Pages

Tuesday, November 7, 2023

മലയാളസിനിമായണം: ആരണ്യകാണ്ഡം

 


മലയാള സിനിമ ഇപ്പോൾ ഒരു വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. നിരവധി ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നു, ഓരോ ആഴ്ചയും അഞ്ചും ആറും ചിത്രങ്ങൾ റിലീസ് ചെയ്യപ്പെടുന്നു. എന്നാൽ ഇവയുടെ വിജയശതമാനം ഏതൊരു മുൻവർഷത്തേക്കാളും കുറഞ്ഞു കൊണ്ടിരിക്കുന്നു. പുതിയ നിർമാതാക്കളും, നടന്മാരും, സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവരും, വൻതോതിൽ മലയാള സിനിമയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. എന്നാൽ മിക്കവർക്കും പരാജയത്തിന്റെ കൈപ്പുനീർ തുടർച്ചയായി കുടിക്കേണ്ടിയും വരുന്നു.


എന്തായിരിക്കും കാരണം? സിനിമാക്കാർ പറയുന്നത് റിവ്യൂ ബോംബിംഗ് നടക്കുന്നു എന്നാണ്. അതായത് ഒരു പടം ഇറങ്ങുമ്പോൾ നിരവധി ആൾക്കാർ നെഗറ്റീവ് അഭിപ്രായം വിവിധ സോഷ്യൽ മീഡിയ ഔട്ട്ലെറ്റുകളിലൂടെ പുറത്തുവിടുന്നു. ഇത് ചിത്രങ്ങളെക്കുറിച്ച് മോശമായ ഒരു അഭിപ്രായം പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കുകയും, ചിത്രങ്ങളുടെ സാമ്പത്തിക സാധ്യതയെ തകർക്കുകയും ചെയ്യുന്നു. പലരും ആരോപിക്കുന്നത്, ചില റിവ്യൂവേഴ്സ് എങ്കിലും, നെഗറ്റീവ് റിവ്യൂ ഇടുമെന്ന് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്യുന്നു, എന്നാണ്. അതേപോലെ, പലപ്പോഴും ചിത്രങ്ങൾ ഇറങ്ങുന്നതിനു മുന്നേ തന്നെ മോശം റിവ്യൂ പോസ്റ്റ് ചെയ്യപ്പെടുന്നു, എന്നും പറയുന്നുണ്ട്. 


റിവ്യൂവേഴ്സ് പറയുന്നത്, തങ്ങൾ കാശുകൊടുത്ത് അനുഭവിച്ച ഒരു എക്സ്പീരിയൻസിനെ കുറിച്ച് അഭിപ്രായം പറയാൻ എല്ലാ അവകാശവും ഉണ്ട് എന്നാണ്. സിനിമ ഒരു പ്രോഡക്റ്റ് ആണെന്നും, ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച് അത് മോശമാണെങ്കിൽ പുറത്തു പറയുന്നതുപോലെ, ഒരു സിനിമ ഇഷ്ടമായില്ലെങ്കിൽ അതിനെക്കുറിച്ചും അഭിപ്രായം പറയുന്നതിൽ തെറ്റില്ല എന്നുമാണ്. തികച്ചും ന്യായമായ ഒരു അവകാശവാദം ആണെന്ന് കേട്ടാൽ തന്നെ തോന്നും. ഇതിനെ സിനിമാക്കാർ എതിർക്കുന്നത് റിവ്യൂവേഴ്സിന് സിനിമയുടെ സാങ്കേതികതയെ കുറിച്ച് ഒരറിവും ഇല്ലെന്നും, ഇവർ ഒരു അടിസ്ഥാനവുമില്ലാതെയാണ് തങ്ങളുടെ ചിത്രങ്ങളെ കുറിച്ച് നിരൂപണം നടത്തുന്നത് എന്നുമാണ്. 



ആദ്യം നമുക്ക് മലയാള സിനിമയിലെ ചില ഫോൾട്ട് ലൈൻസ് നോക്കാം. ഒരു 15 വർഷം മുന്നേയുള്ള നിർമ്മാണ രീതിയിൽ നിന്ന് സിനിമ മുന്നോട്ടു പോയിരിക്കുകയാണ്. ഇന്ന് സിനിമ എടുക്കുന്നത് ഡിജിറ്റൽ ആയിട്ടാണ്, വിതരണം ഡിജിറ്റൽ ആയിട്ടാണ്, അതിൻറെ മാർക്കറ്റിംഗ് ഏറെക്കുറെ ഡിജിറ്റൽ ആയിട്ട് തന്നെയാണ്. ഇതിൻറെ ഒരു ഗുണം വളരെ എളുപ്പത്തിൽ, ചിലവ് കുറച്ച്, സിനിമ എടുക്കാം എന്നതാണ്. പണ്ടത്തെ സാങ്കേതിക വിദഗ്ധരുടെ അത്ര പരിചയമോ കൈവഴക്കമോ ഇല്ലെങ്കിൽ കൂടെ സിനിമ എടുക്കാൻ സാധിക്കും. മറ്റൊരു വ്യത്യാസം ഈ ഡിജിറ്റൽ മേഖല കാരണം ഉണ്ടായിട്ടുള്ളത് റിലീസിംഗിലാണ്. ഒരേ ദിവസം തന്നെ 3000മോ 4000മോ സ്ക്രീനിൽ, അതും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ, സിനിമ പ്രദർശിപ്പിക്കാൻ സാധിക്കും. പണ്ട് നൂറോ ഇരുനൂറോ ദിവസം കൊണ്ട് നേടിയെടുത്ത കളക്ഷൻ ഒരു സിനിമയ്ക്ക് ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ നേടിയെടുക്കാം. കൂടാതെ ഇന്ന് തിയറ്റർ മാത്രമല്ല, ടെലിവിഷൻ ചാനലുകൾ, യൂട്യൂബ്, ഓ ടി ടി പ്ലാറ്റ്ഫോമുകൾ, എന്നിങ്ങനെ വിവിധ മാധ്യമങ്ങളിലൂടെ സിനിമ പ്രദർശിപ്പിക്കാം.


ഇതെല്ലാം നല്ല കാര്യമാണെങ്കിൽ, എന്തുകൊണ്ടാണ് സിനിമയുടെ നിലവാരം കുറയുന്നത്? സിനിമയുടെ ചിലവ് കുറയുമ്പോൾ കൂടുതൽ ആളുകൾ സിനിമ പിടിക്കാൻ ഇറങ്ങും. ഡിമാൻഡ് എത്രയുണ്ട് എന്നതിന് ഒരു അവലോകനവും ആരും ചെയ്യില്ല. പ്രേക്ഷകർക്ക് ആവശ്യമില്ലാത്ത സിനിമകൾ എന്തിനു ഇറങ്ങണം? എന്നാൽ പെട്ടെന്ന് തട്ടിക്കൂട്ടാം എന്ന് മോഹവുമായി പലരും ഈ മേഖലയിലേക്ക് ഇറങ്ങുന്നു. ഓ ടി ടി പ്ലാറ്റ്ഫോമുകൾ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചെറിയ കാശിൽ സിനിമയെടുത്ത് ഓ ടി ടി ക്ക് വിറ്റാൽ ലാഭം കിട്ടും എന്ന അതിമോഹം. ഡിമാന്റിന് അപ്പുറത്തേക്ക് ഉൽപ്പന്നങ്ങൾ വിപണിയിൽ വരുകയും, പൊതുവേയുള്ള ഒരു ക്വാളിറ്റിയിൽ കുറവ് വരികയും ചെയ്യുമ്പോൾ സംഭവിക്കുന്ന സ്വാഭാവിക പ്രതിഭാസം തന്നെയല്ലേ മോശം ചിത്രങ്ങളുടെ അതിപ്രസരം? 


ഇനി റിവ്യൂസിനെ കുറിച്ച് പറയുകയാണെങ്കിൽ, ഇന്ന് ഒരു ചിത്രം ലാഭം ഉണ്ടാക്കേണ്ടത് ഒരു രണ്ടാഴ്ചത്തെ ബിസിനസ് കൊണ്ടാണ്. അപ്പോൾ ആദ്യ ദിവസം തന്നെ പടം മോശം അഭിപ്രായമാണ് സ്വരൂപിക്കുന്നതെങ്കിൽ, തീർച്ചയായും നഷ്ടമായിരിക്കും ഫലം. ഈ നഷ്ടം എന്നത് അതിദയനീയമായ നഷ്ടം ആയിരിക്കുകയും ചെയ്യും. കാരണം മുൻപേയുള്ള പോലെ നൂറും ഇരുന്നൂറും ദിവസം ഓടുന്ന ചിത്രങ്ങളുള്ള കാലഘട്ടത്തിൽ, പൊളിയുന്ന സിനിമകൾ പോലും ചെറിയൊരു കളക്ഷൻ എങ്കിലും നേടുമായിരുന്നു. നിർമാതാവിന് നഷ്ടം ഉണ്ടെങ്കിലും പൊതുവേ നഷ്ടത്തിന്റെ അളവ് ഇപ്പോഴുള്ളതിനേക്കാൾ ഇത്തിരിയെങ്കിലും കുറവായിരിക്കും. എ സെന്ററുകളിൽ നഷ്ടം വന്നാലും കുറച്ചൊക്കെ ബി സി സെൻററുകളിൽ ചെറിയ ബിസിനസുകൾ നടക്കും. 


ഇന്ന് അങ്ങനെ ഒരു സാധ്യത തന്നെ ഇല്ല. നഷ്ടമാണെങ്കിൽ തീർത്തും നഷ്ടം, ലാഭം ആണെങ്കിൽ ഒരു മാസത്തിനുള്ളിൽ കയ്യിൽ കിട്ടും. ഇതാണ് അവസ്ഥ. അപ്പോൾ ആദ്യ ദിവസം തന്നെ നാല് റിവ്യൂസ് മോശം വന്നാൽ, പിന്നീട് ആരും കാശ് കൊടുത്ത് പടം കാണാൻ കയറില്ല. ആവറേജ് റിവ്യൂ ആണെങ്കിൽ തന്നെ ഓ ടി ടി യിൽ വരുമ്പോൾ കാണാം എന്ന് തീരുമാനിക്കുകയും ചെയ്യും. അതായത് റിവ്യൂ സിനിമയെ കനത്ത രീതിയിൽ തന്നെ ബാധിക്കും. അപ്പോൾ റിവ്യൂ നിരോധനം നടപ്പിലാക്കിയാൽ സിനിമാ വ്യവസായം പുഷ്ടിപ്പെടുമോ? ഒരിക്കലുമില്ല. പല സിനിമകളും ഇറങ്ങിയിട്ടുണ്ടെന്ന് നാട്ടുകാർ അറിയുന്നതു തന്നെ റിവ്യൂ ചെയ്യുന്നവർ മോശം എന്ന് പറയുമ്പോഴാണ്. 

അപ്പോൾ സിനിമാക്കാർ ഇനി എന്തു ചെയ്യണം? കൃത്യമായി മാർക്കറ്റ് പഠിക്കണം. ഇവിടെ പ്രേക്ഷകർക്ക് ആഴ്ച തോറും എത്ര സിനിമകൾ സപ്ലൈ ചെയ്യണം എന്ന് മനസ്സിലാക്കണം. കൂടാതെ എങ്ങനെയുള്ള ചിത്രങ്ങളാണ് അവർക്ക് വേണ്ടത് എന്നും മനസ്സിലാക്കണം. ചവറു പോലെ ആറും ഏഴും പടങ്ങൾ എല്ലാ ആഴ്ചയും നിരന്തരമായി പ്രേക്ഷകന്റെ മുന്നിലേക്ക് ഇട്ടുകൊടുത്ത്, ഇതെല്ലാം കൺസ്യൂം ചെയ്യണം, അതും അവൻറെ സമയവും, കാശും മുടക്കി, തിയേറ്ററിൽ തന്നെ പോയി വേണം ചെയ്യാൻ, എന്ന് പറയാൻ ആർക്കും ഒരു അധികാരവും ഇല്ല എന്ന് മനസ്സിലാക്കണം.


ആഴ്ചയിൽ ഒന്നോ രണ്ടോ സിനിമ റിലീസ് മാത്രം നടന്നാൽ തന്നെ കുറച്ച് കാര്യങ്ങൾ സ്ഥിരമാവും. ഈ ചിത്രങ്ങൾ മാത്രം ഇറങ്ങുമ്പോൾ, ഇവയുടെ മാർക്കറ്റിംഗ് കൂടുതൽ കാര്യക്ഷമമാകുകയും, ജനങ്ങൾ ഇവയെക്കുറിച്ചു അറിയുകയും ചെയ്യും. ചലച്ചിത്രങ്ങൾ ആത്യന്തികമായി കലാസൃഷ്ടികളാണ്. അതിനാൽ തന്നെ അവയുടെ ഗുണമേന്മ അളക്കുക എന്നത് ബുദ്ധിമുട്ടാണ്. എന്നാൽ, ഒരു മിനിമം ഗുണമേന്മ തങ്ങളുടെ ചിത്രങ്ങൾക്ക് വേണമെന്ന് നിർമ്മാതാക്കൾക്ക് വാശിപിടിക്കാമല്ലോ? ഇതിലും നിർമ്മാതാക്കളുടെ സംഘടനയ്ക്ക് ചില കാര്യങ്ങൾ ചെയ്യാനാകും. ഒരു കമ്മിറ്റി പോലെ ഉണ്ടാക്കി സ്ക്രിപ്റ്റുകൾ അവരെക്കൊണ്ട് വേണമെങ്കിൽ ഒന്ന് അവലോകനം ചെയ്യുക. അപ്പോൾ തന്നെ തീർത്തും മോശം തിരക്കഥകൾ പുറത്താകും. കൂടാതെ പുതുതായി സിനിമയെടുക്കാൻ ഇറങ്ങുന്നവർക്ക് പ്രൊഡക്ഷനിലും, പ്രമോഷനിലും മറ്റും ആശയപരമായ സഹായങ്ങൾ ചെയ്തു കൊടുക്കാനും സാധിക്കും. 


മറ്റൊരു ഐഡിയ എനിക്കുള്ളത്, ഈ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സ്വന്തമായി ഒരു ഓ ടി ടി പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു കൂടെ എന്നതാണ്. മിതമായ നിരക്കിൽ പരാജയ ചിത്രങ്ങളെല്ലാം വീട്ടിൽ നിന്നും കാണാനുള്ള ഒരു സംവിധാനം ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ, കുത്തുപാളയെടുത്ത നിർമാതാക്കൾക്ക്, അതുപോലെ തന്റെ ചിത്രം തിരസ്കരിക്കപ്പെട്ടു എന്ന് വിഷമിക്കുന്ന സംവിധായകർക്ക് ആശ്വാസമായിരിക്കും.


ഇനി പുതിയകാല സിനിമാ നിരൂപണത്തിന്റെ കാര്യം. സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ പ്രശ്നം, അത് ഇൻസ്റ്റന്റേനിയസ് ആയതിനെയും നെഗറ്റീവ് ആയതിനെയും കൂടുതൽ മുന്നോട്ടുകൊണ്ടു വരുമെന്നതാണ്. ഉദാഹരണത്തിന്, ഞാൻ നല്ല ഒരു പാട്ട് അതിഗംഭീരമായി ആലപിച്ച്, ഒരു വീഡിയോ ഉണ്ടാക്കി യൂട്യൂബിൽ ഇട്ടാൽ, പത്തു പേര് അത് കാണും, മൂന്നു പേര് നന്നായി എന്ന് പറയും. എന്നാൽ ഇതേ പാട്ട് തീർത്തും വൃത്തികേടായി പാടി നോക്കിയാൽ അതിന്റെ റീച്ച് അപാരം ആയിരിക്കും. അതുപോലെ, ഒരു സിനിമയെക്കുറിച്ച് ഗഹനമായുള്ള ഒരു നിരൂപണം, വൃത്തിയായി നല്ല ഭാഷയിൽ ചെയ്താൽ അത് ഒരു 15 മിനിറ്റ് ഇരുന്ന് കേൾക്കാൻ ആളുകൾ തയ്യാറാവില്ല. അതേസമയം തന്നെ തീർത്തും ഉപരിപ്ലവമായും തീർത്തും നെഗറ്റീവ് ആയും പറഞ്ഞാൽ കൂടുതൽ റീച്ച് കിട്ടും. ഇത് ലോകമെമ്പാടുമുള്ള ഒരു സോഷ്യൽ മീഡിയ ഫിനോമിനൻ ആണ്. 


റിവ്യൂ ചെയ്യുന്നവർ തങ്ങളുടെ അവലോകന മികവിനേ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ നന്നായിരിക്കും. സിനിമയെക്കുറിച്ചും, നിരൂപണത്തേക്കുറിച്ചും ഇറങ്ങുന്ന പുസ്തകങ്ങളും വീഡിയോകളും കാണുകയും, അന്താരാഷ്ട്ര തലത്തിൽ ഇറങ്ങുന്ന റിവ്യൂകൾ വായിക്കുകയും ചെയ്യുക. എന്നാൽ അത് നടക്കും എന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. ഇവിടുത്തെ ഒരു പ്രമുഖ യൂട്യൂബ് റിവ്യൂവർ പറഞ്ഞത്, അയാൾക്ക് റോജർ ഇബർട്ടിനെ അറിയില്ല, അങ്ങനെ ഒരാളെ കുറിച്ച് കേട്ടിട്ട് പോലുമില്ല, എന്നാണ്. അതിൽ ഒരു കുഴപ്പവും ഞാൻ കാണുന്നില്ല. എന്നാൽ, തുടർന്ന് അദ്ദേഹം പറയുന്നത്, തനിക്ക് അതിൻറെ ആവശ്യമില്ല, എന്നാണ്. അപ്പോൾ ഒരു പ്രൊഫഷണൽ ചെയ്യുന്നതുപോലെ, തൻറെ സ്കിൽസെറ്റിനെ തേച്ചു മിനുക്കാൻ യാതൊരു ഉദ്ദേശവും ഇല്ല, എന്ന് തന്നെ. ഇത് ആശാവഹമായ ഒരു കാര്യമാണോ എന്ന് റിവ്യൂ കാണുന്നവരാണ് തീരുമാനിക്കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം, വ്യക്തിഹത്യ ചെയ്യാതെയും, സ്പോയ്ലറുകൾ ഇല്ലാതെയും, എന്തുപറഞ്ഞാലും വലിയ പ്രശ്നമുള്ളതായി തോന്നുന്നില്ല. 

1 comment:

  1. Movies are becoming like blogs, cheap because easy to produce.

    ReplyDelete