Saturday, May 6, 2023

ഗുരുസാഗരം: ആധുനികതയ്ക്കൊരു ഒറ്റമൂലി?


വളരെ വർഷങ്ങൾക്കു മുൻപ്, നോബൽ സമ്മാന ജേതാവായ ഒരു വിശ്വ സാഹിത്യകാരന്റെ കൃതി വായിച്ചു കഴിഞ്ഞ ശേഷം, എങ്ങനെയുണ്ട് എന്ന് ചോദിച്ച എൻറെ അമ്മാമനോട് ഞാൻ പറഞ്ഞത്, ഇതുപോലുള്ള പുസ്തകങ്ങൾ എഴുതിയ ആൾക്ക് നോബൽ കൊടുക്കാം എങ്കിൽ നമ്മുടെ ഓ വി വിജയന് ഒക്കെ പണ്ടേ അത് കിട്ടേണ്ടതാണ് എന്നായിരുന്നു. ഒ വി വിജയൻറെ ഖസാക്കിന്റെ ഇതിഹാസം എന്ന അത്ഭുത സൃഷ്ടി വായിച്ചതിന്റെ സ്വാധീനത്തിലാണ് അന്ന് ഞാൻ അത് പറഞ്ഞത്. അതിനു ശേഷം അദ്ദേഹത്തിൻറെ പല നോവലുകളും കഥാസമാഹാരങ്ങളും ലേഖനങ്ങളും മറ്റും വായിച്ചിരുന്നു. അന്ന് പറഞ്ഞതിന് ഒരു കുറവും പിന്നീട് തോന്നിയിട്ടില്ല. 

എന്നാൽ കഴിഞ്ഞ ദിവസം ആദ്യമായി ഗുരുസാഗരം വായിക്കാൻ എടുത്ത് കുറച്ചു പേജുകൾ കഴിഞ്ഞപ്പോൾ, ഞാൻ കരുതിയത് എൻറെ അഭിപ്രായം ഒന്നുകൂടെ വിലയിരുത്തണമെന്നാണ്. കാരണം എനിക്ക് ഗുരുസാഗരം തീരെ പിടി തരുന്നുണ്ടായിരുന്നില്ല. നോവലിസ്റ്റ് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. പക്ഷേ പൂർണ്ണമായ വായനക്ക് ശേഷമാണ് എന്താണ് ഇതിൽ പറയുന്നതെന്നും, എന്തിനാണ് ഇത് രചിച്ചതെന്നും ബോധ്യപ്പെടുന്നത്. ഖസാക്കിന്റെയോ അദ്ദേഹത്തിൻറെ മറ്റു കൃതികളുടെയോ യാതൊരു പിന്തുടർച്ചയുടെയും പങ്കു പറ്റാതെ തീർത്തും സ്വതന്ത്രമായി രചിക്കപ്പെട്ടതാണെന്ന് ഇതിൻറെ രചനാരീതി പരിശോധിച്ചാൽ മനസ്സിലാക്കാം. 

ഭാരതീയ തത്വശാസ്ത്രപ്രകാരം മനുഷ്യൻ ജീവിതകാലം മുഴുവൻ കർമ്മങ്ങൾ ചെയ്തു കൊണ്ടിരിക്കുകയും, ഈ കർമ്മങ്ങളാൽ ഉണ്ടാകുന്ന ബന്ധനത്തിൽ മുങ്ങിക്കിടക്കുകയും ചെയ്യുന്നു. എന്നാൽ കർമ്മ ബന്ധത്തിൽ നിന്നും പുറത്തു കടക്കുകയും ആത്മജ്ഞാനം നേടുകയും ചെയ്യുന്നതോടെ അവൻ പരമ ലക്ഷ്യമായ മോക്ഷ പ്രാപ്തിക്ക് അർഹനായിത്തീരുന്നു. ഒരു മനുഷ്യജീവന് തനതായി മോക്ഷ പ്രാപ്തി ലഭിക്കുക എന്നത് ദുഷ്കരമായതിനാൽ അവനെ അതിനു പ്രാപ്തനാക്കുവാൻ ഗുരുവിൻറെ സഹായം ആവശ്യമാണ്. തൻറെ ശിഷ്യനെ ധർമ്മ പാതയിലേക്ക് നയിക്കുകയും ആത്മബോധം നൽകുകയും ചെയ്യുക എന്നതാണ് ഗുരു ധർമ്മം. മലയാളത്തിൻറെ മഹാസാഹിത്യകാരനായ ഒ വി വിജയൻറെ ഗുരുസാഗരം എന്ന കൃതി വായിച്ചു കഴിഞ്ഞപ്പോൾ ഈയൊരു തത്വചിന്തയുടെ കഥാവിഷ്കാരമാണ് അതിൽ അടങ്ങിയത് എന്നാണ് എനിക്ക് തോന്നിയത്. 

നോവൽ ആരംഭിക്കുന്നത് കുഞ്ഞുണ്ണി തൻറെ ദേശാന്തരവാസം മതിയാക്കി തിരിച്ച് തൂതപ്പുഴയുടെ തീരത്തുള്ള തറവാട്ടിലേക്ക് മടങ്ങുമ്പോഴാണ്. വർഷങ്ങൾക്ക് മുന്നേ തന്റെ ആദ്യ ഗുരുവായ അച്ഛൻ ചൊല്ലിത്തന്ന പാഠങ്ങൾ കേട്ട് വളർന്ന സ്ഥലം. ദില്ലിയിലെ പത്രപ്രവർത്തന ജോലിയും അവിടെ നിന്ന് , പരിചയപ്പെട്ട പല രീതികളും, സ്വഭാവങ്ങളും ഉള്ള മനുഷ്യരും, കുറച്ചു വർഷങ്ങളായി കൽക്കത്തയിൽ പിരിഞ്ഞു താമസിക്കുന്ന ഭാര്യയും മകളും, ഒരു ആശ്രമം നടത്തുന്ന തൻറെ ബാല്യകാല സുഹൃത്തും, എല്ലാവരെയും ഉപേക്ഷിച്ചുള്ള ഒരു മടങ്ങിവരവ്. ഇങ്ങനെ ഒരു തുടക്കം വായിക്കുമ്പോൾ നാം കരുതുക നിരാശനായുള്ള ഒരു മടക്കയാത്രയാണിത് എന്നാണ്. എന്നാൽ കഥ അവസാനിക്കുമ്പോഴാണ് ഇതൊരു ഹതാശന്റെ തിരിച്ചുവരവല്ല, നേരെമറിച്ച് ആത്മബോധം ശ്രദ്ധിച്ച ഒരു യോഗിയുടെ തിരിച്ചുവരവാണ് എന്ന് നാം മനസ്സിലാക്കുക. 

ആരാണ് കുഞ്ഞുണ്ണിയെ ഇതിന് സഹായിച്ച ഗുരു? നോവലിന്റെ പേര് പറയുന്നതുപോലെ കുഞ്ഞുണ്ണിയെ ആത്മബോധത്തിലേക്ക് നയിക്കുന്നത് ഒരു ഗുരുവല്ല ഗുരുക്കളുടെ സാഗരമാണ്. തൻറെ ജീവിതത്തിൽ നല്ലതായാലും ചീത്തയായാലും, സന്തോഷം ആയാലും ദുഃഖം ആയാലും, ഒരു സ്വാധീനം ഉണ്ടാക്കിയവരെല്ലാം തൻറെ ഗുരുക്കന്മാരാണ്. എന്തിന് കടുത്ത സമ്മർദ്ദത്തിൽ തന്നെക്കൊണ്ട് എത്തിക്കുന്ന സന്ദർഭങ്ങൾ, അത് മാനസികമാകട്ടെ, ശാരീരികമാകട്ടെ, തൻറെ ഗുരു തന്നെയാണ് എന്ന തിരിച്ചറിവാണ് ഗുരുസാഗരം നമ്മിൽ ഉണ്ടാക്കുന്നത്. 


യുദ്ധം നോവലിലെ ഒരു പ്രധാന വിഷയമാണ്. കഥ നടക്കുന്നത് ഈസ്റ്റ് പാക്കിസ്ഥാനിൽ ആഭ്യന്തര കലഹം നടക്കുമ്പോഴാണ്. ഇന്ത്യ അതിൽ ഇടപെടുന്നതോടെ കുഞ്ഞുണ്ണിയുടെ ജീവിതവും ഈ യാഥാർത്ഥ്യത്തോട് ബന്ധിക്കപ്പെടുന്നു. കൽക്കത്തയിലേക്ക് യുദ്ധറിപ്പോർട്ടർ ആയി പോകുന്ന കുഞ്ഞുണ്ണി തൻറെ മകളോടും ഭാര്യയോടും വീണ്ടും ഒത്തുചേരാൻ ആഗ്രഹിക്കുന്നു. എന്നാൽ അത് ഒരിക്കലും സാധ്യമാവില്ല എന്ന തിരിച്ചറിവ് തൻറെ ജീവിതത്തെ മറ്റൊരു കണ്ണിലൂടെ കാണാൻ അയാളെ നിർബന്ധിക്കുന്നു. പ്രാഗിലേക്ക് റഷ്യൻ ടാങ്കുകൾ ഇരച്ചു കയറിയപ്പോൾ അഭയാർത്ഥിയായി മാറിയ ഓൾഗയുടെ അനുഭവം കുഞ്ഞുണ്ണിയുടെ അനുഭവത്തിന്റെ മുന്നോടിയായി വായിക്കാം. 

ഇഹലോക ബന്ധങ്ങളിൽ നിന്നും, ജന്മാന്തരങ്ങളായി സംഭരിച്ചുവെച്ച കർമഫലങ്ങളിൽ നിന്നും രക്ഷപ്പെടുക എന്നത് എളുപ്പമല്ല. ചിലതിനെ നമ്മൾ എടുത്തു കളയുമ്പോൾ മറ്റു ചിലത് നമ്മളിൽ നിന്നും പറിഞ്ഞ് പോകുകയാണ്. ഈ പറിഞ്ഞു പോക്ക് ഏതൊരു പരിത്യാഗിയുടെ ശരീരത്തിനെയും മനസ്സിനെയും മുറിപ്പെടുത്തും. എന്നാൽ ഈ മുറിവുകളിൽ നിന്നുള്ള അതിജീവനമാണ് മോക്ഷപ്രാപ്തിയിലേക്ക് കുഞ്ഞുണ്ണിയെ നയിക്കുന്നത്. തൻറെ അച്ഛൻറെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് തുടങ്ങുന്ന കുഞ്ഞുണ്ണിയുടെ ആത്മസാക്ഷാത്കാരത്തിന് ആയുള്ള യാത്ര ഒടുങ്ങുന്നത് തൻറെ മകളെ ഗുരുവായി സ്വീകരിക്കുന്നതിലൂടെയാണ്. തൂതപ്പുഴയുടെ തീരത്ത് നിന്ന് തുടങ്ങുന്ന യാത്ര സമാപിക്കുന്നത് തൂതപ്പുഴയുടെ തീരത്ത് തന്നെ. 

പാശ്ചാത്യ സാഹിത്യത്തിൽ നിന്ന് ഇറക്കുമതി ചെയ്ത അന്യതാ ബോധവും (alienation) അസ്ഥിത്വ ദുഃഖവും (existential crisis) നമ്മുടെ ആധുനിക സാഹിത്യത്തെയും ബോധ്യങ്ങളെയും ആവരണം ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ ആശ്രയിക്കേണ്ടത് ഭാരതീയ പാരമ്പര്യത്തെ തന്നെയാണ് എന്നതാണോ ഗുരുസാഗരം പറഞ്ഞു വയ്ക്കുന്നത്? ചോദ്യങ്ങളും പ്രശ്നങ്ങളും മാത്രം ഉന്നയിക്കാൻ പഠിച്ച ആധുനികതയ്ക്ക് ഒരു ഒറ്റമൂലി ഇതാണ് എന്നാണ് കഥാകാരൻ പറയുന്നത് എന്നാണ് എൻറെ നിഗമനം. എന്തായാലും ഇനിയും പല എഴുത്തുകാരുടെ പുസ്തകങ്ങൾ വായിച്ചതിനുശേഷവും ഇവരൊന്നും ഒ വി വിജയന് അപ്പുറമല്ല എന്ന് ധൈര്യപൂർവ്വം എനിക്ക് ഉറപ്പായും പറയാം.  

1 comment:

  1. A good critique of ഗുരുസാഗരം. Not an easy novel at all. Vijayan was a mystic too, I'd say.

    ReplyDelete