Friday, April 28, 2023

ഒരു കോഴിക്കോടൻ സംഭവകഥ


 ദക്ഷിണേന്ത്യൻ ചരിത്രത്തിന്റെ നാൾവഴികൾ തിട്ടപ്പെടുത്തുന്നതിൽ ചരിത്രകാരനായ എം. ജി. എസ് നാരായണന്റെ പങ്ക് നിസ്തുലമാണ്. കാലത്തിൻറെ ചവിട്ടടിയിൽ വീണ് വിസ്മൃതിയിൽ മറഞ്ഞുകിടന്ന ശിലാഫലകങ്ങളിലെ ലിഖിതങ്ങൾ വായിച്ചെടുത്തും അവയെ അപഗ്രഥിച്ചും അദ്ദേഹം അതുവരെ ഉണ്ടായിരുന്ന ചരിത്ര പാഠങ്ങളെ മാറ്റി എഴുതി. കോഴിക്കോടിന്റെ ചരിത്രത്തിനെ കുറിച്ചു എം. ജി. എസ് പല കാലഘട്ടങ്ങളിലായി എഴുതിയ പഠനങ്ങളും ലേഖനങ്ങളും സമാഹരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ് കോഴിക്കോടിൻറെ കഥ.


 കല, സംസ്കാരം, സാമ്പത്തികം ഇങ്ങനെ എല്ലാ മേഖലകളിലും ചരിത്രമുദ്ര പതിപ്പിച്ച ഒരു കേരളീയ നഗരമാണ് കോഴിക്കോട്. കോഴിക്കോടൻ സാഹിത്യകാരന്മാരും, സാംസ്കാരിക പ്രവർത്തകരും, ഗായകരും, സിനിമക്കാരും കൂടിയുണ്ടാക്കിയെടുത്ത ഒരു കൂട്ടായ്മ മലയാളികൾക്ക് എല്ലാവർക്കും വളരെ പരിചിതമാണല്ലോ? എല്ലാ രീതിയിലും, എല്ലാ മേഖലയിലും മറ്റു മലയാള നഗരങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ, എന്നാൽ പലപ്പോഴും മലയാളിയെ മുന്നിൽ നിന്ന് നയിക്കുന്ന ഒരു ഇടപെടൽ രീതിയാണ് കോഴിക്കോടിൻറെ പ്രത്യേകത. പല സംസ്കാര തലങ്ങളിൽ നിന്നുമുള്ള ഇടപെടലുകൾ എല്ലാകാലത്തും, എല്ലാ മേഖലയിലും, കോഴിക്കോടിൻറെ ചരിത്രം എടുത്താൽ കാണാം. പല മതങ്ങളിലും ജാതിയിലും സംസ്കാരങ്ങളിലും ഭാഷകളിലും ഉൾപ്പെടുന്ന മനുഷ്യവർഗ്ഗങ്ങളുടെ സമന്വയം ഇവിടുത്തെ പ്രത്യേകതയാണ്. ഈ ഒരു തനതായ രൂപം കോഴിക്കോടിന് എങ്ങനെ കൈവരിക്കാൻ സാധിച്ചു എന്നതിലേക്കുള്ള ഒരു അന്വേഷണം കൂടി ആയാണ് ഞാൻ എം ജി എസ് നാരായണന്റെ കോഴിക്കോടിന്റെ കഥ വായിക്കുന്നത്.


എംജിഎസ് കോഴിക്കോടിന്റെ അന്നുവരെ കരുതപ്പെട്ടിരുന്ന ചരിത്രത്തിന് കൂടുതൽ നൂറ്റാണ്ടുകളുടെ പഴക്കം വെളിവാക്കി കൊടുത്തു. പന്നിയങ്കര ക്ഷേത്രം അന്ന് കരുതപ്പെട്ടതിൽ നിന്നും നൂറ്റാണ്ടുകൾ പഴയതാണ് എന്ന് കണ്ടെത്തിയതിൽ നിന്നും, ഒരു പുതിയ രാജാവിൻറെ ചരിത്രം അടയാളപ്പെടുത്തിയതിൽ നിന്നും, ഈ നഗരത്തിന്റെ പൗരാണികത അന്നുവരെ ചിന്തിച്ചതിൽ നിന്ന് വളരെയധികം കൂടുതലാണെന്ന് അദ്ദേഹം മനസ്സിലാക്കി കൊടുത്തു. ഇതിനു മുൻപ് പല കാലഘട്ടങ്ങളിൽ, പല കാരണങ്ങളാൽ ഉണ്ടായ വികലമായ ചരിത്ര വായനയെ ഒരു പരിധിവരെ എങ്കിലും ശരിപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. 


കോഴിക്കോടിന്റെ ചരിത്രം സാമൂതിരി രാജവംശത്തിന്റെ കൂടി ചരിത്രമാണ്. അവസാനത്തെ ചേരമാൻ പെരുമാൾ മാർഗം കൂടി മക്കത്ത് പോയപ്പോൾ തൻറെ സാമന്തൻമാർക്ക് രാജ്യം പകുത്തു കൊടുക്കുകയും അതിൽ ഒരു പ്രധാനി പല രീതിയിലുള്ള ഇടപെടലുകൾ വഴി ശക്തമായ ഒരു നാട്ടുരാജ്യം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഈ നാട്ടുരാജ്യം വിദേശികളായുള്ള കച്ചവടത്തിൽ ഒരു പ്രധാന സ്ഥാനം നേടിയെടുത്തതിലൂടെ നൂറ്റാണ്ടുകളുടെ സമ്പൽസമൃദ്ധി കൈവരിച്ചു. എന്നാൽ ഈ കച്ചവടം തന്നെ ആ രാജ്യത്തിൻറെ നാശത്തിനും കാരണമായി എന്നത് ചരിത്രത്തിൻറെ ഒരു ഐറണി ആയി കാണാം. 


ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റു തുറമുഖങ്ങളിൽ നിന്നു വ്യത്യസ്തമായി വിദേശികളായ കച്ചവടക്കാർ കൊണ്ടുവരുന്ന ചരക്കുകൾക്ക് സുരക്ഷയൊരുക്കുകയും വിനിമയം ചെയ്യുന്ന സാമാനങ്ങളുടെ വിലയും കണക്കും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്ന കോഴിക്കോടൻ തുറമുഖം അന്താരാഷ്ട്ര പ്രസിദ്ധി ആർജിച്ചു. മരക്കാന്മാരുടെ കപ്പൽ പടയും നായന്മാരുടെ കുതിരപ്പടയും കൊടുത്ത സുരക്ഷിതത്വത്തിന്റെ ബലത്തിൽ രേവതി പട്ടത്താനവും മാമാങ്കവും മറ്റും കൊണ്ടാടുകയും വിവിധതരം കരകൗശല വിദഗ്ധന്മാരെ ആകർഷിക്കുകയും ചെയ്ത കോഴിക്കോട് ഒരു കോസ്മോപൊളിറ്റൻ സ്വഭാവം അന്നേ കാണിച്ചിരുന്നു എന്നതാണ് സത്യം. പോർച്ചുഗീസുകാരുടെ ആവിർഭാവം ഒരുതരത്തിൽ ഈ പെരുമയ്ക്ക് മങ്ങൽ ഏൽപ്പിച്ചു. ഉപജാപങ്ങൾ സാമൂതിരിയെ കൂടെയുള്ളവരിൽ നിന്നും മറ്റ് സമീപ നാട്ടുവാഴികളിൽ നിന്നും അകറ്റിയതോടെ രാജവംശത്തിന്റെയും കോഴിക്കോട് തുറമുഖത്തിന്റെയും പതനം ആരംഭിച്ചു. ക്രമേണ പോർച്ചുഗീസ്, ബ്രിട്ടീഷ് അധിനിവേശത്തിന് കീഴിൽ അമർന്ന കോഴിക്കോടിന് നഷ്ടപ്രതാപം തിരിച്ചെടുക്കാനായില്ല. 


ഈ ചരിത്രത്തെ വളരെ വിശദമായും, ആസ്വാദ്യകരമായും, എന്നാൽ ആധികാരികമായ ഒരു പഠനത്തിൻറെ എല്ലാ ഗൗരവത്തോടെയും, കോഴിക്കോടിന്റെ കഥ എന്ന പുസ്തകത്തിൽ എം ജി എസ് ആവിഷ്കരിക്കുന്നു. പല കാലഘട്ടത്തിലായി എഴുതിയ കുറിപ്പുകളുടെ അല്ലെങ്കിൽ പഠനങ്ങളുടെ ക്രോഡീകരണം ആയതിനാൽ ആഖ്യാനത്തിൽ ചില ന്യൂനതകളും ആവർത്തനങ്ങളും അനുഭവിക്കുമെങ്കിലും കോഴിക്കോടിനോട് താല്പര്യം ഉള്ള ഏതൊരു വായനക്കാരനും ചിന്തോദ്ദീപകമായ ഒരു വായനാനുഭവം തന്നെയാണ് ഈ പുസ്തകം.



No comments:

Post a Comment