Friday, November 24, 2023

വിഗതാക്ഷരങ്ങൾ വിപ്ലവാക്ഷരങ്ങൾ

 ദിവസം ഓരോ പേജുള്ള ഒരു കഥ വെച്ച് മുന്നൂറ്ററുപത്തഞ്ചു ദിവസം കൊണ്ട് മുന്നൂറ്ററുപത്തഞ്ചു കഥകൾ എഴുതാൻ, ശ്രമിച്ചു നോക്കിയാൽ സാധിച്ചേക്കാം. എന്നാൽ, വ്യത്യസ്തമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന, ആദിമധ്യാന്ത്യപ്പൊരുത്തത്തോടെയുള്ള, സാമൂഹിക പ്രസക്തിയുള്ള, മികച്ച രചനാശൈലിയിലുള്ള മുന്നൂറ്ററുപത്തഞ്ചു കഥകൾ സൃഷ്ടിച്ചെടുക്കാൻ, ഭാവനയും പ്രതിഭയും വേണം എന്ന് തെളിയിച്ചു തന്ന ഒരു മലയാള നുറുങ്ങു കഥാസമാഹാരം ആണ് നന്ദകിഷോർ രചിച്ച വിഗതാക്ഷരങ്ങൾ. കഥാകാരന്റെ വാക്കുകളിൽ, 'വഴിവിട്ട് സഞ്ചരിച്ച' ഈ കഥകൾ ജീവിതത്തെ, സമൂഹത്തെ, അതിൽ അടങ്ങിയ പൊരുത്തക്കേടുകളെ, ഒന്നു വഴിമാറി നിന്ന് വീക്ഷിക്കാൻ വായനക്കാരനെ നിർബന്ധിപ്പിച്ചേക്കാം. 


കാവൽ എന്ന ആദ്യ കഥ കോവിഡ് ലോക്ഡൌൺ കാലത്തുണ്ടായ അനിശ്ചിതത്വത്തിന്റെ, ഏകാന്തതയുടെ, പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്. ആഗോളതാപനം, വാർദ്ധക്യം, പ്രതീക്ഷ, മറവി എന്നിങ്ങനെ പല വിഷയങ്ങൾ ഈ കൊച്ചു കഥയിലൂടെ മിന്നി മറയുന്നു. തുടർന്ന് വായിക്കുമ്പോൾ കഥകളിൽ കാണുന്ന പൊതു സ്വഭാവം മിതമായ വാക്കുകളിൽ പ്രകടമാകുന്ന ആശയധാരകളുടെ ധാരാളിത്തമാണ്. പല കഥകളും വായനക്കാരന് വ്യാഖ്യാന സാധ്യതകൾ സമ്മാനിക്കുന്നതാണ്. ഒരു നല്ല കഥ, അതിന്റെ വായനക്കാരനെ, കഥാകാരൻ പറയുന്നതിനേക്കാൾ പറയാതെ വിടുന്നതെന്ത് എന്ന ചോദ്യം ചോദിക്കാൻ പ്രേരിപ്പിക്കണം.


ഉദാഹരണത്തിന് തിരസ്കൃതർ എന്ന കഥയെടുത്തു നോക്കൂ. ശുഭ്രവസ്ത്രധാരികളായ വിധവകളുടെ കൂടെ ക്ഷേത്രത്തിൽ ഭിക്ഷയ്ക്കായി എത്തിയ വർണ്ണ വസ്ത്രധാരിണികൾ ഒരു മുരളീരവത്തിനായി കാതോർക്കുന്നു. ഭർത്താക്കളാൽ ഉപേക്ഷിക്കപ്പെട്ട അവർ വിധവകളല്ല. എന്നാൽ സമൂഹം അവരെ ബഹിഷ്കരിച്ചതിനാൽ അവർക്ക് അക്കൂട്ടത്തിൽ കൂടാതെ വഴിയില്ല. തുടക്കത്തിൽ കാട്ടുന്ന വസ്ത്രധാരണത്തിലെ കോൺട്രാസ്റ്റ്, കഥയുടെ അവസാനം സമൂഹ മനസ്സാക്ഷിക്ക് പുറത്തു നിന്നുള്ള ഓടക്കുഴൽ നാദത്തിലുള്ള അവരുടെ പ്രതീക്ഷയിലേക്ക് കഥാകാരൻ വിളക്കിച്ചേർക്കുന്നു. കൂട്ടത്തിൽ കൂടേണ്ടി വരുമ്പോഴും, നിരർത്ഥകമെന്ന് ഉറപ്പുള്ള പ്രവർത്തികൾ ചെയ്യുമ്പോഴും വിദൂരതയിൽ നിന്നുള്ള ആ വിളി നമ്മളെല്ലാം കാത്തിരിക്കുന്നില്ലേ? 


കഥകളിലെ പ്രമേയ വൈവിധ്യം എടുത്തുപറയേണ്ട മികവാണ്. രാജാവും മന്ത്രിയും കൊട്ടാരവും നാലുകെട്ടും പ്രേതവും പ്രേമവും രാഷ്ട്രീയ നേതാവും വിപ്ലവകാരിയും കവിയും കള്ളനും പോലീസും രോഗിയും വൈദ്യനും നിർമ്മിത ബുദ്ധിയും സമൂഹമാധ്യമവും സാദാ മാധ്യമവും എല്ലാം ചേരുന്ന കഥാപ്രപഞ്ചമാണ് വിഗതാക്ഷരങ്ങൾ. പരിസ്ഥിതി വാദവും ഫെമിനിസവും ലിബറലിസവും മാർക്സിസവും നാഷ്ണലിസവും ഹിന്ദുത്വയും ടെക്നോളജിയും എല്ലാം ഇതിൽ വിഷയങ്ങളാകുന്നു. നർമ്മവും ആക്ഷേപഹാസ്യവും ഹൊററും സസ്പെൻസും പ്രണയവും പ്രതികാരവും സയൻസും രാഷ്ട്രീയവും കലയും ഇതിവൃത്തങ്ങളാകുന്നു. 


ഈ പ്രമേയബാഹുല്യത്തിലും കഥകളെ ബന്ധിപ്പിച്ചു വെക്കുന്ന ഒരു ചരട് കാണാം- സാമാന്യ മനുഷ്യരെ മാനിക്കാത്ത, അവരെ ചൊൽപ്പടിയിലാക്കാൻ വെമ്പുന്ന, സ്വതന്ത്രചിന്തയെ ഭയക്കുകയും എതിർക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയോടുള്ള കലഹം. എല്ലാ എസ്റ്റാബ്ലിഷ്മെന്റുകളും കാലാന്തരത്തിൽ അപഭ്രംശത്തിനിരയാകും. അത് തടുക്കാനുള്ള ഒരേ മാർഗ്ഗം, എപ്പോഴെല്ലാം അത് വഴി തെറ്റുമോ, അപ്പോഴൊക്കെ പ്രതികരിക്കുക എന്നതാണ്. അല്ലെങ്കിൽ, ഒരു ഘട്ടം കഴിഞ്ഞാൽ നമ്മുക്ക് അതിനുള്ള ശേഷി കൈമോശം വന്നു പോകും. വിഗതാക്ഷരങ്ങളിൽ ഓരോ നുറുങ്ങുകളും ഈയൊരു കടമ നിർവഹിക്കുന്നു, അതിന്റെ വായനക്കാരനെ പ്രകോപിപ്പിക്കുന്നു, പ്രാപ്തനാക്കാൻ ശ്രമിക്കുന്നു. 


സമാഹാരത്തിലെ അവസാനത്തെ രണ്ടു കഥകൾ- കഥാശിഷ്ടം, ഭരതവാക്യം- വായനയ്ക്ക് മികച്ച പരിസമാപ്തി നൽകി. ഒരു കഥാകാരന്റെ ദൌത്യം വ്യക്തമാക്കുന്ന രചനകൾ. അവന് കഥയെഴുത്തില്ലാത്ത, കലഹങ്ങളില്ലാത്ത, സമൂഹം കൽപ്പിച്ചു തന്ന അതിർവരമ്പിനുള്ളിൽ നിന്നുള്ള സാധാരണ ജീവിതം സാധ്യമല്ല എന്ന കഥാശിഷ്ടം വ്യക്തമാക്കുന്നു. താനില്ലാത്ത ഒരു കാലത്തും കഥകൾ അനുസ്യൂതം തുടരാനുള്ള പ്രചോദനം അടുത്തവർക്ക് പകരുന്ന നിതാന്ത സഞ്ചാരിയെ ഭരതവാക്യം പരിചയപ്പെടുത്തുന്നു. 


1 comment: