Friday, August 1, 2025

അവന്റെ താരിഫുകൾ


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പട്ടിക്ക് പൊതിക്കാ തേങ്ങാ കിട്ടിയ മട്ടിൽ ഓടി നടക്കുന്നത് കാണുന്നുണ്ടോ? വ്യാപാര കരാറുകൾ നടത്തും എന്ന് പറഞ്ഞ് എല്ലായിടത്തും പ്രസംഗിച്ചു നടക്കുന്നു, എല്ലാ തല്ലുകൂടലിലും തലയിട്ട് മദ്ധ്യസ്ഥം പറയുന്നു, ലോകത്തില്ലാത്ത താരിഫുകൾ പ്രഖ്യാപിക്കുന്നു, അതിനു ശേഷം തീയതി മാറ്റുന്നു, ആകപ്പാടെ ബഹളമയം. ഭരണത്തിൽ വരുന്നതിന് മുന്നേ ഉക്രൈൻ പ്രശ്നവും ഹമാസ് ഇടപാടും ഇരുപത്തിനാലു മണിക്കൂറിൽ, വിത്തിൻ റ്റ്വൻറ്റി ഫോർ അവർസ്, പരിഹരിക്കും എന്നു പറഞ്ഞിട്ട് മാസം ആറു കഴിഞ്ഞു. ഇന്ത്യാ-പാക് പ്രശ്നത്തിൽ കഴിയാവുന്നത്ര ചെളിവാരിയെറിയാൻ നോക്കി. ഇസ്രായേൽ പ്രസിഡന്റിനെ പച്ചത്തെറി വിളിച്ചു. ചുരുക്കത്തിൽ അരക്കിറുക്കൻ എന്ന് പേര് കേൾപ്പിച്ചു. 

ഇതെന്താ ഇങ്ങനെ? ഉത്തരം നോക്കി പോയാൽ എത്തുക അയാളുടെ സാമ്പത്തിക ഉപദേഷ്ടക കൌൺസിലിന്റെ ചെയർമാൻ സ്റ്റീഫൻ മിരാൻ എന്ന മാന്യദേഹത്തിന്റെ പക്കലാണ്. മിരാൻ കഴിഞ്ഞ വർഷം, അതായത് ട്രംപ് പ്രസിഡന്റ് ആകുന്നതിന് തൊട്ടു മുൻപ്, ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 'ആഗോള വ്യാപാര സംവിധാനം പുനഃക്രമീരിക്കാൻ ഒരു മാർഗരേഖ' (A User's Guide to Restructuring the Global Trading System*) എന്നായിരുന്നു അതിന്റെ പേര്. അമേരിക്കൻ സാമ്പത്തിക വ്യവസ്ഥ എത്തിയിരിക്കുന്ന അതിഭീമമായ കടക്കെണിയിൽ നിന്നും പുറത്തു കടക്കാനുള്ള മാർഗ്ഗം. 

താരിഫുകളും കറൻസിയുടെ മൂല്യക്രമീകരണവും ഉപയോഗിച്ച് ഇപ്പോഴത്തെ ഡോളറിന്റെ അനിയന്ത്രിതമായ മൂല്യ വർദ്ധനയും ഒപ്പം തന്നെ വർദ്ധിക്കുന്ന കടബാധ്യതയും കുറയ്ക്കാൻ ആണ് മിരാൻ പറയുന്നത്. താരിഫുകൾ നടപ്പിലാക്കുന്നതിനെ കുറിച്ച് തുടർന്ന് പറയുന്നു:

Tariffs will likely be implemented in a manner deeply intertwined with national security concerns... (ദേശീയ സുരക്ഷാ ആശങ്കകളുമായി ആഴത്തിൽ ഇഴചേർന്ന രീതിയിലായിരിക്കും താരിഫുകൾ നടപ്പിലാക്കുക.) 

അതുകൊണ്ട് ആണ് എല്ലാ താരിഫ് പുനഃക്രമീകരണവും യുദ്ധങ്ങൾ, കലഹങ്ങൾ, ആയുധങ്ങൾ എന്നിവയൊക്കെ ആയി ബന്ധപ്പെടുത്തി പറഞ്ഞു വരുന്നത്. യുഎസ് കൊടുക്കുന്ന സുരക്ഷ ഉപയോഗിക്കുന്ന രാജ്യങ്ങൾ എന്ത് താരിഫും സ്വീകരിക്കാൻ നിർബന്ധിതരാകും. അല്ലാത്തവരെ ഭീഷണിയും ചെറിയ തല്ലും കൊടുത്ത് അനുസരിപ്പിക്കാം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു എന്ന് പറഞ്ഞാണല്ലോ ഇന്ത്യയ്ക്ക് താരിഫ് വർദ്ധന ഏർപ്പെടുത്തുന്നത്. അപ്പോൾ ജപ്പാന്? അഞ്ചു ശതമാനം വരെ മാത്രം ഉണ്ടായിരുന്ന താരിഫ് ഈ ജൂലൈയിൽ പതിനഞ്ചാക്കി. അപ്പോൾ ഇത് ഇയാൾ ചുമ്മാ പറയുന്നതല്ല. വമ്പൻ പ്രതിസന്ധിയിൽ നിന്ന് കര കയറാനുള്ള അറ്റ കൈ പ്രയോഗമാണ്. 


തിയററ്റിക്കലി പരിപാടി നന്നായിരുന്നു. വിചാരിച്ച പോലെ നടന്നിരുന്നെങ്കിൽ അമേരിക്കൻ പൊതുകടം ലോകത്തിന്റെ മൊത്തം ബാധ്യത ആകുമായിരുന്നു. തങ്ങളുടെ തകർന്നു കിടക്കുന്ന നിർമ്മാണ രംഗം ശരിയാക്കിയെടുക്കാൻ അഞ്ചോ, എട്ടോ കൊല്ലവും കിട്ടിയേനേ. പക്ഷേ, ചിലർ നല്ല വൃത്തിയായി വട്ടം നിന്നു. ബ്രിക്സ് രാജ്യങ്ങൾ. അമേരിക്കൻ മദ്ധ്യസ്ഥശ്രമം റഷ്യ കണക്കിലെടുത്തില്ല. ചൈന തിരിച്ച് കൂടുതൽ താരിഫ് ഏർപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി, ടംഗ്സ്റ്റൺ പോലുള്ള റേർ എർത്ത് ധാതുക്കളുടെ വിനിമയം നിയന്ത്രിച്ചു. ഇന്ത്യ കാര്യമായ പ്രതികരണങ്ങൾ നടത്തിയില്ല, എന്നാൽ മറ്റു ശക്തികളും (ബ്രിട്ടൻ), ആഫ്രിക്കൻ രാജ്യങ്ങളുമായും ഡീലുകൾ നടത്താൻ തുടങ്ങി. ബ്രസീലാകട്ടെ ശക്തമായി പ്രതികരിക്കുകയും, പ്രതിരോധകരമായ നിയമ നിർമ്മാണങ്ങൾ നടത്തുകയും ചെയ്തു. 

മിരാൻ തന്റെ ലേഖനത്തിൽ പലതരം പ്രതികരണങ്ങളും തിരിച്ചടികളും പ്രവചിക്കുകയും, പ്രതിരോധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്ര വലിയ സംഘടിതമായ എതിരിടൽ പ്രതീക്ഷിച്ചിരുന്നില്ല. ലോക ജനസംഖ്യയുടെ വലിയ ഭാഗം വസിക്കുന്ന, ആഗോള ജി ഡി പി യുടെ വലിയ ഭാഗം സംഭാവന ചെയ്യുന്ന ഈ രാജ്യങ്ങൾക്ക് യു എസ്സിന്റെ സാമന്ത രാജ്യങ്ങളുടെ പരോക്ഷ പിന്തുണയും ഉണ്ടെന്നു സംശയിക്കാം. 

സത്യത്തിൽ ഈ പ്രബന്ധവും അതെഴുതിയവനെയും വിശ്വസിച്ച് പടക്കളത്തിൽ ഇറങ്ങിയ ട്രംപ്, തിരിച്ച് കയറാൻ വഴിയില്ലാതെ നട്ടംതിരിയുന്നതാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. ആഗോള പ്രതിരോധ വ്യാപാര പടക്കളത്തിലെ ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിനവ അഭിമന്യു ആണ് ട്രംപ്. വ്യൂഹത്തിൽ കയറാൻ വഴി പറഞ്ഞു കൊടുത്ത് കയറ്റിയ മിരാൻ പുറത്തു കടക്കാൻ സഹായിക്കുമോ? അയാൾക്ക് വഴി അറിയുമോ? അതോ ട്രംപ് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അമേരിക്കൻ രക്ഷകൻ ആകുമോ? 

കാത്തിരുന്നു കാണാം.

* Link to the paper 

No comments:

Post a Comment