ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് ഇവിടെ ഉണ്ട്.
സാഹിത്യം എന്നത് നിർവചിക്കാൻ ഇത്തിരി ബുദ്ധിമുട്ടുള്ള വാക്കാണ്. കാരണം വളരെയേറെ ആത്മനിഷ്ഠമായ ഒന്നാണത്. വർഷങ്ങൾ കൊണ്ട് ഒരാളുടെ ജീവിതത്തിൽ അയാളുടെ അനുഭവങ്ങൾ ഉണ്ടാക്കുന്ന സംവേദനക്ഷമതയാണ് അയാളുടെ സാഹിത്യത്തെ അടയാളപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഒരാളുടെ ഇഷ്ടസംഗീതം മറ്റൊരാൾക്ക് തെറിപ്പാട്ടാകുന്നത്, ഒരു സാഹിത്യസൃഷ്ടി ഒരാളിൽ ഉണ്ടാക്കുന്ന അനുരണനം അതേ പോലെ, അതേ അളവിൽ മറ്റൊരാളിൽ ഉണ്ടാക്കാത്തത്.
എന്നെ സംബന്ധിച്ചിടത്തോളം, സാഹിത്യത്തിന്റെ പ്രധാന ഘടകങ്ങൾ രൂപവും, ഘടനയുമാണ്. ആയിരം തരത്തിൽ പറയാവുന്ന ഒരു കഥയ്ക്ക് ഏറ്റവും അനുയോജ്യം എന്ന് സാഹിത്യകാരൻ തീരുമാനിക്കുന്ന രീതിയാണ് അത് എത്ര നല്ല സാഹിത്യമാണ് എന്ന് തീരുമാനിക്കുന്നത്. അതിൽ അയാൾ പറയുന്ന കാര്യങ്ങളുടെ അത്ര തന്നെയോ ചിലപ്പോൾ അതിലധികമോ പ്രാധാന്യം, പറയാത്തതോ പറയാതെ പറയുന്നതോ ആയ കാര്യങ്ങൾക്ക് ഉണ്ടാകും.
പല വായനക്കാരും ഒരു അബോധ തലത്തിൽ സാഹിത്യത്തെ ആസ്വദിക്കുന്നവരാണ്. ഒരു നല്ല പുസ്തകം വായിച്ചു എന്ന ആഹ്ളാദത്തിനപ്പുറം കൂടുതൽ വിശകലനം നടത്താൻ പലരും തയ്യാറാവുന്നില്ല. അപ്പോഴാണ്, സാഹിത്യപരമായ ഗുണങ്ങൾ കുറവുള്ള പുസ്തകങ്ങൾ വെറും മാർക്കറ്റിംഗിന്റെയും അത് സൃഷ്ടിക്കുന്ന ഹൈപ്പിന്റെയും ബലത്തിൽ വായനക്കാരിൽ അടിച്ചേൽപ്പിക്കപ്പെടുന്നത്. അപ്പോൾ നിങ്ങൾ ചോദിക്കും വ്യക്തിനിഷ്ഠമായ സാഹിത്യത്തിന്റെ ഗുണം ആരു തീരുമാനിക്കും എന്ന്.
അത് നിരൂപകനോ ഇൻഫ്ലുവൻസറോ മാർക്കറ്റിംഗ് വിദഗ്ധനോ അല്ല, 'വിവരമുള്ള' വായനക്കാരനാണ് തീരുമാനിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഒരു ആഖ്യായികയുടെ, അത് നോവലോ, കഥയോ എന്തുമായിക്കോട്ടെ, സാഹിത്യ സമ്പത്ത് വിലയിരുത്താൻ ഞാൻ ഉപയോഗിക്കുന്ന വഴി വളരെ ലളിതമാണ്. അതിന്റെ പ്ലോട്ട് മറ്റൊരാളോട് പറയുമ്പോൾ കേൾക്കുന്നയാൾക്ക് ആ പുസ്തകം വായിച്ച അനുഭൂതി എത്രത്തോളം കിട്ടും എന്ന് ചിന്തിക്കുക. മറ്റൊരാളോട് പുസ്തകത്തിലെ കഥ പറയുമ്പോൾ ചോർന്നു പോകുന്ന അതിലെ ഘടകമാണ് സാഹിത്യം. 'ഖസാക്കിന്റെ ഇതിഹാസം' അല്ലെങ്കിൽ 'ചെമ്മീൻ' തുടങ്ങിയ കൃതികളുടെ പ്ലോട്ട് മാത്രം പറഞ്ഞു കൊടുക്കുമ്പോൾ നഷ്ടപ്പെടുന്ന സത്തയാണ് അതിലെ സാഹിത്യം.
ഇത്രയും നീണ്ട ആമുഖം എഴുതാൻ കാര്യം ഇന്നലെ വായിച്ച ജി. ആർ. ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന പുസ്തകമാണ്. ഇതിൽ സാഹിത്യം കുറവാണ്, ഒരു കഥാകഥനം എന്ന് പറയാം. ഇതിന്റെ കഥയുടെ ചുരുക്കം ഇവിടെ പറഞ്ഞാൽ, വായിക്കുന്നയാൾക്ക് പുസ്തകം വായിച്ചതിനോട് അടുത്ത ഒരു അനുഭൂതി കിട്ടും. അതിനാൽ ഞാൻ അതിന് മുതിരുന്നില്ല. ഞാൻ കുറ്റപ്പെടുത്തുകയല്ല. ഇതൊരു നല്ല കഥയാണ്, വളരെ രസകരമായി പറഞ്ഞ ഉദ്വേഗജനകമായ കഥ. ഇത്ര നന്നായി പറഞ്ഞ കഥാകാരൻ അഭിനന്ദനം തീർച്ചയായും അർഹിക്കുന്നു.
അഭിനന്ദനം അർഹിക്കാത്തത് ഇതിന്റെ മുന്നിലും പിന്നിലും നിന്ന് ഇതിന്റെ സാഹിത്യത്തെ പെരുപ്പിച്ചു കാട്ടാനുള്ള ശ്രമമാണ്. ചില തട്ടുപൊളിപ്പൻ പടങ്ങളിൽ, നായകന്റെ ഗുണഗണങ്ങൾ 'തള്ളാൻ' വരുന്ന ശിങ്കിടിയെ പോലെ, ചിലർ ഇതിൽ മുങ്ങിത്തപ്പി ഇതിനില്ലാത്ത സാഹിത്യ ഗുണങ്ങൾ നിരത്തുന്നു. ഒന്നും കിട്ടാത്തതിനാൽ കഥയിൽ വിവരിക്കുന്ന ചില വസ്തുക്കളുടെ മണവും നിറവും ചികയുന്നു. മറ്റൊരാൾ ഇതിന്റെ തലക്കെട്ടിൽ ഉള്ള 'ബുദ്ധ' എടുത്ത് ഇതിനെ സെൻ ബുദ്ധിസ്റ്റ് കഥയാക്കാൻ വിയർപ്പൊഴുക്കുന്നു. നൂറ്റമ്പത് പേജുള്ള പുസ്തകത്തിൽ നാൽപ്പത്തി അഞ്ചു പേജുകൾ, ഏതാണ്ട് മൂന്നിലൊന്ന് ഭാഗം, പുസ്തകത്തെ തള്ളിക്കയറ്റുകയാണ്.
ഇതു പോലൊരു കഥയായ 'The Godfather' പണ്ടൊരു നല്ല സംവിധായകൻ മികച്ച സാഹിത്യ ഗുണമുള്ള ചലച്ചിത്രമാക്കി മാറ്റിയ ചരിത്രമുണ്ട്. 'വിലായത്ത് ബുദ്ധ' എന്ന കഥാഖ്യാനത്തിനും അതേ ഭാഗ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
No comments:
Post a Comment