Monday, October 24, 2016

പുലി പിടിച്ചതും പിടിക്കാത്തതും

പുലിമുരുകൻ കേരളക്കര ഇളക്കിമറിക്കുകയാണല്ലോ. ഞാനും കഴിഞ്ഞ ദിവസം പോയി കണ്ടു നോക്കി. ചില കാര്യങ്ങൾ പിടിച്ചു, ചിലത് പിടിച്ചില്ല. 

പുലി പിടിച്ചത്:

1) മോഹൻലാൽ. പടം കണ്ടുകൊണ്ടിരിക്കുമ്പോൾ ഇങ്ങേർക്ക് ഒരു കടുവയെയൊക്കെ തട്ടാനുള്ള  ശേഷിയുണ്ട് എന്ന് വിശ്വസിച്ചു പോയി. തന്റെ പ്രായത്തെ വെല്ലുന്ന പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ച വെച്ചത്.

2) പീറ്റർ ഹെയ്ൻ: മുകളിൽ പറഞ്ഞതിന്റെ ഒരു നല്ല പങ്ക് ക്രെഡിറ്റ് പീറ്റർ ഹെയ്നിന് അവകാശപ്പെട്ടതാണ്. ഈ സിനിമയുടെ ജീവൻ ഇതിലെ സംഘട്ടനം മാത്രമാണ്.

3) ഗ്രാഫിക്സ്: മലയാളത്തിൽ മികച്ച ഗ്രാഫിക്സും ഇഫക്റ്റ്സും ഉപയോഗിച്ചു നിർമ്മിച്ച പടം പുലിമുരുകൻ തന്നെയാണ്.  ഇതിൽ എന്തെങ്കിലും ക്ഷീണം സംഭവിച്ചെങ്കിൽ കളി മാറുമായിരുന്നു.  ചുരുക്കത്തിൽ ഈ മൂന്ന് ചേരുവകളും കൃത്യമായി ചേര്‍ന്നത് ചിത്രത്തെ രക്ഷിച്ചു.

4) നിർമാതാവ്: കൈവിട്ട കളിയായിട്ടും ചുളയിറക്കിയ മുളകുപാടം മുതലാളിയാണ് രാജാവ്.

5) കുട്ടിമോഹൻലാൽ.

6) ഈ വിജയം മലയാള ചലച്ചിത്ര നിർമ്മാണരംഗത്ത് പുതിയ പ്രതീക്ഷകൾ തീർക്കും. കൂടുതൽ പണം ഇറക്കാനുള്ള ധൈര്യം ഗുണപരമായി നല്ല മാറ്റം ഉണ്ടാക്കിയേക്കാം. കൂടുതൽ ലാഭം കിട്ടുമ്പോൾ നിർമാതാക്കൾ നല്ല ചെറിയ പടങ്ങൾ എടുക്കാനും ധൈര്യപ്പെടും.


പുലി പിടിക്കാത്തത്:

1) പൊട്ടക്കഥ. സാധാരണ ആക്ഷൻ ചിത്രങ്ങളിൽ ഒരു സംഘട്ടനരംഗത്തിൽ നിന്ന് അടുത്തതിലേക്ക് എത്താനുള്ള ഒരു ഉപാധി മാത്രമാണ് കഥ. ഇതിൽ അങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു...!

2) ആക്ഷൻരംഗങ്ങളിലെ പശ്ചാത്തല സംഗീതം എന്നാൽ ചെകിട്ടിനടുത്ത് ചെണ്ടകൊട്ടുന്നതല്ലെന്ന് ഈ മറുതായോട് ആരെങ്കിലും പറയെടേ...

3) അന്യഭാഷാ നടന്മാർ: ചിത്രത്തിന് ഒരു ഗുണവും ഇവർ ചെയ്തതായി തോന്നിയില്ല. വലിയൊരു നടനായ മകരന്ദ് ദേശ്പാണ്ഡെയെയും "വലിയൊരു" നടിയായ നമിതയെയും വിഡ്ഢിവേഷം കെട്ടിച്ചത് സംവിധായകന്റെ പാപ്പരത്തമാണോ മോഹൻലാലിനെ പൊലിപ്പിക്കാനുള്ള സൈക്കിളോടിക്കൽ മൂവോ?

4) എന്നു വച്ച് നമ്മുടെ സ്വന്തം നടന്മാർ അസാമാന്യ പ്രകടനമൊന്നുമായിരുന്നില്ല. താടി ലാൽ മാത്രം നന്നായിരുന്നു. അഭിനേതാക്കളുടെ പ്രശ്നമല്ല. തിരക്കഥ പ്രശ്നം.

No comments:

Post a Comment