Tuesday, July 18, 2023

ഊരുകാവലും സംസ്കാരങ്ങളുടെ സംഘട്ടനവും

 രാമായണ മാസാരംഭത്തിൽ രാമകഥയുടെ ഒരു പാഠഭേദം വായിക്കാൻ എടുത്തത് തികച്ചും യാദൃശ്ചികമായിരുന്നു. ഊര് കാവൽ എന്ന സാറാ ജോസഫിന്റെ നോവലിന്റെ പ്രതിപാദ്യം എന്താണെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല. രാമായണത്തിലെ സീതാപഹരണം മുതൽ ശ്രീരാമന്റെ ലങ്കാവിജയം വരെയുള്ള ഭാഗം വാലീപുത്രനായ അംഗദന്റെ വീക്ഷണത്തിൽ നിന്ന് കാണിക്കാനുള്ള ശ്രമമാണ് ഊര് കാവൽ. 


കിഷ്കിന്ധയുടെ അധിപനായ വാനര രാജാവ് വാലിയുമായി രാജ്യത്ത് നിന്നും നിഷ്കാസിതനായ സുഗ്രീവൻ മല്ലയുദ്ധത്തിലേർപ്പെടുമ്പോൾ മറഞ്ഞുനിന്ന് രാമൻ വാലിയെ എയ്തുവീഴ്ത്തുന്നു. മരണാസന്നനായ വാലി, സുഗ്രീവനെ രാജ്യവും തന്റെ പുത്രന്റെയും ഭാര്യയുടെയും സംരക്ഷണവും ഏൽപ്പിക്കുന്നു. അച്ഛന്റെ മരണശേഷം അംഗദൻ നേരിടുന്ന ആത്മ സംഘർഷമാണ് നോവലിന്റെ പ്രധാന ഇതിവൃത്തം. 

ഇതിഹാസങ്ങളുടെ പ്രത്യേകത, അവയുടെ കഥാപാത്രങ്ങളുടെ പൂർണ്ണതയാണ്. ധർമ്മാധർമ്മങ്ങൾ കൃത്യമായി വ്യവച്ഛേദിച്ച് ധർമ്മ പക്ഷം മുറുക്കെ പിടിക്കുമ്പോഴും വാത്മീകിയോ വ്യാസനോ അവരുടെ കഥാപാത്രങ്ങൾക്ക് ഏകമാനസ്വഭാവം കൊടുക്കുന്നില്ല. അവരുടെ വ്യവഹാരങ്ങളെ ഒരൊറ്റ പക്ഷത്തിൽ ഒതുക്കി നിർത്തുന്നുമില്ല. അധർമ്മിയായ രാവണന്റെ പാണ്ഡിത്യത്തെയും പരാക്രമത്തേയും വാനോളം പുകഴ്ത്തുന്ന ആദികവി, ധർമ്മ പക്ഷത്തു നിൽക്കുന്ന സുഗ്രീവന്റെ വിഷയാസക്തിയേയും ലക്ഷ്മണന്റെ മുൻകോപത്തെയും പരിഹസിക്കുന്നുമുണ്ട്.

 പുരുഷന്മാരിൽ ഉത്തമനാര് എന്ന പാർവതിയുടെ സംശയത്തിന് ഉത്തരമായി പരമേശ്വരൻ ചൊല്ലുന്ന രാമായണം അവസാനിക്കുന്നത്, രാജധർമ്മത്തിനായി പത്നിയെ ത്യജിച്ചെങ്കിലും, സീതാവിയോഗത്തിന്റെ ആഘാതം താങ്ങാനാവാതെ സരയൂനദിയിൽ അലിഞ്ഞു ചേരുന്ന വ്യസനാക്രാന്തനായ രാമനിലാണ്. ഈ കഥാപാത്രപൂർണ്ണതയാണ് രാമായണമോ മഹാഭാരതമോ അധികരിച്ച് വ്യത്യസ്തമായ പരിപ്രേക്ഷ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരു കഥാകാരനും പുനഃസൃഷ്ടിക്കാൻ സാധിക്കാത്തതും.

 രാമചരിതമാനസമായാലും രണ്ടാമൂഴമായാലും ഊര് കാവലായാലും വായനാ സുഖവും മറ്റൊരു തലത്തിൽ നിന്നുള്ള കാഴ്ചയും തരുന്നുണ്ടെങ്കിലും, ഇതിഹാസങ്ങളുടെ വിഹഗവീക്ഷണം ഒരു മണ്ഡൂകവീക്ഷണത്തിലേക്ക് പരിമിതപ്പെടുന്നത് കാണാതിരിക്കരുത്. റോയിട്ടറിൽ നിന്നു കിട്ടുന്ന വാർത്താശകലം ലോക്കൽ പ്രസ്സുകൾ അവരവരുടെ ആശയത്തിനും രാഷ്ട്രീയത്തിനും അനുസൃതമായി സെൻസേഷനലൈസ് ചെയ്തു പ്രസിദ്ധീകരിക്കുന്നത് പോലെ. 

ഊര് കാവലിലെ അംഗദൻ തന്റെ അച്ഛന്റെ ഖാതകരോട് പൊറുക്കാനാകാതെ  തപിച്ച് നടക്കുന്ന, രാമരാവണയുദ്ധത്തിൽ പങ്കു ചേരാനാഗ്രഹിക്കാത്ത, രാമനെ സംശയത്തോടെ മാത്രം കാണുന്ന കഥാപാത്രമാണ്.  യുദ്ധം ആഗ്രഹിക്കാത്ത, ഹിംസ ഇഷ്ടമല്ലാത്ത, തനിക്ക് ലഭിക്കുന്ന ചുമതലകൾ പാതി മനസ്സോടെ നിറവേറ്റുന്ന യുവാവ് ഒടുക്കം രാമന്റെ വധത്തിനായി വാളെടുത്തിറങ്ങുന്നു. മനുഷ്യന്റെ ആദിമചോദനയാണ് സാറാ ജോസഫിന്റെ അംഗദൻ. തന്നേ കൂട്ടാതെ, തന്റെ ഇംഗിതത്തിന് വഴങ്ങാതെ, കുതിച്ച് മുന്നേറുന്ന കാലപുരോഗതിയോട് എതിർത്ത്, കലാപം നടത്തുന്ന യുവതയുടെ പ്രതിരൂപമാണയാൾ. 

വാല്മീകിയുടെ അംഗദൻ, രാമോപദേശം കേട്ട് എല്ലാ പാപങ്ങൾക്കും പ്രായശ്ചിത്തമായി സുഗ്രീവനെ രാജാവാക്കിയ വാലിയുടെ അവസാന വാക്കുകളെ ആപ്തവാക്യമാക്കി സീതാന്വേഷണത്തിൽ മുന്നിട്ടു നിന്ന വീരൻ. രാവണനോട് ദൂതിന് പോയപ്പോൾ സഭയിൽ വെച്ച് അയാളെ അപഹസിച്ച് തിരിച്ച് വന്നവൻ. രാമലക്ഷ്മണർക്കോ സാക്ഷാൽ മാരുതിയ്ക്ക് പോലുമോ വെല്ലാനാകാത്ത മേഘനാദൻ എന്ന ഇന്ദ്രജിതനെ തടുത്തു നിർത്തിയവൻ. സാഹിത്യത്തിന്റെ ഉദ്ദേശ്യം മൃഗചോദനയിൽ നിന്ന് മനുഷ്യനെ ഉയർന്ന ഒരു തലത്തിലേക്ക് എത്തിക്കുകയാണ് എന്ന ആശയത്തിൽ നിന്ന്, സമൂഹത്തിന്റെ അരക്ഷിതത്വത്തെ പ്രതിഫലിപ്പിക്കുകയാണ് എന്ന പ്രായോഗിക മാർഗത്തിലേക്കുള്ള ദൂരമാണോ ഈ വ്യത്യാസം കാട്ടുന്നത്? 

അങ്ങനെ നോക്കുമ്പോൾ ഊര് കാവൽ എന്ന നോവൽ മിത്തോളജിയുടെ തലത്തിൽ നിന്നും അല്ലാതെയുള്ള ഒരു വായന ആവശ്യപ്പെടുന്നുണ്ടാവാം. അയോദ്ധ്യയിൽ നിന്നുള്ള യോദ്ധാക്കളുടെ കൈയിലുള്ള ഇരുമ്പായുധങ്ങൾ, കല്ലുകൾ കൊണ്ടും മുഷ്ടി കൊണ്ടും പൊരുതുന്ന കിഷ്കിന്ധാ വാസികളെ ഭയപീഢിതരാക്കുന്നുണ്ട്. ശിലായുഗത്തിൽ നിന്ന് ലോഹയുഗത്തിലേക്ക് പരിണമിക്കുന്ന മനുഷ്യനെ നമുക്ക്  ഇവിടെ കാണാം. 

 വാനരവംശികൾ നാഗരികരോട് സമവായത്തിലെത്തുന്നതും, അവരുടെ യുദ്ധങ്ങൾ പൊരുതാൻ കൂട്ടു നിൽക്കുന്നതും, അവരോടൊപ്പം എത്താൻ മോഹിക്കുന്നതും, തങ്ങൾ കാലങ്ങളായി പാലിച്ച് വന്ന നിയമങ്ങളും രീതികളും മാറ്റിമറിച്ചു നവാഗതരോട് സമരസപ്പെടുന്നതും ഒരു സംസ്കാരം മറ്റൊന്നിനെ ആഗിരണം ചെയ്യുന്നതിന്റെ കാഴ്ച തന്നെ. മാറുന്ന ചുറ്റുപാടുകളോടും, സംസ്കാരഭഞ്ജനത്തോടും മാനസികമായി ഒത്തു പോകാൻ പറ്റാതെ, എന്നാൽ സാഹചര്യങ്ങൾ നിർബന്ധം പിടിക്കുമ്പോൾ ഒഴിഞ്ഞു മാറാൻ സാധിക്കാതെ, മോഹഭംഗത്തിനടിമയായി, തന്റേതല്ലാത്തതിനെ ശത്രുവാക്കി, ഒടുവിൽ ശത്രുവിന്റെ തന്നെ ആയുധം ഉപയോഗിച്ച് അവനെ വധിക്കാൻ ഇറങ്ങുന്ന യുവത്വം ഇന്നിന്റെ കഥ തന്നെ. 

മനുഷ്യ പുരോഗതിയെ മുന്നോട്ടു നയിക്കുന്ന സാങ്കേതിക നേട്ടങ്ങൾ പലതും യുദ്ധത്തിന്റെ സംഭാവനകളാണെന്നും, യുദ്ധത്തിന് മുന്നിട്ടിറങ്ങുന്ന യുവാക്കളെ സ്വാധീനിക്കാനായുള്ള സൈദ്ധാന്തിക ആശയങ്ങളുടെ പൊള്ളത്തരവും, നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്. 

പലരും ഊര് കാവലിൽ ഒരു ഫെമിനിസ്റ്റ് പാഠം കൂടി വായിക്കുന്നത് കണ്ടു. താരയും രുമയും മികച്ച വ്യക്തിത്വം പ്രകടിപ്പിക്കുന്ന സ്ത്രീ കഥാപാത്രങ്ങളാണ്. എന്നാൽ ഇവരാരും പാരമ്പര്യം തങ്ങൾക്കൊരുക്കി വെച്ച കളത്തിനപ്പുറം ചാടാൻ ശ്രമിക്കുന്നത് കണ്ടില്ല, അന്തപ്പുരത്തിനുള്ളിൽ തങ്ങളുടെ കലാപം നടത്തുന്നെങ്കിലും, സാമൂഹിക അധികാര മണ്ഡലത്തിൽ ഫലപ്രദമായി ഇടപെടുന്നില്ല. പുത്രദുഃഖത്താൽ തപ്തയായ താരയാകട്ടെ, അംഗദനെ അടക്കി നിർത്താൻ സ്ത്രീകളെ സമ്മാനിക്കാനാണ് ശ്രമിക്കുന്നത്. പുരുഷാധിപത്യം കൈയടക്കിവെച്ച അധികാരത്തെ തന്നെ ജീവിക്കാനായി ആശ്രയിക്കുന്നവർ. 

സീത വാത്മീകി രാമായണത്തിലെ അത്യുജ്ജ്വല കഥാപാത്രമാണ്. രാവണനോടുള്ള നിസ്സഹകരണ സമരവും, അഗ്നിപരീക്ഷ ചെയ്യേണ്ടി വരുമ്പോൾ രാമനോട് ചോദിക്കുന്ന ചോദ്യശരങ്ങളും ഉദാഹരണങ്ങൾ മാത്രം. എന്നാൽ ഊര് കാവലിലെ സീത ദുർബലയായ, ഭർത്താവിനെ മാത്രം ആശ്രയിക്കുന്ന ഒരു പാവം പെൺകുട്ടി മാത്രം. 

മിത്തോളജിയുടെയും രാമായണത്തിന്റെയും കെട്ടുപാടുകളിൽ നിന്നും മാറി, സംസ്കാര സംഘട്ടനം (clash of civilisations) എന്ന ആശയം മനസ്സിൽ വെച്ചു വായിക്കേണ്ട ഒരു കൃതിയായിട്ടാണ് സാറാ ജോസഫിന്റെ ഊര് കാവലിനെ ഞാൻ വായിച്ചെടുക്കുന്നത്. 

No comments:

Post a Comment