ്ടുപോകുന്ന സംവാദങ്ങളാകുന്നത് ആഖ്യാനത്തിന്റെ രസച്ചരട് പലപ്പോഴും പൊട്ടിക്കുന്നുണ്ട്. എന്നാലും എഴുത്തുകാരന്റെ സത്യസന്ധത, താൻ എഴുതുന്ന ലോകത്തിന്റെ വൈചിത്ര്യത്തിന്റെ വർണ്ണനയിൽ കാട്ടുന്ന വൈദഗ്ദ്ധ്യം, ചാരിത്ര്യം, സദാചാരം, ധാർമ്മികത, തുടങ്ങിയവയെ കുറിച്ചുള്ള ചില ദർശനങ്ങൾ, ഈടുനിൽക്കുന്ന കഥാപാത്രസൃഷ്ടി എന്നിവ പുസ്തകത്തെ മികച്ചതാക്കുന്നു.

No comments:

Post a Comment