വനം വകുപ്പ് മന്ത്രി ശശീന്ദ്രൻ ദേഷ്യത്തിലാണ്. ബിജെപി എംപിയും പ്രസിദ്ധ മൃഗസ്നേഹിയുമായ മനേക ഗാന്ധി, കേരള വനം വകുപ്പ് ആണ് രാജ്യത്തെ ഏറ്റവും മോശമെന്ന് അഭിപ്രായം പറഞ്ഞു പോലും. കിണറ്റിൽ വീണ കരടിയെ രക്ഷിക്കാൻ മയക്കുവെടി വെച്ചു വെള്ളത്തിൽ മുക്കി കൊന്ന ഉദ്യോഗസ്ഥർ ഉള്ള വകുപ്പിനെ എങ്ങനെയാണ് രാജ്യത്തിലെ ഏറ്റവും മോശമെന്ന് വിളിക്കുക? ലോകത്തിലെ ഏറ്റവും വലിയ മണ്ടന്മാർ എന്നല്ലേ വിളിക്കേണ്ടത്?
കേരള ശിക്കാരി ശംഭുമാർ ഇപ്പോൾ കോടതി ഉത്തരവ് പ്രകാരം അരിക്കൊമ്പനെ പിടിക്കാൻ കാടുകയറിയിരിക്കയാണ്. വേറെ ഏതോ ചക്കക്കൊമ്പനെ കണ്ട് അരിക്കൊമ്പനാണെന്ന് തെറ്റിദ്ധരിച്ചു എന്ന് വാർത്തകൾ വരുന്നുണ്ട്. ഏതെങ്കിലും ഗോതമ്പ് കൊമ്പനേയും പിടിച്ചു വരാനും സാദ്ധ്യത കാണുന്നത്. പിടിക്കുന്നത് ആനയെ എങ്കിലും ആയിരിക്കണേ എന്നാണ് ശശീന്ദ്രന്റെ പ്രാർത്ഥന.
മലയാളികൾ വനംവകുപ്പിന്റെ തനിക്കൊണം തിരിച്ചറിഞ്ഞത് കഴിഞ്ഞ മാസം ഇവന്മാർ പാമ്പിനെ പിടിക്കുന്ന വീഡിയോ കണ്ടിട്ടായിരിക്കും. വാവാ സുരേഷ് പാമ്പിനെ പിടിക്കുന്നത് അശാസ്ത്രീയമായ രീതിയിൽ ആണ് എന്ന് പറഞ്ഞ് അയാളെ വീട്ടിലിരുത്തി ശാസ്ത്രീയ പരിശീലനം കിട്ടിയ ചിലർ കാണിച്ചു കൂട്ടിയ കോപ്രായം കണ്ടാൽ സഹിക്കാനാവില്ല.
പന്നിയും ആനയും പോത്തും നാട്ടിലിറങ്ങി മനുഷ്യജീവിതം ദുസ്സഹമാക്കുന്നു. അതിന് ക്രിയാത്മകമായ ഒരു ഇടപെടലും നടക്കുന്നില്ല. വയനാട്ടിൽ കാട്ടിലെ കടുവകളുടെ എണ്ണമാണെങ്കിൽ ശുഷ്കിച്ചു കൊണ്ടിരിക്കുന്നു. ബന്ദിപ്പൂരിലും നാഗർഹൊളയിലും മുതുമലയിലും എണ്ണത്തിൽ വർധനവ് കാണിക്കുമ്പോൾ ആണ് ഇത്. ചോദിച്ചാൽ കിട്ടുന്ന ന്യായീകരണം ചിലപ്പോൾ വയനാട്ടിലെ കടുവകൾ മുതുമലയിലെ കസിന്റെ കല്യാണത്തിന് പോയി എന്നൊക്കെ ആയിരിക്കും. മിണ്ടാതിരിക്കാം, പറയുന്ന അവർക്കില്ലെങ്കിലും കേൾക്കുന്ന നമുക്ക് നാണം എന്ന വികാരം ഉണ്ടല്ലോ?
ശശീന്ദ്രൻ ഇന്ന് ഒരു പരിപാടിയിൽ പറഞ്ഞത് അമിതമായ ജന്തു സ്നേഹം കാണിക്കുന്ന കോടതിയുടെ നടപടി ജനനന്മയെ ബാധിക്കുന്നു എന്ന്. അല്ലാതെ തനിക്കും പരിവാരത്തിനും പണി അറിയാത്തതു കൊണ്ടല്ല!!
Pictures courtesy :
Mathrubhumi
No comments:
Post a Comment