Saturday, December 30, 2023

ഫാലിമിയും വാർദ്ധക്യപുരാണവും...

ഏതാണ്ട് മുപ്പതു വർഷം മുൻപ് വന്ന ഒരു ചിത്രമായിരുന്നു രാജസേനന്റെ വാർദ്ധക്യപുരാണം. മൂന്നു സുഹൃത്തുക്കൾ റിട്ടയർ ആയ ശേഷം നാടക ട്രൂപ്പ് തുടങ്ങുന്നതും, തുടർന്നുള്ള പ്രശ്നങ്ങളും ആണ് പ്രമേയം. സിനിമാ ഭ്രമം അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുന്ന, സീരിയലുകൾ പ്രേക്ഷകരെ മോഹവലയത്തിലേക്ക് ആകർഷിച്ചു തുടങ്ങിയ കാലഘട്ടത്തിലാണ് മൂവർ സംഘം നാടകവുമായി ഇറങ്ങുന്നത്. കാലോചിതമല്ലാത്തത് എന്നു പൊതുബോധം വിശ്വസിക്കുന്ന ഈയൊരു തീരുമാനവുമായി ബന്ധപ്പെടുത്തിയിട്ടാണ് മിക്ക ഹാസ്യ രംഗങ്ങളും,  ചിത്രീകരിച്ചിരിക്കുന്നത്. നാടകഭ്രമം വയസ്സാൻകാലത്തെ നൊസ്സായിട്ടാണ് ഇവരുടെ വീട്ടുകാർ കാണുന്നത്. എന്നാൽ ഇവർ നാടക ട്രൂപ്പ് തുടങ്ങുന്നു. കാരണം താന്താങ്ങളുടെ കുടുംബങ്ങളിൽ അപ്പോഴും ഇവരുടെ വാക്കുകൾക്ക് വിലയുണ്ട്.



എന്നാൽ  ഈയടുത്ത് ഇറങ്ങിയ ഫാലിമി എന്ന സിനിമയിലെ അപ്പൂപ്പന് ഇത്ര പോലും സാധിക്കുന്നില്ല. പ്രായമായി വീട്ടിൽ വെറുതെ ഇരിക്കുന്ന അദ്ദേഹത്തിന്റെ ആഗ്രഹം കാശിക്ക് പോണം എന്നാണ്. ആദ്ധ്യാത്മിക ഭാഷയിൽ ഒരാൾ, അതും പ്രായമായയാൾ, കാശിക്ക് പോകുന്നത് തന്റെ മരണത്തിനെ പുൽകാൻ വേണ്ടിയിട്ടാണ്. അപ്പൂപ്പൻ പക്ഷേ ഒരു അഡ്വഞ്ചർ ട്രിപ്പ് ആണെന്ന് തോന്നുന്നു ഉദ്ദേശിക്കുന്നത്. ആയ കാലത്തു നന്നായി യാത്ര ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണ്. വീട്ടുകാർക്ക് ഈ വയോധികനെ തനിച്ച് വിടാനുള്ള ധൈര്യമില്ല. എന്നാൽ ഒന്നു കൂടെ കൂട്ടി പോയി വരാനുള്ള സമയമോ, സൌകര്യമോ ഒട്ടില്ല താനും. അങ്ങേർ ഇടക്കിടെ വീട്ടുകാർ കാണാതെ ഒളിച്ചുകടക്കും. റെയിൽവേ സ്റ്റേഷനെത്തുമ്പോളേക്കും ആരെങ്കിലും കൈയോടെ പിടിച്ചു തിരിച്ചു കൊണ്ടുവരും. 


നമ്മുടെ സമൂഹത്തിൽ, ഇന്ന് പ്രായമാകും തോറും ആളുകളുടെ ഏജൻസി, അതായത്, പ്രവർത്തിക്കാനുള്ള കഴിവ്, കുറച്ചു കൊണ്ടു വരാനുള്ള ഒരു പ്രവണത കണ്ടുവരുന്നില്ലേ? വയസ്സായാൽ അടങ്ങി ഒതുങ്ങി, പിൻതലമുറ പറയുന്നത് അനുസരിച്ചു, ആഗ്രഹങ്ങൾ അടക്കി കഴിഞ്ഞുകൂടുക. വളരെ അധികം പേർ ഈ സമ്മർദ്ദം അതിജീവിക്കുന്നവരും ഉണ്ട്. വർഷങ്ങൾ ജോലി ചെയ്തു ശേഷം, റിട്ടയർ ചെയ്തു തനിക്ക് ഇഷ്ടത്തിനൊത്ത വണ്ണം ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യുന്നവർ: പുസ്തകം എഴുതുന്നവർ, പാട്ടു പാടുന്നവർ, യാത്ര ചെയ്യുന്നവർ, അങ്ങനെ അങ്ങനെ... 


എന്നാൽ ബഹുഭൂരിപക്ഷം പേരും പ്രായമായാൽ സ്വയം ഒതുങ്ങുകയോ, ഒതുക്കപ്പെടുകയോ ചെയ്യും. ഒന്നു പുറത്തിറങ്ങിയാൽ, ഒരു ഒച്ച പുറത്തു കേട്ടാൽ, പ്രായമായാൽ അടങ്ങിയിരിക്കണം എന്ന ശാസനം. താൻ നയിച്ചുണ്ടാക്കിയ സമ്പാദ്യം ചെലവഴിക്കാനും മറ്റുള്ളവരുടെ സമ്മതം തേടണം. വീട്ടിലും സ്വാതന്ത്ര്യം കിട്ടില്ല. ഇതിന്റെ എല്ലാം മീതെ, പറഞ്ഞാൽ അനുസരിക്കാത്ത ശരീരവും. ചെറുപ്പക്കാർ പ്രായമായവരുടെ സംസാരവും പെരുമാറ്റവും കാണുന്നത് പലപ്പോഴും തമാശയായും ചിലപ്പോഴെങ്കിലും അലോസരമായുമാണ്. അവർക്ക് വേച്ചു വെച്ച നടപ്പും സ്ഫുടമല്ലാത്ത സംസാരവും ഇഷ്ടപ്പെടുന്നില്ല. 


ഈയൊരു സ്ഥിതിയിലേക്കു നാം എങ്ങനെ എത്തിപ്പെട്ടു? വളരെ പഴയതല്ലാത്ത ഒരു കാലത്തിൽ വാർദ്ധക്യം അറിവിന്റെയും, ജ്ഞാനത്തിന്റെയും അടയാളം ആയിരുന്നു. സമൂഹത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി ആയിരുന്നു തലവൻ. മൂപ്പൻ, ഗുരു, കാരണവർ, മുഖ്യൻ എന്നിങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ വരുന്ന രൂപം പ്രായമായ, നരച്ച താടിയും മുടിയുമുള്ള വൃദ്ധന്റേതല്ലേ? പ്രായമായ അച്ഛന്റെ ആർജ്ജിതജ്ഞാനത്തിൽ നിന്നു പകർന്നു കിട്ടിയ അറിവുപയോഗിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന മക്കൾ. സമൂഹത്തിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നിയമങ്ങളും, ആചാരാനുഷ്ഠാനങ്ങളും, അരച്ചു കലക്കി കുടിച്ചിട്ടു അത് സമൂഹത്തിലും സമുദായത്തിലും നടപ്പിലാക്കുന്ന തലവന്മാർ. 


അക്കാലത്തു സാമൂഹിക മാറ്റങ്ങൾ കാര്യമായി നടന്നിരുന്നില്ല. ഒരു ചെറിയ മാറ്റം പോലും വർഷങ്ങളും തലമുറകളും എടുത്താണ് നിലവിൽ വരിക. തലമുറകളിലെ അന്തരം, അഥവാ ജനറേഷനൽ ഗാപ് പരിമിതമായിരുന്നു.  അതിനാൽ സമൂഹത്തിന്റെ നിലനിൽപ്പിൽ ആർജ്ജിത ജ്ഞാനത്തിന്റെയും അനുഭവ ജ്ഞാനത്തിന്റെയും പ്രാധാന്യം വളരെയധികമായിരുന്നു. ഇവ കൂടെയുള്ളത് വൃദ്ധർക്കൊപ്പമായിരുന്നു. വൃദ്ധരുടെ സംഖ്യയും സമൂഹത്തിൽ പരിമിതമായിരുന്നു. കാരണം കുറഞ്ഞ ആയുർദൈർഘ്യം തന്നെ. അതിനാൽ ആവശ്യകതാ-വിതരണ അനുപാതം, അഥവാ ഡിമാന്റ്-സപ്ലൈ റേഷ്യോ, പ്രായമായവർക്ക്  അനുകൂലമായിരുന്നു. 


പക്ഷേ, കാലാന്തരത്തിലെ മാറ്റങ്ങൾ ഈ വ്യവസ്ഥയെ തകർത്തു. ആദ്യത്തെ പ്രഹരം ഏൽപ്പിച്ചത് വ്യവസായ വിപ്ലവം തന്നെ. കൈത്തൊഴിലുകളിൽ അധിഷ്ഠിതമായ ഉത്പാദനം ബഹുജനോത്പാദനത്തിന്റെ (mass production) രീതിയിലേക്ക് മാറിയതോടെ ആർജ്ജിത വിജ്ഞാനത്തിന് പ്രാധാന്യം ഇല്ലാതായി. പ്രായാധിക്യം കാരണമുണ്ടാകുന്ന ശേഷീനഷ്ടം ഉത്പാദനത്തിന്റെ കാര്യക്ഷമതയെ ബാധിക്കാതിരിക്കാൻ പ്രായമായവരെ ഉത്പാദന വ്യവസ്ഥയിൽ നിന്ന് ബഹിഷ്കരിക്കാൻ തുടങ്ങി. അങ്ങനെ റിട്ടയർമെന്റ് ആവിർഭവിച്ചു. 


കാര്യങ്ങളെ കൂടുതൽ വഷളാക്കിയത് ആയുർദൈർഘ്യം മെച്ചപ്പെട്ടതാണ്. ഇത് കാലക്രമത്തിൽ സമൂഹത്തിലെ വൃദ്ധരുടെ സംഖ്യ മുൻപില്ലാത്ത തരത്തിൽ വർധിപ്പിച്ചു. ഡിമാന്റ് കുറഞ്ഞു, സപ്ലൈ കൂടി. അതോടെ ജ്ഞാനിയായ വൃദ്ധൻ എന്ന സങ്കല്പം ഇടിഞ്ഞു പോയി. വാർദ്ധക്യം ദയനീയതയുടെയും അസ്ഥിരതയുടെയും പര്യായമായി. ഇതിനോടൊപ്പം സാങ്കേതികതയുടെ അതിപ്രസരം ജനറേഷൻ ഗാപ് കണ്ടമാനം വർദ്ധിപ്പിച്ചു. വലിയ വിഭാഗം വയോധികർ മാറിവന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളോട് പൊരുത്തപ്പെടാൻ മല്ലിടേണ്ട അവസ്ഥയിലേക്ക് തള്ളപ്പെട്ടു. പുതിയ തലമുറയുടെ വിനോദോപാധികളോ, ഭാഷയോ, ഭൂഷയോ, ആദർശങ്ങളോ മനസ്സിലാക്കാൻ പറ്റാത്ത പഴയ തലമുറ, സാംസ്കാരികമായും റിഡൻഡൻസിയിലേക്ക് പതിച്ചു. 


ഫാലിമിയിലേക്ക് തിരിച്ചു വന്നാൽ ഇതിന്റെ പൂർണ്ണമായ ഭീകരത കാണാം. ചിത്രത്തിലെ ഓരോ തലമുറയും അതിന്റെ മുന്നത്തെ തലമുറയോട് പെരുമാറുന്ന വിധം നോക്കൂ. ബേസിൽ അഭിനയിച്ച കഥാപാത്രം പോലും അയാളുടെ അനിയന്റെ മുന്നിൽ ഒരു പഴഞ്ചൻ ആണ്. ദ്രുതഗതിയിലെ സാങ്കേതികവും, പ്രത്യയശാസ്ത്രപരവും, സാംസ്കാരികവുമായ മാറ്റങ്ങളെ എത്തിപ്പിടിക്കാനുള്ള സ്ഥിരമായ വ്യർത്ഥശ്രമമായി മാനുഷികത മാറുമോ?

No comments:

Post a Comment