ഇവിടെ ഇംഗ്ലീഷിൽ വായിക്കാം.
"തലയ്ക്കുള്ളിലെ ജെല്ലിമിഠായികൾ എന്തൊക്കെ അദ്ഭുതങ്ങളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന്, എപ്പോഴാണ് അതിനുള്ളിൽ മാറ്റങ്ങൾ വരുന്നതെന്ന്, കയ്‌പ് മധുരമായും മധുരം കയ്‌പായും മാറുന്നതെന്ന് ആർക്കാണ് പറയാനാവുക..?"
ദാരിദ്ര്യം മനുഷ്യരുടെ ഓജസ്സ് ഊറ്റിയെടുത്ത് അവരെ വെറും ചണ്ടിയാക്കി മാറ്റിക്കളയുന്ന പ്രതിഭാസമാണ്. സമ്പത്തില്ലായ്മ എന്ന ഒരു ഘടകത്തിന്റെ മാത്രം അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് അതിനെ ലളിതവൽക്കരിക്കുകയായിരിക്കും. ദാരിദ്ര്യത്തിന്റെ യഥാർത്ഥവും അന്തിമവും ആയ വില, അത് വ്യക്തികൾക്കും സമൂഹത്തിനും ഉണ്ടാക്കുന്ന സാമൂഹികവും മാനസികവും രാഷ്ട്രീയവുമായ അപചയം കൂടി കണക്കിലെടുത്തു നിർണ്ണയിക്കുമ്പോൾ, നാം കരുതുന്നതിലും വളരെ വലുതായിരിക്കും.
പട്ടിണിയുടെ എല്ലാ പീഢാനുഭവങ്ങളിലൂടെയും കടന്നു പോകുമ്പോഴും തന്റെ സഹൃദയത്വം നഷ്ടപ്പെടാതെ, അതിനെ കൂടുതൽ പരിപോഷിപ്പിക്കാൻ തുനിഞ്ഞിറങ്ങി എന്നതാണ് മുഹമ്മദ് അബ്ബാസ് എന്ന വായനക്കാരന്റെ വിജയം. സമൂഹത്തിന്റെ എല്ലാ അളവുകോലുകളിലും പിന്നാക്കം നിൽക്കുന്ന ഒരാൾ, മനുഷ്യൻ എന്ന നിലയിൽ മുൻനിരയിൽ ഇടിച്ചു കയറിയതിന്റെ ദൃഷ്ടാന്തം ആണ് അയാളുടെ ജീവിതം. എട്ടാം ക്ലാസ് വരെ മാത്രം, അതും തമിഴിൽ, പഠിച്ച്, മലയാള ഭാഷ വായിക്കാൻ അറിയാതിരുന്ന ഒരാൾ, ഒരു നേരത്തെ ആഹാരം തനിക്കും കുടുംബത്തിന്നും തേടാനുള്ള നെട്ടോട്ടത്തിന് ഇടയിലും പുസ്തകം വായിക്കാനുള്ള, സൃഷ്ടിപരമായി സമൂഹത്തിനോട് സംവദിക്കാനുള്ള ആർജ്ജവം കാത്തു സൂക്ഷിച്ചു എന്നതാണ് മനുഷ്യ വർഗത്തോടുള്ള അയാളുടെ സംഭാവന.
അബ്ബാസിന്റെ ഓർമ്മക്കുറിപ്പുകൾ ആയ "വിശപ്പ് പ്രണയം ഉന്മാദം" ഈയടുത്താണ് വായിക്കാൻ കിട്ടിയത്. തന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ കണ്ടും കേട്ടും അനുഭവിച്ചും മനസ്സിൽ പതിഞ്ഞ ഓർമ്മകളുടെ സമാഹാരം. ഇതിലെ മുപ്പത്തിയെട്ട് കുറിപ്പുകൾ പലപ്പോഴായി സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടതാണെന്ന് വായിച്ചപ്പോൾ മനസ്സിലായി. തനിക്കുള്ളിലും, ചുറ്റിലും നിറഞ്ഞാടുന്ന ഇല്ലായ്മയാണ് മിക്കവയിലും പ്രകടമാകുന്ന വിഷയം. കൊടിയ പട്ടിണിയിൽ മനുഷ്യത്വവും, പ്രതികരണശേഷിയും കൈമോശം വരുന്നതിന്റെ ചിത്രങ്ങൾ, അവയ്ക്കിടയിൽ അതെല്ലാം തിരിച്ചുപിടിക്കാനുള്ള ചില കഠിന ശ്രമങ്ങൾ. ഈ കുറിപ്പുകളെ എറ്റവും ഋജുവായി ഇങ്ങനെ നിർവചിക്കാം എന്നു തോന്നുന്നു.
താനും തന്റെ ജീവിതവും മുന്നിട്ടു നിൽക്കുന്ന കുറിപ്പുകളിൽ കാണുന്ന ഗഹനമായ ആത്മവിചിന്തനം, സമൂഹത്തെയും സഹജീവികളേയും കുറിച്ചുള്ള എഴുത്തിൽ പ്രകടമാകുന്ന സഹാനുഭൂതിയും അനുകമ്പയും, ഇവയെല്ലാം അബ്ബാസിന്റെ എഴുത്തിനെ ശ്രദ്ധിക്കാൻ നമ്മെ നിർബന്ധിപ്പിക്കുന്നു. തലക്കെട്ടിലുള്ള മൂന്നു ഘടകങ്ങൾ, വിശപ്പും പ്രണയവും ഉന്മാദവും, എങ്ങനെ അന്യോന്യം ഒരേ സമയം കാരണവും ഫലവും ആയി മാറുന്നു എന്നതും പ്രാധാന്യമുള്ള പ്രതിപാദ്യ വിഷയമായി തോന്നി.
ഇതിലെ ആദ്യത്തെ കുറിപ്പിൽ എഴുത്തുകാരൻ ഒരു മുൻകൂർ ജാമ്യം എടുത്തു വെക്കുന്നുണ്ട്. സാഹിത്യഭാഷ പ്രതീക്ഷിക്കരുതെന്നും, ജീവിതത്തിന്റെ ഭാഷയാണ് ഇതിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. ഇതിലെ വിഷയം പ്രാധാന്യം അർഹിക്കുന്നു എങ്കിലും, രചനയിലെ അതിവൈകാരികതയും തഴമ്പിച്ച സാഹിത്യ പ്രകടനങ്ങളും കല്ലുകടിയാകുന്നു. ഈ രീതിയിൽ തന്റെ ഉള്ളിൽ ഉരുകിത്തിളയ്ക്കുന്ന വികാരങ്ങളെ ഒഴുക്കിക്കളയുന്നത് എഴുത്തുകാരന് ഒരു തെറാപ്പിയുടെ ഫലം കൊടുക്കുന്നുണ്ടാവാം. അയാളുടെ ലോകത്തിന്റെ പുറത്തുനിന്നു കൊണ്ട്, താൻ മാവിലായിക്കാരൻ ആണല്ലോ എന്ന സമാധാനത്തോടെ, അയ്യോ പാവം എന്നുരുവിടുന്ന വായനക്കാരനും ഒരു പൈങ്കിളി സുഖം ലഭിക്കുന്നുണ്ടാവാം. എന്നാൽ ഈ വാചാടോപം കൃതിയുടെ വിഷയത്തിന്റെ അന്തസ്സത്ത ചെറുതായെങ്കിലും ചോർത്തിക്കളയുന്നു എന്നതാണ് ഇതിലെ യഥാർത്ഥ ദുരന്തം.
No comments:
Post a Comment