Pages

Friday, September 13, 2024

കറുത്തച്ചൻ: ഭയങ്കരം, ഭീകരം, ഭയാനകം


ഭയം ഉളവാക്കുന്ന എന്നർത്ഥം വരുന്ന ഒറ്റപ്പദം മലയാളത്തിൽ ഭയങ്കരം ആണ്. എന്നാൽ സാധാരണ ആ വാക്ക് ആ അർത്ഥത്തിൽ അല്ല ഉപയോഗിക്കപ്പെടുന്നത്. Horror literature എന്ന വാക്കിന്റെ ഇംഗ്ലീഷ് തത്സമ പദമായി ഭയങ്കരസാഹിത്യം എന്ന് പറയുന്നത് അങ്ങ് ശരിയാകുന്നില്ല. ഭയാനകസാഹിത്യം, ഭീകരസാഹിത്യം എന്നൊക്കെ പറഞ്ഞാലോ? പ്രേതകഥകൾ, യക്ഷിക്കഥകൾ, മാന്ത്രിക നോവലുകൾ എല്ലാം മലയാളത്തിൽ ഇതിന്റെ ചില ഉപജാതികളാണ്. 

ഒരു കാലത്ത് അന്യം നിന്ന് പോയ ജനപ്രിയ സാഹിത്യം മലയാളത്തിൽ ഒരു തിരിച്ചു വരവ് നടത്തിയപ്പോൾ കൂട്ടത്തിൽ പ്രേതകഥകളും വന്നു എന്ന് ശ്രദ്ധിച്ചിരുന്നു. പല പുസ്തകങ്ങളും പലയിടത്തു വെച്ചും കൈയിൽ പെട്ടെങ്കിലും, വായിക്കാൻ സാധിച്ചത് എസ്. കെ.ഹരിനാഥ് എഴുതിയ 'കറുത്തച്ചൻ' ആണ്. മലയാളത്തിൽ പൊതുവേ പ്രേതകഥകൾ മന്ത്രവാദത്തിന്റെ പശ്ചാത്തലത്തിൽ ആണ് എഴുതപ്പെടാറ്. 'കലിക', 'കൃഷ്ണപ്പരുന്ത്', തുടങ്ങിയ മികച്ച കൃതികൾ തന്നെ ഉദാഹരണം. ഇതിനൊരു കാരണം, ഐതിഹ്യമാല പോലുള്ള ഗ്രന്ഥങ്ങളുടെ പ്രഭാവമായിരിക്കാം. പതിവിന് വിപരീതമായി ഹരിനാഥ് ഒരു ക്രിസ്തീയ പശ്ചാത്തലം കൊണ്ടു വന്നത് വ്യത്യസ്തമായി. 


കറുത്തച്ചൻമേട്ടിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാനായി ഒരുങ്ങിയിറങ്ങിയ പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതോടൊപ്പം, ഒരു കൂട്ടം ദുരാത്മാക്കളെ തുറന്നു വിടുകയും ചെയ്യുന്നു. അവളുടെ മരണത്തിലെ ദുരൂഹത അറിയാനായി ഇറങ്ങിയ കാമുകൻ കാര്യങ്ങൾ വഷളാക്കുകയും, തന്റെയും, കൂട്ടുകാരന്റെയും, സമീപത്തുള്ള പള്ളിയിലെ വികാരികളുടെയും, ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു. വർഷങ്ങൾക്കു മുൻപ്, ഈ പ്രശ്നം കൈകാര്യം ചെയ്ത അച്ചൻ ഇന്ന് ജീവിച്ചിരിപ്പില്ല. എല്ലാ രഹസ്യങ്ങളുടെയും താക്കോൽക്കൂട്ടം ഭൂതകാലത്തിൽ മറഞ്ഞിരിക്കുന്നു. അപകടങ്ങളും, ദുർമരണങ്ങളും അനുദിനം പിന്തുടരുന്ന ഒരു പറ്റം സാധാരണക്കാർക്ക് ഇതിനെ ചെറുത്തു തോൽപ്പിക്കാൻ കഴിയുമോ? 

ഈ നോവലിന്റെ ഏറ്റവും മികച്ച വായനാനുഭവം ഇതിന്റെ അന്തരീക്ഷമാണ്. ഒരു തവണ നാം ഇതിലെ ദുരൂഹതയിൽ കാൽ നാട്ടിയ ശേഷം, ആ അന്തരീക്ഷത്തിന്റെ നീഗൂഢത നമ്മെ വിട്ടു പിരിയുന്നില്ല. കഥാന്ത്യത്തിലും ഭീതിയുടെ ഒരു പിണർ ബാക്കി വെച്ചു പോകുന്നതിനാൽ, കഥ അവസാനിച്ചു എന്നതും നമ്മെ സമാധാനിപ്പിക്കില്ല. ആദ്യന്തം ഒരു ഭീതിദമായ യാത്രയിലൂടെ നമ്മെ നടത്തുന്നതിൽ കഥാകാരൻ വിജയിച്ചിരിക്കുന്നു. ആദ്യം മുതൽ നിരന്തരമായി ഓരോ കഥാപാത്രങ്ങളും ചെറുതും വലുതുമായ അപകടങ്ങളിൽ പെടുന്നുണ്ട്. അവയിലെല്ലാം പല തരത്തിൽ വ്യത്യസ്തത വരുത്തിയത് നന്നായി. 

കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് കുറച്ചു കൂടി നന്നാക്കാമായിരുന്നു. ഷഫീഖ് എന്ന പ്രധാന കഥാപാത്രം കുഴപ്പമില്ലാത്ത പാത്രസൃഷ്ടിയായി തോന്നി. പല സന്ദിഗ്ധ സന്ദർഭങ്ങളിലും അയാളുടെ അസാന്നിധ്യം ഒരു കല്ലു കടിയായി. മറ്റു കഥാപാത്രങ്ങൾ അവരുടേതായ വ്യക്തിത്വം നിലനിർത്താൻ കഴിയാതെ ഒരു ഏകതാന സ്വഭാവത്തിൽ ഒതുങ്ങി നിൽക്കുന്നു. അതേ സമയം ഇതിലെ ദുരാത്മാക്കളെയൊന്നും ഒരു പരിധിയിൽ കൂടുതൽ പരിചയപ്പെടുത്താത്തത് നന്നായി. അവരുടെ പഴയ കഥകൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഈ പിരിമുറുക്കം കിട്ടില്ല. വായനക്കാർക്ക് പൂരിപ്പിച്ച് എടുക്കാൻ കഴിയും വണ്ണം പറഞ്ഞു പോകുക മാത്രമേ ചെയ്തുള്ളൂ. 


ഭാഷയുടെ ഉപയോഗവും നന്നാക്കാമായിരുന്നു. മലയാള ഭാഷ ഭാവിയിൽ പശ പോലെ മാത്രം ഉപയോഗിക്കപ്പെടും എന്ന് എവിടെയോ വായിച്ചിരുന്നു. അത് ഏറെക്കുറേ സത്യമാകുന്നു എന്ന് ഇതിലെ ചില വാചകങ്ങൾ ഭീഷണി മുഴക്കുന്നു. ചിലപ്പോഴെങ്കിലും ഇംഗ്ലീഷ് പോലും വികലമായി ഉപയോഗിക്കുന്നത് കല്ലുകടിയുണ്ടാക്കുന്നുണ്ട്. 'അമ്മയുടെ സ്‌പെഷ്യൽ ഫുഡുകൾ കഴിച്ചു', എന്നൊക്കെയുള്ള വാചകങ്ങൾ ഉദാഹരണം. 

കഥയെഴുത്തും, കഥപറച്ചിലും രണ്ടു വ്യത്യസ്ത മാദ്ധ്യമങ്ങളാണ്. കഥ പറയുമ്പോൾ ദൈനംദിന ജീവിതത്തിലെ പ്രയോഗങ്ങൾ ഉപയോഗിക്കുന്നത് തത്ക്ഷണം കേൾക്കുന്നവരുമായി എളുപ്പം സമ്പർക്കം പുലർത്താൻ ഉപകരിക്കും. കഥയെഴുത്തിൽ ഇത് പലപ്പോഴും വായനക്കാരന് അലോസരമാവുകയാണ് ചെയ്യുക. കഴിവുറ്റ കാഥികർ സംസാരഭാഷ ഉപയോഗിച്ച് കഥയെഴുതാറുണ്ട്, ബഷീറിനെ പോലെ. അവർ അതിനെ സാധൂകരിക്കുന്ന രീതിയിൽ കഥാഘടനയെ പൊളിച്ചെഴുതാൻ കെല്പുള്ളവരുമാണ്. 

'കറുത്തച്ചൻ' രസകരമായ പ്രേതകഥ ആകുന്നത് അതിലെ സന്ദർഭത്തിന്റെ ഭയാനകതയും, നിഗൂഢതയും കൃത്യമായി വായനക്കാരനെ അനുഭവിപ്പിക്കുന്നത് കൊണ്ടാണ്. മറ്റെല്ലാ പ്രശ്നങ്ങളും കാര്യമായി വായനയെ ബാധിക്കാത്തതും ഈയൊരു മികവ് കൊണ്ടു മാത്രമാണ്. 


No comments:

Post a Comment