ഇംഗ്ലീഷിൽ വായിക്കാൻ
കഴിഞ്ഞ ദിവസമാണ് സോണി ലിവിലൂടെ മലയാളം വെബ് സീരീസായ 'ജയ് മഹേന്ദ്രൻ' കണ്ടത്. തീരെ രൂപഭദ്രതയില്ലാത്ത രചനയും അവതരണവും ആണെങ്കിലും, തനിമലയാളി സൈക്കിയുടെ ആൾരൂപം എന്നു ധൈര്യത്തോടെ പറയാവുന്ന നടനായ സൈജു കുറുപ്പിന്റെ മികച്ച പ്രകടനവും, ഇതു മുന്നോട്ടു വെക്കുന്ന ചില പ്രസക്തമായ സാമൂഹിക പ്രശ്നങ്ങളും കാരണം സീരീസ് മനസ്സിൽ തങ്ങിക്കിടന്നിരുന്നു.
ഈ കുറിപ്പ് ഇന്നലെ തന്നെ എഴുതാൻ തുടങ്ങിയതായിരുന്നു. 'വെള്ളിമൂങ്ങ' എന്ന ചിത്രവുമായി ബന്ധപ്പെടുത്തി ഒരു താരതമ്യമായിരുന്നു ഉദ്ദേശം. എന്നാൽ കാര്യമായൊന്നും പറയാനില്ലെന്നു തോന്നിയതിനാൽ പകുതിയിൽ ഉപേക്ഷിച്ചു. പക്ഷേ, ഇന്നു പുറത്തു വന്ന ഒരു വാർത്ത കണ്ടപ്പോൾ തോന്നിയ നടുക്കവും ചിന്തകളും കാരണം വീണ്ടും എഴുതാൻ ഇരിക്കുകയാണ്.
ഇതിലെ നായകനായ മഹേന്ദ്രൻ ഒരു ബ്യൂറോക്രാറ്റ് ആണ്. നിയമത്തിന്റെ കുരുക്കുകളും, അത് തരണം ചെയ്യാനുള്ള എളുപ്പവഴികളും, തനിക്കുവേണ്ടി കാര്യങ്ങളെ തിരിച്ചുമറിക്കാനും, തനിക്ക് എതിരായി വരുന്നവരെ ഒതുക്കാനും, എല്ലാം അറിയുന്ന ഒരു റവന്യൂ വകുപ്പ് ജീവനക്കാരൻ. മന്ത്രി മുതൽ എല്ലാവരും ഊരാക്കുടുക്കുകളിൽ നിന്ന് രക്ഷപ്പെടാൻ അയാളുടെ തന്ത്രങ്ങളാണ് സ്വീകരിക്കുന്നത്. എന്നാൽ ഒരു സന്ദർഭത്തിൽ താൻ കുഴിച്ച കുഴിയിൽ ചെന്ന് ചാടിയ മഹേന്ദ്രനെ എല്ലാവരും കൈവിടുന്നു. തനിക്കൊരു പ്രശ്നം വരുമ്പോൾ താൻ മാത്രമേ കൂടെയുണ്ടാകുള്ളൂ എന്ന ബോധ്യം വന്ന മഹേന്ദ്രൻ രക്ഷപ്പെടാനുള്ള എല്ലാ വേലകളും പുറത്തെടുക്കുന്നതാണ് കഥ.
ഇതിൽ എനിക്ക് തീരെ യോജിക്കാനാവാതിരുന്ന കഥാപാത്രം, സുഹാസിനി അഭിനയിച്ച മേലുദ്യോഗസ്ഥയുടേതാണ്. വർഷങ്ങളായി റവന്യൂ ഡിപ്പാർട്ട്മെന്റിൽ പണിയെടുത്ത് തഹസിൽദാരായി കയറ്റം കിട്ടിയ ഒരു ഉദ്യോഗസ്ഥ ഇത്ര പാവമായിരിക്കില്ല, അവർ ഒരിക്കലും ഇങ്ങനെ തീരെ ചുണയില്ലാതെ തളർന്നു പോകുകയില്ല എന്നായിരുന്നു എൻറെ ധാരണ. എന്നാൽ അത് തെറ്റാണെന്ന് ഇന്നത്തെ വാർത്തയിലൂടെ എനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്.
കണ്ണൂർ എഡിഎം തൻറെ യാത്രയയപ്പിനിടെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടതിനാൽ വീട്ടിൽ ആത്മഹത്യ ചെയ്തു എന്നതാണ് വാർത്ത. ചടങ്ങിനിടെ ക്ഷണിക്കപ്പെടാതെ വന്നു കയറിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കളക്ടറെ അടക്കം വേദിയിൽ ഇരുത്തി, അദ്ദേഹത്തിനെതിരെ അഴിമതി ചെയ്തതായി ആരോപണം ഉയർത്തി. തുടർന്ന്, പിറ്റേ ദിവസം അദ്ദേഹം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തപ്പെട്ടു.
മലയാളിയുടെ ഒരു പൊതു സ്വഭാവമാണ് നാലാളുടെ മുന്നിൽ വിഴുപ്പലക്കുക എന്നത്. പ്രശ്നം പരിഹരിക്കാൻ നൂറു മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും, മലയാളിക്ക് ഇതു മാത്രമേ ചെയ്യാൻ അറിയൂ. തനിക്ക് ഇഷ്ടമില്ലാത്തവരോ, തൻറെ ആശയങ്ങൾക്ക് പിന്തുണ കൊടുക്കാത്തവരോ ആയവരുടെ നേർക്ക് അനാവശ്യമായി പൊതുമധ്യത്തിൽ, അത് നിരത്തിലായാലും, സോഷ്യൽ മീഡിയയിൽ ആയാലും, കുരച്ചു ചാടുക എന്നതാണ് ഏറ്റവും പുതിയ മലയാളി സംസ്കാരം.
പൊങ്കാല എന്ന ഓമനപ്പേരിട്ട് നമ്മൾ ഇതിനെ ഒരു സ്വാഭാവിക സംഭവമാക്കി മാറ്റിയിട്ടുമുണ്ട്. ഒരു ഉദ്യോഗസ്ഥൻ അഴിമതി ചെയ്തിട്ടുണ്ടെങ്കിൽ, അതിന് വ്യക്തിഹത്യ അല്ലാതെ മറ്റു നിരവധി പോംവഴികൾ ഉണ്ട്. നമ്മുടെ ഭരണഘടനയും, പീനൽ കോഡും കൃത്യമായി നിയമവിരുദ്ധമായ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട ശിക്ഷാവിധികൾ തീരുമാനിച്ചു വച്ചിട്ടുണ്ട്. ഇതല്ലാതെ കണ്ടവനെ അപമാനിച്ച്, തേജോവധം ചെയ്തു, ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എവിടെത്തെ ന്യായമാണ്?
കുഴഞ്ഞു മറിഞ്ഞ നിയമസംവിധാനങ്ങൾക്കിടയിൽ കൃത്യമായ മാർഗരേഖയോടെ പ്രവർത്തിക്കാൻ ഒരു ഉദ്യോഗസ്ഥന് കഴിയുകയില്ല എന്ന സത്യമാണ് 'ജയ് മഹേന്ദ്രൻ' എന്ന സീരീസ് മുന്നോട്ട് വെക്കുന്നത്. അതുപോലെ കുറച്ചൊക്കെ അങ്ങോട്ടുമിങ്ങോട്ടും ധാരണയോടെ നീക്കുപോക്കുകൾ ചെയ്താലേ എന്തെങ്കിലും നല്ലത് ചെയ്യാൻ കഴിയുമെന്ന് സന്ദേശവും അത് തരുന്നു. സീരീസിലെ നായകൻ കുഴപ്പത്തിൽ പെടുമ്പോൾ, നാട്ടുകാരും, മാധ്യമങ്ങളും, രാഷ്ട്രീയക്കാരും, എല്ലാം പ്രശ്നങ്ങൾ മുഴുവൻ അയാളുടെ തലയിൽ കൊണ്ടിട്ട് കൈകഴുകുന്നതാണ് കാണുന്നത്. തനിക്ക് ഇയാളെ പോലുള്ള ഉദ്യോഗസ്ഥർ, ചെറിയ രീതിയിൽ വഴിവിട്ടിട്ടാണെങ്കിലും, ചെയ്തു തന്നിട്ടുള്ള ഉപകാരങ്ങൾ സൗകര്യപൂർവ്വം വിസ്മരിക്കുകയും, താൻ ഉൾപ്പെടെയുള്ളവർ കൂടി ഭാഗഭാക്കായ പല പ്രശ്നങ്ങളും മറച്ചുവെക്കുകയും ചെയ്യുന്നു.
സ്ഥിരമായി വില്ലൻ വേഷം കെട്ടുന്ന ബ്യൂറോക്രാറ്റുകളുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചു നോക്കുന്ന ഈ ചിത്രം ഇന്ന് നടന്ന ദുരന്തവുമായി ഒന്ന് താരതമ്യം ചെയ്യുന്നത് നന്നായിരിക്കും.
No comments:
Post a Comment