Pages

Thursday, January 11, 2024

നവീന തമിഴ് ചെറുകഥകൾ: അയൽക്കാരന്റെ സർവാണിസദ്യ...

 പണ്ട് ബാംഗ്ലൂരിൽ വെച്ച് ഒരു ബംഗാളിയെ പരിചയപ്പെടുകയും, അയാളോട് ഞാൻ വായിച്ച ബംഗാളി സാഹിത്യകാരന്മാരെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. നിങ്ങൾ വേഷപ്രച്ഛന്നനായ ബംഗാളി ആണോ എന്നായിരുന്നു അയാളുടെ ചോദ്യം. (അക്കാലത്ത് ബംഗാളി എന്നത് സാംസ്കാരിക പുരോഗതിയുടെയും, ഉയർന്ന മൂല്യങ്ങളുടെയും പര്യായമായിരുന്നു, കേരളത്തിലെങ്കിലും. ഇന്ന് ഇതേ ചോദ്യം കേട്ടാൽ ചിലപ്പോൾ വിഷമം തോന്നിയേക്കാം. കാലോ ഹി ദുരതിക്രമഃ എന്നല്ലേ?) എനിക്കു ബംഗാളിനേക്കുറിച്ച് കുറച്ച് അറിയാം, എന്നാൽ അയാൾക്ക് കേരളമോ മലയാളമോ വെറും പൊതുവിജ്ഞാന പാഠത്തിലെ റ്റ്രിവിയ മാത്രം. 


ഇത് എന്നെ ചിന്തിപ്പിച്ചു. ഭാരതത്തിൽ ഇരുപത്തിമൂന്ന് ഔദ്യോഗിക ഭാഷകളടക്കം, എഴുന്നൂറ്റി എൺപതോളം ഭാഷകളുണ്ട്. ഭാഷാഭേദങ്ങൾ കണക്കിലെടുത്താൽ ആയിരത്തി അറുന്നൂറു കടക്കും. പല ഭാഷകളുടെയും സാഹിത്യം മികച്ച രീതിയിൽ പരിണമിച്ച് ലോകോത്തര നിലവാരത്തിലെത്തി നിൽക്കുന്നു. മലയാളത്തിൽ തന്നെ ഒ. വി. വിജയൻ, വി. കെ. എൻ, ബഷീർ തുടങ്ങിയവരുടെ സാഹിത്യം ഏത് നൊബേൽ ജേതാക്കളോടും കിടപിടിക്കുന്നവയാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇതുപോലെ മറ്റ് ഭാരതീയ ഭാഷകളിലും എത്രയെത്ര ഉന്നതമായ കൃതികൾ രചിക്കപ്പെട്ടിട്ടുണ്ടാവാം?


നാം കാഫ്കയേയും കുന്ദേരയേയും വായിക്കുന്നു. മാർക്വിസിന്റെ പോസ്റ്റ് മോഡേൺ സൌന്ദര്യ ശാസ്ത്രവും, കാമുവിന്റെ അസ്തിത്വദുഃഖവും വിശകലനം ചെയ്യുന്നു. എന്നാൽ തൊട്ടപ്പുറത്ത് തമിഴ് നാട്ടിലോ കർണ്ണാടകത്തിലോ ഉള്ള എഴുത്തുകാരന് പുല്ലു വില മാത്രം കൊടുക്കുന്നു. അനന്തമൂർത്തിയെയും ജയമോഹനേയും ഒഴിച്ചു നിർത്തിയാൽ ഒരു ശരാശരി മലയാളിയ്ക്ക് എത്ര പേരെ അറിയാം? പ്രാദേശിക ഭാഷകളിൽ നിന്ന് കാര്യമായ തർജ്ജമകൾ നടക്കുന്നില്ല എന്നു മാത്രമല്ല, വായനക്കാർക്കും അവ വായിക്കാൻ താത്പര്യമുണ്ടെന്ന് തോന്നുന്നില്ല. സുന്ദരരാമസ്വാമിയുടെ ജെ. ജെ. ചില കുറിപ്പുകൾ എന്ന മനോഹരമായ രചന എനിക്കു കിട്ടുന്നത് ഡിസിയുടെ പഴയ പുസ്തകങ്ങൾ അട്ടിയിട്ട് വെച്ച ഒരു പെട്ടിയിൽ നിന്ന് അറുപത് ശതമാനം വിലക്കുറവിലാണ്. 


അങ്ങനെയുള്ള ചില തെരച്ചിലുകൾക്ക് ഒടുവിലാണ്, പുസ്തകോത്സവങ്ങളിലെ സാഹിത്യ അക്കാദമിയുടെ സ്റ്റാളുകളിൽ നമുക്കാവശ്യമുള്ള ചില നല്ല പുസ്തകങ്ങൾ കണ്ടുകിട്ടാൻ തുടങ്ങിയത്. സാഹിത്യ അക്കാദമി എല്ലാ ഭാരതീയ ഭാഷകളിലേയും മികച്ച കൃതികൾ അങ്ങോട്ടുമിങ്ങോട്ടും തർജ്ജമ ചെയ്തു പ്രസിദ്ധീകരിക്കാറുണ്ട്. വാങ്ങുമ്പോൾ നോക്കി വാങ്ങണം എന്നു മാത്രം. ചിലപ്പോൾ കവർ ഒരു ഭാഷയിലും, ഉള്ളടക്കം മറ്റൊന്നിലും ആയേക്കാം. ചിലപ്പോൾ ചില പേജുകൾ അച്ചടിച്ചിട്ടുണ്ടാവില്ല. കെട്ടും മട്ടും ഒട്ടും ആകർഷകമായിരിക്കില്ല. അക്ഷരത്തെറ്റുകളും കുറച്ചൊക്കെ കാണും. എന്നാൽ ഉള്ളടക്കം മികച്ചതായിരിക്കും തർജ്ജമയുടെ നിലവാരവും നല്ലതായിരിക്കും. 


അങ്ങനെയാണ് നവീന തമിഴ് ചെറുകഥകൾ എന്ന സമാഹാരം എറണാകുളത്തെ ഇക്കഴിഞ്ഞ അന്താരാഷ്ട്ര (?) പുസ്തകോത്സവത്തിൽ വെച്ച് വാങ്ങി വായിച്ചത്. എഴുത്തുകാരനും സംവിധായകനുമായ സാ. കന്തസാമി സമാഹരിച്ച, കെ. എസ്. വെങ്കിടാചലം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത, മുപ്പത്തി അഞ്ചു തമിഴ് ചെറുകഥകൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. 1960നും 1995നും ഇടയിൽ എഴുതപ്പെട്ടവയാണ് ഇവ. മുപ്പത്തഞ്ചിൽ അച്ചടി പുരളാത്ത പേജുകൾ കാരണം രണ്ടു കഥകൾ പൂർണ്ണമല്ല. അവ വായിക്കാൻ ശ്രമിച്ചില്ല. എങ്കിലും ബാക്കിയുള്ള കഥകൾ തീർച്ചയായും മികച്ച വായനാനുഭവം തന്നെ.


അശോക മിത്രൻ രചിച്ച അച്ഛനോട് എന്താണ് പറയേണ്ടത്? എന്ന കഥയോടെയാണ് പുസ്തകം തുടങ്ങുന്നത്. രാത്രി വളരെ വൈകി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ഒരു മുത്തശ്ശിയും, അവരെ യാത്രയാക്കാൻ വന്ന പെൺകുട്ടിയും, അതേ വണ്ടിക്ക് കയറുവാൻ ഒരുങ്ങി നിൽക്കുന്ന ഒരു കുടുംബവും. ഇവരാണ് കഥാപാത്രങ്ങൾ. ലളിതമായ ഈ കഥയിൽ ദാരിദ്ര്യവും, കുടുംബ പ്രശ്നങ്ങളും, എന്നാൽ ഇതിനിടയിലും തമ്മിലുള്ള സ്നേഹവും, എല്ലാം കടന്നു വരുന്നു. തുടർന്നുള്ള മിക്ക കഥകളും ഏതാണ്ടൊക്കെ ഈ ഒരു ചുവടു പിടിച്ചു തന്നെയാണ് മുന്നോട്ടുപോകുന്നത്.


60 മുതൽ 90 വരെയുള്ള കാലഘട്ടത്തിൽ ഗ്രാമീണ ഭാരതത്തിൻറെ ഏറ്റവും വലിയ നഗ്നസത്യം ദാരിദ്ര്യം തന്നെയായിരുന്നു. ഇന്നും ഇവിടെ പാവപ്പെട്ടവർ ഉണ്ടെങ്കിലും, ആ കാലഘട്ടം പട്ടിണി, വരൾച്ച, എന്നിങ്ങനെ പലവിധ ദുരിതങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ സമയമായിരുന്നു. വലിയ ഒരു പങ്ക് പൗരന്മാരും, ഇതേ അവസ്ഥയിലൂടെ കടന്നുപോയിരുന്ന ആ കാലഘട്ടത്തിൽ എഴുതിയ മിക്ക കഥകളിലും ദാരിദ്ര്യം ഒരു പ്രധാന തീമായി കടന്നുവരുന്നത് സ്വാഭാവികം മാത്രം. ദാരിദ്ര്യത്തിന്റെ തിരശീലയിലൂടെ മനുഷ്യബന്ധങ്ങളെ നോക്കിക്കാണുന്ന കഥകളാണ് ഇതിൽ അടങ്ങിയ മിക്കവയും. എന്നാൽ ഈ ബന്ധങ്ങളിലെ വൈവിധ്യത്തെ എടുത്തുകാട്ടുന്നവയുമാണ്. ആഗ്രഹങ്ങളും അത് നിറവേറ്റാനുള്ള കഴിവും തമ്മിലുള്ള അന്തരം ഇതിലെ മിക്ക കഥകളിലും ദർശിക്കാം. ഈ അന്തരം കാരണം ബന്ധങ്ങളിൽ ഉണ്ടാകുന്ന സംഘട്ടനങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. 


 കല്യാണത്തിന് പോകാൻ ഒരു കുപ്പായമില്ലാതെ വലയുന്ന മുത്തുസ്വാമിയുടെ കഥ പറയുന്ന കൃഷ്ണൻ നമ്പി എഴുതിയ കുപ്പായം, പാ. ജയപ്രകാശം എഴുതിയ ഒരു ചിലമ്പാട്ടക്കാരൻ തന്റെ ഗ്രാമത്തിന്റെ അധഃപതനം മനസ്സിലാക്കുന്ന ഗ്രാമത്തലവന്റെ വീട്, വണ്ണ നിലവൻ രചിച്ച ചക്കപ്പഴം, എന്നിങ്ങനെ നിരവധി കഥകൾ കൊടും ദാരിദ്ര്യം മനുഷ്യരുടെ പ്രതീക്ഷകളേപ്പോലും തച്ചുടയ്ക്കുന്ന ചിത്രങ്ങൾ വരച്ചിടുന്നു. വാർദ്ധക്യത്തിൽ മനുഷ്യന് സംഭവിക്കുന്ന പതനമാണ് ചില മികച്ച കഥകൾ പ്രതിപാദിക്കുന്നത്. ചുറ്റും ഉള്ള ഓരോരുത്തരും മരണപ്പെടുമ്പോഴും ഒരു ദുഃശ്ശകുനം പോലെ താൻ ബാക്കിയാവുന്ന വൃദ്ധയുടെ കഥയായ വാസന്തിയുടെ യാത്ര, ഏതാണ്ട് ഇതേ പ്രമേയം നർമ്മം ചാലിച്ച് അവതരിപ്പിക്കുന്ന, ദിലീപ് കുമാർ എഴുതിയ കത്ത്, മാമാങ്കം കാണാനായി ഒറ്റയ്ക്ക് ഒരു വൃദ്ധൻ കുംഭകോണത്തിലേക്ക് പോകുന്ന കഥയായ സാ. കന്തസാമി രചിച്ച മൂന്നാമത്തെ പ്രാർത്ഥന എന്നിങ്ങനെയുള്ളവ ഇക്കൂട്ടത്തിൽ മുന്നിട്ടു നിൽക്കുന്നു. 


വളരെ ശ്രദ്ധേയമായി തോന്നിയ മറ്റൊരു കാര്യം എന്തെന്നാൽ മതം, ജാതി, തുടങ്ങി മനുഷ്യരുടെ ഇടയിൽ വേർതിരിവുകൾ ഉണ്ടാക്കുന്ന ഘടകങ്ങൾ ചില കഥകളിൽ വന്നു പോകുന്നുണ്ട്, എന്നാലും പ്രധാന പ്രമേയമായി കാണുവാൻ സാധിച്ചില്ല. നൂറു സിംഹാസനങ്ങൾ പോലെ ജാതി വിവേചനത്തിന്റെ അനീതിയെ കുറിച്ച് ശക്തമായ രചന നടത്തിയ ജയമോഹന്റെ നദി എന്ന സുന്ദരമായ കഥ പോലും, നഷ്ടമായ മാതൃസ്നേഹത്തിനായുള്ള വിലാപമാണ്. പ്രമാണം എന്ന ഗന്ധർവൻ എഴുതിയ കഥയിൽ മാത്രമാണ് ജാതി ഒരു കേന്ദ്ര പ്രമേയമായി കാണുന്നത്. എന്തായിരിക്കും കാരണം? കഥാകൃത്തുക്കൾ ഈ വിഷയം കൈകാര്യം ചെയ്യാത്തതോ, അതോ പുസ്തകത്തിന് കഥകൾ തിരഞ്ഞെടുക്കുമ്പോൾ അവസരം കൊടുക്കാത്തതോ?


സമാഹാരത്തിലെ പൊതുവേയുള്ള രീതിയിൽ നിന്നും വേറിട്ടു നിൽക്കുന്ന കുറച്ച് കഥകൾ കൂടിയുണ്ട്. എസ്. രാമകൃഷ്ണൻ എഴുതിയ കാലാൾ പടയെ പറ്റിയുള്ള കുറ്റപത്രം, മാജിക്കൽ റിയലിസം കലർന്ന ആക്ഷേപഹാസ്യമാണ്. കോണങ്കി എഴുതിയ ധനുഷ്കോടി എന്ന കഥ ഒരു പോസ്റ്റ് മോഡേൺ സ്വഭാവങ്ങൾ ഉള്ള നേരിയ ഹൊറർ മൂഡിലുള്ള രചനയാണ്. മൈലാപ്പൂർ എന്ന കഥ മാ. അരങ്കനാഥൻ എഴുതിയിരിക്കുന്നത് ഡിസ്റ്റോപ്പിയൻ സയൻസ് ഫിക്ഷൻ രീതിയിലാണ്. 


തമിഴ് സാഹിത്യത്തെയും എഴുത്തുകാരെയും പരിചയപ്പെടാനും അതിൻറെ പൊതുസ്വഭാവം അറിയാനും പറ്റിയ ചെറിയൊരു സദ്യയാണ് നവീന തമിഴ് ചെറുകഥകൾ


എന്ന ഈ സമാഹാരം. 


 

No comments:

Post a Comment