ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിന് വായിക്കാൻ കൊടുത്ത പുസ്തകം, അവിചാരിതമായ മഴയുടെ ചതിയിലൂടെ കൈയിൽ പെട്ടു. തിരിച്ചു കൊടുക്കുന്നതിന് മുമ്പെ വായിച്ചേക്കാം എന്നു കരുതിയാണ് തുറന്നത്. സാധാരണ ചെറുകഥാ സമാഹാരങ്ങൾ ഒറ്റയിരിപ്പിന് വായിക്കാൻ സാധിക്കാറില്ല. ഒരു കഥയിൽ നിന്നു മറ്റൊന്നിലേക്കു കടക്കുമ്പോൾ മനസ്സ് ഒന്ന് പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കും. എന്നാൽ ഈ പുസ്തകം രാത്രി വൈകുന്നതു വരെ ഇരുന്നു (കിടന്നും) വായിച്ചിട്ടേ താഴെ വെക്കാൻ കഴിഞ്ഞുള്ളൂ.
യമ എഴുതിയ ഒരു വായനശാലാ വിപ്ലവം ഏഴു കഥകൾ അടങ്ങിയ പുസ്തകമാണ്. ഒരു കഥയൊഴിച്ച് എല്ലാം സ്ത്രീ കേന്ദ്രീകൃതം. എന്നാൽ സാധാരണ കണ്ടുവരുന്ന അച്ചുവാർപ്പുകൾക്ക് ഒപ്പിച്ചുള്ള കഥാപാത്രസൃഷ്ടി പ്രതീക്ഷിക്കരുത്. യമയുടെ സ്ത്രീകൾ ജീവനുള്ളവരാണ്. സമൂഹത്തിൽ കഷ്ടതകളോടെ ജീവിക്കുകയും ആ ജീവിതത്തെ പുണരുകയും എന്നാൽ അതേ സമൂഹത്തോട് കലാപം നടത്തുകയും ചെയ്യുന്നവർ.
മേൽപ്പറഞ്ഞതിൽ ഒരു വൈരുദ്ധ്യമില്ലേ?അക്കാണുന്ന വൈരുദ്ധ്യമാണ്, ഈ കഥകളിൽ കഥാകാരി ഒളിച്ചു കടത്തുന്ന ബ്ലാക്ക് കോമഡി. ഇതിലെ കഥാപാത്രങ്ങളുടെ കലാപങ്ങൾ സമൂഹത്തിന് എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ പര്യാപ്തമായേക്കില്ല. മാറ്റി നിർത്തപ്പെട്ടവരായ തങ്ങളെ സമൂഹം എപ്പോഴെങ്കിലും മാടി വിളിക്കുന്നത് ചൂഷണത്തിനായാണ് എന്നു നല്ല ബോദ്ധ്യം അവർക്കുണ്ട്. അവരുടെ അതിജീവനത്തിന് അത് ആവശ്യമാണെന്നും അവർക്കറിയാം. അതുൾക്കൊണ്ട് അവർ നടത്തുന്ന വിപ്ലവമാണ് ഇതിലെ കഥാ തന്തുക്കൾ. ഒളി മങ്ങിയ അസ്തിത്വങ്ങൾക്ക് ഒരു പുതു അർത്ഥം തേടാൻ അത് അവരെ പ്രേരിപ്പിക്കുന്നു.
സമൂഹത്തിന്റെ അരികുകളിലൂടെ ജീവിച്ചുപോകുന്നവരുടെ ചിത്രീകരണം കഥാകാരി പൂർത്തിയാക്കുന്നത് ഏറ്റവും രൂക്ഷമായ കടും വർണ്ണങ്ങളിലാണ്. ചോര പൊടിയുന്ന ആഖ്യാനം. പല വാചകങ്ങളും മനുഷ്യവർഗത്തിന്റെ ഇരട്ടത്താപ്പ് നയങ്ങളോടുള്ള പ്രതിഷേധം. ഒരു ഉദാഹരണം താഴെ:
ഒരേ ചരിത്രസമയത്തിന്റെ വ്യത്യസ്ത ഓർമ്മകൾ പാരമ്പര്യമായി ഉൾക്കൊണ്ട പലേവിധ ജാതിക്കാർ ഒറ്റയ്ക്കും കൂട്ടമായും ചിതറിക്കിടക്കുന്ന ഒരു പഞ്ചായത്ത്.
ഒരൊറ്റ വാചകം ചരിത്രവും നരവംശശാസ്ത്രവും ജനിതകവും രാഷ്ട്രീയവും ഭൂമിശാസ്ത്രവും ഉൾക്കൊള്ളുന്നു. ഇസ്രയേൽ-പലസ്തീൻ പ്രശ്നം മുതൽ സദ്യയ്ക്ക് പപ്പടം കിട്ടാത്തതിന് നടന്ന അടി വരെയുള്ള തർക്കങ്ങളുടെ അടിസ്ഥാനം വിവരിക്കാനുള്ള ശക്തി ഈ വാചകത്തിനില്ലേ? ഓരോ കഥകളായി എടുത്ത് വിസ്തരിക്കുന്നില്ല. വ്യത്യസ്ത ദ്വന്ദ്വങ്ങളിൽ നിൽക്കുന്നു എന്നു തോന്നിയ രണ്ടു കഥകൾ എടുത്തു പറയാം.
ഒരു വായനശാലാ വിപ്ലവം മറ്റു കഥകളേക്കാൾ വളരെ തീവ്രത കുറഞ്ഞ ഭാഷയിൽ, പ്രകടമായ ഹാസ്യഭാവത്തിന് പ്രാധാന്യം നൽകുന്ന കഥയാണ്. വായിക്കാനുള്ള അവകാശം തടഞ്ഞു വെച്ച അഴിമതിക്കാരായ അധികാരികളെ വഴിക്കു വരുത്തുന്ന ലീലാമ്മ എന്ന സാധാരണക്കാരിയുടെ കഥ ഒരു കടുത്ത വായനക്കാരൻ ആയതിനാലാണ് എന്നെ അദ്യം ആകർഷിച്ചത്. എന്നാൽ മറ്റു കഥകളിൽ പ്രതിപാദിച്ചിരിക്കുന്ന ആത്മസംഘർഷങ്ങളേക്കാൾ തീവ്രമാണ് സമൂഹത്തോടുളള ലീലാമ്മയുടെ ഒറ്റയ്ക്ക് നിന്നുള്ള എതിരടി. ഹാസ്യത്തിന്റെ ആവരണം അഴിച്ചു മാറ്റിയപ്പോഴാണ് സ്വന്തം മക്കൾ പോലും തള്ളിപ്പറയുന്ന ഈ വിപ്ലവകാരിയുടെ കഥയുടെ ആത്മാവു വെളിവായത്.
ആമുഖത്തിൽ കഥാകാരി ആഗ്രഹിച്ച പ്രപഞ്ചത്തേയും അനന്തമായ സമയത്തേയും കുറിച്ചുള്ള എഴുത്താണ് ദൈവം എന്ന കഥ. മനുഷ്യരെ തന്റെ രൂപത്തിൽ സൃഷ്ടിച്ച ദൈവം എന്ന വീമ്പു പറച്ചിലിനാണ് ആദ്യത്തെ വീക്ക്. ഏകാന്തനായി ഇഴഞ്ഞു നീങ്ങുന്ന ദൈവവും, ദൈവമാകാൻ വേണ്ടി, പുരപ്പുറത്ത് കുടുങ്ങിയ പൂച്ചയെ സഹായിക്കാത്ത ശാസ്ത്രജ്ഞനും, എല്ലാ വിജ്ഞാനവും വഹിക്കുന്ന ഗ്രന്ഥശാലയിൽ വസിക്കുന്ന കണ്ണില്ലാത്ത കുട്ടികളും, ആധുനിക മനുഷ്യന്റെ നേർക്കു പിടിച്ച കണ്ണാടി തന്നെ. സയൻസ് ഫിക്ഷനും ഫാന്റസിയും കലർന്ന കഥാഖ്യാനം മറ്റു കഥകളുടെ തീക്ഷ്ണതയ്ക്കൊപ്പം എത്താൻ പ്രയാസപ്പെടുമ്പോഴും ആശയപരമായി ചേർന്നു നിൽക്കുന്നത് തന്നെയാണ്.
സ്ത്രീകളുടെ കഥ പറയാൻ വേണ്ടി ചെടിപ്പിക്കുന്ന ആശയസംഹിതകളിൽ അഭയം തേടാത്ത, ശരിതെറ്റുകളെ സമൂഹ മനസ്സാക്ഷിയുടെ മാത്രം പ്രതിബിംബങ്ങളിലൂടെ കാണാത്ത, ആഖ്യാന രീതിയിൽ മലയോളവും കടലോളവും ഭിന്നത പുലർത്തുന്ന കഥകൾ.
No comments:
Post a Comment