Wednesday, October 4, 2023

കണ്ണൂർ സ്ക്വാഡിലെ അശ്ലീലം

 വിഷയത്തിലേക്ക് കടക്കുന്നതിനു മുൻപ്, അശ്ലീലം എന്ന വാക്ക് എന്താണെന്ന് ഒന്നു നോക്കാം. ശബ്ദതാരാവലി നോക്കിയാൽ ഒരു അർത്ഥം, നാണം തോന്നിക്കുന്നത് എന്നാണ്. സഭയിൽ പറയാൻ പാടില്ലാത്തത് എന്നും കാണുന്നുണ്ട്. അപ്പോൾ, കേൾക്കുമ്പോൾ അല്ലെങ്കിൽ കാണുമ്പോൾ ബഹുജനങ്ങൾക്ക് നാണം തോന്നുന്നത് അശ്ലീലമാണ്.

ഇനി കണ്ണൂർ സ്ക്വാഡിലേക്ക് വരാം. കഴിഞ്ഞ ദിവസമായിരുന്നു പടം കണ്ടത്. കുഴപ്പമില്ലാത്ത അനുഭവമായിരുന്നു . കുറച്ചു വലിഞ്ഞതുപോലെ പോലെ തോന്നി. എന്നാലും സാങ്കേതികമായും അഭിനയപരമായും മികച്ച നിലവാരം പുലർത്തി. സംഘട്ടന രംഗങ്ങൾ വളരെ മികച്ചതായിരുന്നു. എന്നാൽ അവ കഥയുടെ ടോണിൽ നിന്ന് മാറി നിൽക്കുന്നതുപോലെ തോന്നി. പക്ഷേ സിനിമയുടെ റിവ്യൂ അല്ല എനിക്ക് പറയാനുള്ളത്, കണ്ടുകൊണ്ടിരിക്കുമ്പോൾ തേൾ കുത്തിയത് പോലുള്ള ഒരു അനുഭവമാണ്. 

ഒരു കൊലക്കേസ് പ്രതിയെ അന്വേഷിച്ചു കൊണ്ട് നാല് പോലീസുകാരുടെ സംഘം അന്യനാടുകളിലൂടെ നടത്തുന്ന ഉദ്വേഗജനകമായ യാത്രയാണ് കഥാപാശ്ചാത്തലം. ഒടുവിൽ അവർ ഉത്തർപ്രദേശിൽ എത്തിച്ചേരുകയാണ്. അവിടുത്തെ പോലീസിന്റെ സഹായം തേടിച്ചെന്ന അവർ കാണുന്നത്, പൊതു കിണറ്റിലെ വെള്ളം കോരി എന്ന കുറ്റത്തിന് പ്രശ്നത്തിലായ ഒരു സ്ത്രീയെയാണ്. തൻറെ കീഴിലുള്ള പോലീസുകാരൻ, എന്താണ് പ്രശ്നം എന്ന് ചോദിക്കുമ്പോൾ മമ്മൂട്ടിയുടെ കഥാപാത്രം നൽകുന്ന ഉത്തരം, 'ഇത് കേരളമല്ല, അതുതന്നെ', എന്നാണ്. അതായത് ഇതൊക്കെ ഉത്തർപ്രദേശിൽ മാത്രമേ സംഭവിക്കൂ, കേരളത്തിൽ ഇങ്ങനെ ഒന്നും ഒരിക്കലും നടക്കില്ല എന്ന് തന്നെ. 

ഇത് കേട്ടപ്പോൾ എനിക്ക് മോശം തോന്നിയെങ്കിലും ഞാനത് വിട്ടു കളഞ്ഞു. എന്നാൽ പിറ്റേന്ന് ഒരു ഓൺലൈൻ മാധ്യമത്തിൽ കണ്ണൂർ സ്ക്വാഡിലെ ഈയൊരു സംഭാഷണം വിഷയം ആക്കി ഒരു ലേഖനം കണ്ടു. അത് കേരളവും ഉത്തർപ്രദേശും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി തരുന്ന രംഗമാണ് എന്നൊക്കെ ആയിരുന്നു അവർ എഴുതിക്കൂട്ടിയത്. അത് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതണമെന്ന് തോന്നിയത്.

ഉത്തർപ്രദേശിൽ ദളിതർക്ക് എതിരായുള്ള അതിക്രമങ്ങൾ നടക്കാറുണ്ട്. ഉത്തർപ്രദേശിൽ മാത്രമല്ല ബീഹാറിലും മറ്റു പല സംസ്ഥാനങ്ങളിലും ഇതുപോലുള്ള അതിക്രമങ്ങൾ നാം വാർത്തകളിൽ കാണുന്നുണ്ട്. തമിഴ്നാട്ടിൽ ഈ അടുത്താണ്, താഴ്ന്ന ജാതിയിലുള്ള ഒരു പാചകക്കാരൻ തയ്യാറാക്കിയ ഭക്ഷണം കഴിക്കാൻ സ്കൂൾ കുട്ടികൾ വിസമ്മതിച്ചതും, എംപി തന്നെ അത് പരിഹരിക്കാൻ ഇറങ്ങിയതും നാം കണ്ടത്. 

കേരളത്തിൽ അങ്ങനെയൊന്നുമില്ല, ദളിതർ സുരക്ഷിതരാണ്, എന്നാണോ സിനിമ ഉദ്ദേശിക്കുന്നത്? ഈയടുത്താണ് കേരളത്തിലെ ഒരു എംഎൽഎ ഒരു മാധ്യമപ്രവർത്തകനെതിരെ എസ് സി എസ് ടി ആക്ട് പ്രകാരം കേസ് കൊടുത്തത്, ജാതി പറഞ്ഞ് തന്നെ ആക്ഷേപിച്ചു എന്ന് പറഞ്ഞ്. ഒരു എംഎൽഎക്ക് ഈ ഗതി ആണെങ്കിൽ സാധാരണ ദളിതരുടെയും ആദിവാസികളുടെയും കാര്യം കേരളത്തിൽ എന്തായിരിക്കും? ഭക്ഷണം കഴിക്കാൻ ഇല്ലാതെ മോഷ്ടിച്ച, സ്ഥിരബുദ്ധി ഇല്ലാത്ത ഒരു പാവം ആദിവാസി യുവാവിനെ, സംഘം ചേർന്ന് തല്ലിക്കൊന്നതും, അയാളുടെ കുടുംബം നടത്തിയ നിയമ പോരാട്ടവും നാം മറന്നിട്ടില്ലല്ലോ? അപ്പോൾ ഇത് കേരളമല്ല, കേരളം ഇങ്ങനെയല്ല, എന്നൊക്കെ പറയുന്നതിൽ വലിയ സാംഗത്യം ഒന്നുമില്ല. 

എന്തായിരിക്കും ഈ സംഭാഷണത്തിന്റെ മനശാസ്ത്രം? മലയാളികളുടെ പബ്ലിക് ഡിസ്കോഴ്സ് ശ്രദ്ധിച്ചാൽ മനസ്സിലാവുന്ന കാര്യം, എല്ലാത്തിന്റെയും മുകളിൽ വിജ്രംഭിച്ചു നിൽക്കുന്ന സുപീരിയോറിറ്റി കോംപ്ലക്സ് ആണ്. നമ്മൾ മറ്റെല്ലാവരെക്കാളും മഹാന്മാരാണ്, വലിയവരാണ്, പ്രബുദ്ധരാണ്, ഇതൊക്കെ നമ്മൾ തന്നെ പറഞ്ഞു കൊണ്ടിരിക്കുക, ഭാവിച്ചു കൊണ്ടിരിക്കുക, വിശ്വസിച്ചു കൊണ്ടിരിക്കുക. ഇതാണ് ശരാശരി മലയാളിയുടെ ശൈലി. അതുമാത്രമല്ല നമ്മളിൽ നിന്ന് അന്യമായ ഒരു സാംസ്കാരിക ബോധം പുലർത്തുന്നവരെ നമ്മൾ എന്നും ഇടിച്ചുതാഴ്ത്തിയേ സംസാരിക്കുകയുള്ളൂ. തെലുഗു സിനിമ മോശമാണ്, തമിഴ് സാഹിത്യം ചവറാണ്, കന്നഡിഗ ഭക്ഷണം വായിൽ വയ്ക്കാനാവില്ല, ഉത്തരേന്ത്യൻ രാഷ്ട്രീയം മുഴുവൻ ഗുണ്ടായിസം ആണ് എന്നിങ്ങനെയൊക്കെ. 

മനുഷ്യർ ഒത്തുചേർന്നുകൊണ്ട് നടത്തുന്ന എല്ലാ പ്രസ്ഥാനങ്ങൾക്കും, അത് സംഘടനകൾ ആയാലും, രാഷ്ട്രങ്ങളായാലും, കുടുംബങ്ങൾ ആയാലും, മതങ്ങൾ ആയാലും, സമുദായങ്ങൾ ആയാലും, സംസ്ഥാനങ്ങൾ ആയാലും, എന്തെങ്കിലുമൊക്കെ ഫോൾട്ട് ലൈൻസ് ഉണ്ടാകും. ചിലപ്പോൾ ഒരു സംഘടനയിലെ വനിതകൾക്ക് വേണ്ട ബഹുമാനം ലഭിക്കില്ല, ചിലപ്പോൾ ഒരു സമൂഹത്തിലെ ചില സമുദായങ്ങളെ മറ്റുള്ളവർ അടിച്ചമർത്തിയേക്കും, ചിലപ്പോൾ ചില സമൂഹങ്ങളിൽ സാമ്പത്തിക അരാജകത്വം കൊടികുത്തി വാഴും, ചില രാഷ്ട്രങ്ങൾ അഴിമതിയുടെ കൂത്തരങ്ങായിരിക്കും. ഇതൊക്കെ പല ഫോൾട്ട് ലൈൻസ് ആണ്. ഇവ കാലാകാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുകയും, ഒരു പരിധി വിട്ടുകഴിഞ്ഞാൽ ആ സമൂഹത്തെ തകർക്കുകയും ചെയ്യും. 

ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ഉള്ള ഒരു ഫോൾട്ട് ലൈൻ ആണ് ദളിതരോടും ആദിവാസികളോട് ഉള്ള അക്രമം. ഇവയെ ചെറുക്കാൻ വേണ്ടി ഭരണഘടന തന്നെ പല സംവിധാനങ്ങളും ഏർപ്പെടുത്തിയിരിക്കുകയും, നിയമവ്യവസ്ഥകളിൽ കാലാകാലമായി സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യാറുണ്ട്. പക്ഷേ ചില സമൂഹങ്ങളിൽ ഇവ പല പ്രതികൂല സാഹചര്യങ്ങളും കാരണം വേണ്ട രീതിയിൽ ഉപയോഗിക്കപ്പെടാറില്ല. അപ്പോഴാണ് നമ്മൾ പൊതുഗണത്തിൽ നിന്ന് ദളിതർ വെള്ളം എടുത്തു എന്നും മറ്റും പറഞ്ഞുള്ള വാർത്തകളും മറ്റും പത്രങ്ങളിൽ കാണുന്നത്. 

ഇത് ചൂണ്ടിക്കാണിക്കുകയും, ഇതിനെ കുറ്റപ്പെടുത്തുകയും ചെയ്യേണ്ടത് എല്ലാ മാധ്യമങ്ങളുടെയും കടമയാണ്. അവനവന്റെയും മറ്റുള്ളവരുടെയും ഫോൾട്ട് ലൈൻസ് ഒരു മറയുമില്ലാതെ തുറന്നു കാണിക്കേണ്ടത് ലോകത്തിൻറെ നിലനിൽപ്പിന് ആവശ്യമായ ഒരു പ്രവർത്തനമാണ്. അതിനാൽ തന്നെ കണ്ണൂർ സ്ക്വാഡ് എന്ന സിനിമയിൽ, ഉത്തർപ്രദേശിൽ ചിത്രീകരിച്ച രംഗങ്ങളിൽ ദളിതർക്ക് എതിരെയുള്ള അതിക്രമത്തെ കുറിച്ചുള്ള ഒരു റഫറൻസ് ഉൾപ്പെടുത്തിയത് വളരെ മികച്ച സിനിമാറ്റിക് ബ്രില്ല്യൻസ് ആണ്. എന്നാൽ 'കേരളമല്ല, അത്രതന്നെ', എന്ന നാണം കെടുത്തുന്ന, മലയാളിത്ത സുപ്പീരിയോറിറ്റി കോംപ്ലക്സിന്റെ അശ്ലീലം തിരുകിക്കേറ്റിയത് വഴി ഈ രംഗത്തിന്റെ എല്ലാ പ്രാധാന്യവും നശിപ്പിച്ചു കളഞ്ഞതാണ് എനിക്ക് തോന്നിയത്. ഒരു പ്രധാനപ്പെട്ട പ്രശ്നം ചൂണ്ടിക്കാണിക്കുന്നതിന് പകരം യഥാർത്ഥമല്ലാത്ത സ്വന്തം മേന്മയുർത്തി കാട്ടാനുള്ള ദയനീയ ശ്രമമായി മാറിപ്പോയി. 


നാളെ, ഒരു കന്നഡ സിനിമയിൽ, കൊച്ചിയിലേക്ക് സ്ഥലം മാറിവന്ന വീട്ടുസാധനങ്ങൾ ഇറക്കാൻ നോക്കുന്ന നായകനോട് ചുമട്ടുതൊഴിലാളികൾ തർക്കിക്കുന്ന രംഗം കാണിച്ചതിനു ശേഷം, എന്തു പറ്റിയെന്ന് ചോദിക്കുന്ന നായികയോട്, ഇത് കർണാടക അല്ല അതുതന്നെ, എന്ന് നായകൻ ചോദിക്കുന്ന രംഗം എങ്ങനെ ഉണ്ടാകും? അല്ലെങ്കിൽ ഉത്തരേന്ത്യൻ സിനിമയിലെ നായകൻറെ മലയാളിയായ ബോസ് റിട്ടയർ ചെയ്തതിനുശേഷം, സഹകരണ ബാങ്കിൽ നിക്ഷേപിച്ച തൻറെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് ചികിത്സ കിട്ടാതെ മരിക്കുകയും, തുടർന്ന് ബോർഡ് മീറ്റിംഗിൽ ബോസിന് എന്തുപറ്റി എന്ന് ചോദിക്കുന്ന സഹപ്രവർത്തകരോട് നായകൻ, മുംബൈ അല്ല അത് തന്നെ, എന്ന് പറയുന്ന രംഗം ആയാലോ? 


No comments:

Post a Comment