Tuesday, June 13, 2023

ഒരു അന്തിക്കാടൻ ജീവചരിത്രം


ഞാൻ ജീവിതത്തിൽ ആദ്യമായി ശ്രദ്ധിച്ച സംവിധായകൻ ഐ വി ശശിയാണ്. ലിബർട്ടി തിയേറ്ററിന്റെ പരിസരത്ത് ജീവിച്ച കുട്ടിക്കാലം ആയിരിക്കാം ഒരു കാരണം. അക്കാലത്ത് ഐവി ശശി ചിത്രങ്ങൾ തുടരെ തലശ്ശേരിയിൽ റിലീസ് ചെയ്തിരുന്നത് പഴയ ലിബർട്ടി തിയേറ്ററിൽ ആണ്. അതിനാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ മമ്മൂട്ടിയും, മോഹൻലാലും, സോമനും, റഹ്മാനും, സുകുമാരനും, സീമയും, ശോഭനയും മറ്റും നിറഞ്ഞാടിയ മൾട്ടി സ്റ്റാർ സിനിമകൾ ഒരു ഹരമായിരുന്നു.


 പിന്നീട് വൈവിധ്യമാർന്ന പടങ്ങൾ കാണാൻ തുടങ്ങിയപ്പോഴാണ് പോസ്റ്ററിന്റെ കീഴെ പ്രിൻറ് ചെയ്ത സംവിധായകരുടെ പേരുകൾ കൂടുതൽ ശ്രദ്ധിക്കുന്നത്- പ്രിയദർശൻ, സത്യൻ അന്തിക്കാട്, തമ്പി കണ്ണന്താനം, കെ മധു, ഹരിഹരൻ, ജോഷി എന്നിങ്ങനെ പല പേരുകൾ. കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ ഇവരുടെ ചിത്രങ്ങൾ കാണാൻ പോകുമ്പോൾ പ്രതീക്ഷിക്കാവുന്ന ചില ചേരുവകളും മനസ്സിലാക്കി തുടങ്ങിയിരുന്നു. ഉദാഹരണത്തിന് പ്രിയദർശൻ പടങ്ങൾ കോമഡി ആയിരിക്കും, തമ്പി കണ്ണന്താനം പടം കാണാൻ പോയാൽ നല്ല സ്റ്റണ്ട് കാണാം, ഹരിഹരൻ ചിത്രങ്ങൾ വേറെ ലെവൽ ആയിരിക്കും, എന്നിങ്ങനെ. 


ഇക്കൂട്ടത്തിൽ സത്യൻ അന്തിക്കാടിന്റെ പടങ്ങൾക്ക് വേറെ തന്നെ ഒരു ചാരുത ഉണ്ടായിരുന്നത് അന്നേ ശ്രദ്ധിച്ചിരുന്നു. നാടോടി കാറ്റും പൊന്മുട്ടയിടുന്ന താറാവും മറ്റും കാണിച്ചുതരുന്ന ലളിതവും സുന്ദരവും രസകരവും എന്നാൽ കണ്ണു നനയിക്കുന്നതുമായ ജീവിതമുഹൂർത്തങ്ങളും നർമ്മത്തിൽ പൊതിഞ്ഞ അതിനാടകീയതയില്ലാത്ത സംഭാഷണങ്ങളും അവയെ വേറിട്ടു നിർത്തി. ഇന്നത്തെ കാലത്ത്, സത്യൻ സിനിമകളെ പൊതുവേ നന്മപ്പടങ്ങൾ എന്നും മറ്റും ആണ് വിളിക്കുന്നത് കാണുന്നത്. എന്നാൽ അദ്ദേഹത്തിൻറെ സിനിമകളിലെ വൈവിധ്യം ഇന്നു, സ്കെയിലിൽ വരഞ്ഞ്, അളന്നു തൂക്കി ഉണ്ടാക്കുന്ന ചിത്രങ്ങൾക്ക് കാണുന്നുണ്ടോ? ഒരു ബാലഗോപാലനയോ ദാസനെയോ പോലെ നമുക്ക് ചിരപരിചിതനായ, എന്നാൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രം ഇന്ന് കാണാനൊക്കുമോ? തന്നെ ചതിച്ച പെണ്ണിനെ മുൻകൂറായി തന്നെ പറ്റിക്കുന്ന തട്ടാൻ ആണോ നന്മ മരം? അതോ തൻറെ ജീവിതത്തിന് ഉപദ്രവം ആകും എന്ന് കണ്ടപ്പോൾ രണ്ടു മക്കളെയും തല്ലി പുറത്താക്കിയ സന്ദേശത്തിലെ അച്ഛനോ? 


സത്യൻ അന്തിക്കാടിന്റെ ജീവിതത്തെ അവലംബിച്ച് ശ്രീകാന്ത് കോട്ടക്കൽ എഴുതിയ ജീവചരിത്രം ആണ് ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ. പൊതുവേ ഞാൻ മലയാള സിനിമയെ കുറിച്ച് വളരെ കുറച്ച് മാത്രമേ വായിച്ചിട്ടുള്ളൂ. വായിച്ചത് തന്നെ ഒരു പുസ്തകത്തിൻറെ നീളത്തിലേക്ക് വലിച്ചു നീട്ടിയ തീരെ ആഴമില്ലാത്ത പഠനങ്ങളും, ചില താരങ്ങളുടെ സ്വയം പൊങ്ങിക്കൊണ്ടുള്ള, ഉപരിപ്ലവമായ ആത്മകഥാക്കുറിപ്പുകളും, തൻറെ ആരാധനാ പാത്രത്തോടുള്ള സ്നേഹം വഴിഞ്ഞൊഴുകുന്ന കഥാകഥനങ്ങളും മാത്രമാണ്. സിനിമാ, ഗ്രന്ഥങ്ങൾക്ക് സാഹിത്യ ഭംഗി ആവശ്യമില്ല എന്ന് ഒരു കീഴ്വഴക്കം ഇവിടെയുണ്ടോ?എന്നാൽ ഈ പുസ്തകം എൻറെ ധാരണകളെ തകിടം മറിച്ചു. ഞാൻ പ്രതീക്ഷിച്ചത് സത്യൻ അന്തിക്കാടിന്റെ ഇന്നുവരെയുള്ള പ്രധാന ചലച്ചിത്രങ്ങളും, അവയുടെ വിജയഗാഥകളും, അദ്ദേഹത്തിൻറെ ജീവിതത്തിൽ നിന്നുള്ള കുറേ സംഭവങ്ങളുടെ യഥാതഥ വിവരണങ്ങളുമാണ്. എന്നാൽ ശ്രീകാന്ത് ഈ പുസ്തകത്തിൽ സത്യൻ അന്തിക്കാടിന്റെ ജീവിതം പറയുന്നതിനൊപ്പം ആ നാടും, താല്പര്യങ്ങളും, സിനിമയിലുള്ള ആദ്യകാല അനുഭവങ്ങളും എങ്ങനെ അദ്ദേഹത്തെ രൂപപ്പെടുത്തി എടുത്തു എന്നുകൂടി രേഖപ്പെടുത്തി വയ്ക്കുന്നു- അതും നല്ല കാച്ചി കുറുക്കി എടുത്ത ഭാഷയുടെ അകമ്പടിയോടുകൂടി. പല സിനിമ പുസ്തകങ്ങളും സാധാരണ ജനങ്ങളോട് ഈ മേഖലയിൽ എത്തിപ്പെടുന്നത് ഒരു ഭാഗ്യ പരീക്ഷണം ആണെന്നും, ഒന്ന് സിനിമയിൽ കയറിയാൽ ജീവിതം രക്ഷപ്പെട്ടു എന്നും പറഞ്ഞു കൊടുക്കുമ്പോൾ ഏതൊരു മേഖലയെയും പോലെ,  സിനിമയിലും പിടിച്ചു നിൽക്കണമെങ്കിൽ താല്പര്യവും, കഠിനാധ്വാനവും, ആഴത്തിലുള്ള അറിവു നേടാനുള്ള മനസ്സും ആവശ്യമാണെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. 


ശ്രീകാന്തിന്റെ വാക്കുകളിലൂടെ സത്യന്റെ ജീവിതം വായിക്കുമ്പോൾ, അദ്ദേഹത്തിൻറെ ലാളിത്യവും ഒരു സാധാരണക്കാരനായി നിലനിൽക്കാനുള്ള അഭിവാഞ്ഛയും ആണ്  മുന്നിട്ടുനിൽക്കുക. തൻറെ വേരുകളോടുള്ള കടപ്പാടും, താൻ കടന്നുവന്ന വഴികളോടുള്ള സ്നേഹവും അതിലേക്ക് എന്നും തിരിച്ചു വരാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു എന്ന് കാണാൻ സാധിക്കും. അദ്ദേഹത്തിൻറെ പ്രേമകഥ പോലും ഒരർത്ഥത്തിൽ ഈ ഒരു ആഗ്രഹത്തിന്റെ പ്രതിഫലനമായി കാണാം.


 തനിക്ക് എന്താണ് ആവശ്യം എന്ന് കൃത്യമായ ബോധ്യം ഉള്ള ഒരു ദീർഘ ദർശിയായ സത്യൻ ആണ് ഗ്രന്ഥകാരൻ കാണിച്ചു തരുന്ന മറ്റൊരു രൂപം. സിനിമയിൽ വന്നു ചേർന്നപ്പോൾ പല ഉപ മേഖലകളിലും പ്രവർത്തിക്കുകയും അതിൽ എല്ലാം മികവ് കാണിക്കുകയും ചെയ്യുമ്പോഴും തൻറെ ആത്യന്തിക ലക്ഷ്യം സംവിധായകൻ ആവുക എന്നതാണെന്ന് ഉള്ള ഉത്തമ ബോധ്യം അദ്ദേഹം കാണിച്ചിരുന്നു. 


ഗാനരചയിതാവായി ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ചപ്പോഴും, ആ മേഖലയിൽ അദ്ദേഹം കാര്യമായി തുടർന്നില്ല. സഹസംവിധായകനായി പ്രവർത്തിക്കുമ്പോൾ ആദ്യചിത്രം സംവിധാനം ചെയ്യാനുള്ള ഉദ്യമം അസ്തമിക്കുമ്പോഴും, തുടർന്ന് വലിയ വിഘാതങ്ങൾ മുന്നോട്ടുള്ള വഴിയിൽ സംഭവിക്കുമ്പോഴും, ഒരു ചുവട് പിറകോട്ട് പോയി സഹസംവിധായകനായി വീണ്ടും ജോലി ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് തൻറെ കഴിവിലുള്ള ഉത്തമമായ ബോധ്യമായിരിക്കും. 


എനിക്ക് കൂടുതൽ അത്ഭുതം തോന്നിയ ഒരു കാര്യം ഈ പുസ്തകം സത്യൻ അന്തിക്കാടിന്റെ വിജയ ചരിത്രത്തെ ഒരു പരിധിയിൽ കൂടുതൽ പിന്തുടരുന്നില്ല എന്നതാണ്. ഒരു കഴിവുറ്റ സംവിധായകൻ ആണെന്ന് സംശയാതീതമായി തെളിയിക്കുന്നത് വരെ ഉള്ള കഥ കൃത്യമായി പറഞ്ഞതിനുശേഷം ശ്രീകാന്ത് തുടർന്ന് വിവരിക്കുന്നത് സത്യന്റെ ജീവിതത്തിൽ വലിയ രീതിയിലുള്ള പ്രാധാന്യം ചെലുത്തിയ മറ്റു ചില കലാകാരന്മാരെ കുറിച്ചും അവരുമായുള്ള സത്യന്റെ ബന്ധത്തെക്കുറിച്ചും ആണ്. ശ്രീനിവാസനാണ് ആദ്യം കടന്നു വരുന്നത്. തൻറെ ജീവിത സാഹചര്യത്തിനോട് സാമ്യമുള്ള ഒരു ഭൂതകാലത്തിന് ഉടമയായ വ്യക്തിയാണ് ശ്രീനിവാസൻ എന്ന തിരിച്ചറിവ് സത്യന് ശ്രീനിയോടുള്ള ബന്ധത്തെ ഊട്ടിയുറപ്പിച്ചു. തുടർന്ന് ആ കൂട്ടുകെട്ടിൽ മോഹൻലാൽ, ഇന്നസെൻറ്, മാമുക്കോയ, തുടങ്ങി ഓരോരുത്തരായി കടന്നു വരികയും ഒരു നവസിനിമാധാരയുടെ തുടക്കം കുറിക്കുകയും ചെയ്തു. സത്യനെക്കുറിച്ച് പറയുമ്പോൾ ഈ കലാകാരന്മാരെ മറന്നു കൊണ്ടുള്ള ഒരു ആഖ്യാനം സാധ്യമല്ല. അദ്ദേഹത്തിൻറെ സിനിമാ സെറ്റുകൾ മലയാള സിനിമയിൽ സൗഹൃദത്തിന്റെയും ആരോഗ്യപരമായ കൊടുക്കൽ വാങ്ങലുകളുടെയും ഒരു സംസ്കാരം ആരംഭിച്ചു എന്ന് മനസ്സിലാക്കാം. 


സിനിമാപ്പുസ്തകങ്ങളുടെ പതിവ് ആഖ്യാന രീതികളിൽ നിന്ന് നല്ല രീതിയിൽ വ്യതിചലിക്കുകയും, റിപ്പോർട്ടിംഗ് ശൈലി അല്ലാതെ സാഹിത്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ആഖ്യാനരീതി കൊണ്ടുവരികയും ചെയ്ത ആസ്വാദ്യകരമായ പുസ്തകമാണ് ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ. തൻറെ ലോകത്ത് ആഴത്തിൽ വേരോട്ടുകയും, തുടർന്ന് കേരളമൊട്ടാകെ തഴച്ചു വളർന്ന അവയെ തൻറെ സിനിമ കണ്ട മലയാളികളിലൂടെ ലോകം മുഴുവൻ പടർത്തുകയും അങ്ങനെ ലോകം മുഴുവൻ അന്തിക്കാടാക്കുകയും ചെയ്ത ഒരു പ്രതിഭാശാലിയുടെ കഥയാണിത്. സിനിമയിൽ നിന്ന് അകന്ന് അതിൻറെ ആഡംബരങ്ങൾ കണ്ട് അമ്പരന്നു നിൽക്കുന്ന സാമാന്യ ജനത്തിന് അതിനു പുറകിലുള്ള അധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ആവശ്യം മനസ്സിലാക്കി തരാൻ കൂടി ഈ പുസ്തകം ഉപകരിക്കും. 


No comments:

Post a Comment