എംടിയുടെ ഇതുവരെ വായിക്കാൻ സാധിക്കാത്ത പുസ്തകങ്ങൾ വായിക്കാനായി ശ്രമിച്ചപ്പോൾ, കാലം എന്ന കൃതിക്ക് ശേഷം കൈയിൽ കിട്ടിയത് അസുരവിത്ത് ആണ്. 1962ൽ പ്രസിദ്ധീകരിച്ച നോവൽ ഇന്നും എംടിയുടെ മികച്ച കൃതിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സാഹിത്യ നിരൂപകയായ എം. ലീലാവതി, അവരുടെ ലേഖനത്തിൽ അഭിപ്രായപ്പെടുന്നത് മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലായി അവർ ഈ നോവലിനെയാണ് തെരഞ്ഞെടുക്കുക എന്നാണ്. അങ്ങനെ ഒരു അഭിപ്രായം എനിക്കില്ലെങ്കിലും, ഞാൻ വായിച്ച എംടിയുടെ നോവലുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അസുരവിത്ത് തന്നെയാണ്.
എഴുത്തുകാരൻ നാലുകെട്ടിൽ സൃഷ്ടിച്ച്, കാലത്തിൽ പരിപാലിച്ച പ്രപഞ്ചത്തിന്റെ പൂർണ്ണതയാണ് അസുരവിത്ത് എന്നാണ് എനിക്ക് തോന്നിയത്. നായർ തറവാടുകളുടെ ജീർണ്ണിച്ച ചിത്രം നാലുകെട്ടിൽ ആവിഷ്കരിച്ച എംടി, കാലത്തിൽ അതിന്റെ ഫലമായി വ്യക്തിത്വം നശിച്ച ഒരു നായകനെ വരച്ചുകാട്ടുന്നു. അസുരവിത്തിൽ ആകട്ടെ, നാം കാണുന്ന നായകൻ തന്റെ തകർച്ചക്ക് ശേഷം സ്വയം പുനഃസൃഷ്ടിക്കുന്നവനാണ്. എന്നെ സംബന്ധിച്ചിടത്തോളം, നാലുകെട്ടിന്റെയും കാലത്തിന്റെയും ശുഭകരമായ പര്യവസാനമാണ് അസുരവിത്ത്.
ഇങ്ങനെയാണെങ്കിലും, സമയക്രമത്തിൽ പരിഗണിക്കുകയാണെങ്കിൽ കാലത്തിന് മുന്നെയാണ് അസുരവിത്ത് എഴുതപ്പെട്ടിട്ടുള്ളത്. നാലുകെട്ടിന് മുന്നെയാണ് അസുരവിത്തിൽ പറഞ്ഞിട്ടുള്ള സംഭവങ്ങൾ നടക്കുന്നതും. അതിനാൽ എഴുത്തുകാരൻ ബോധപൂർവം ഇങ്ങനെ ഒരു ആഖ്യാനം രൂപപ്പെടുത്തിയതാവില്ല എന്നു തോന്നുന്നു. അസുരവിത്തിന്റെ ചരിത്ര പശ്ചാത്തലം, കേരളത്തിൽ ആയിരത്തി തൊള്ളായിരത്തി നാൽപ്പതുകളിൽ പടർന്നു പിടിച്ച കോളറക്കാലമാണ്. പകർച്ചവ്യാധികൾ ദേവതകൾ മനുഷ്യരെ ശിക്ഷിക്കാനായി എറിയുന്ന വിത്തുകളാണ് എന്ന വിശ്വാസവുമായി ചേർത്തു വായിക്കുമ്പോൾ അസുരവിത്ത് എന്ന പേരിന്റെ സാംഗത്യം കൂടൂതൽ മറ നീക്കുന്നു.
എംടിയുടെ രചനകൾ കൂടുതലും വളരെ വ്യക്തിനിഷ്ഠമായ കഥാഖ്യാനങ്ങളാണ്. ഒരു മുഖ്യ കഥാപാത്രത്തിന്റെ മാനസിക വ്യാപാരത്തിലൂടെയായിരിക്കും വായനക്കാരന്റെ സഞ്ചാരം. സമൂഹം എന്നും അയാൾക്ക് ഗതി മാറ്റാൻ ഉതകുന്ന പ്ലോട്ട് ഡിവൈസ് മാത്രം. അസുരവിത്ത് ഈ രീതി മാറ്റിപ്പിടിക്കുന്നു. സമൂഹവും, അയാൾക്ക് സമൂഹവുമായുള്ള ബന്ധവും, അങ്ങനെ ഉണ്ടാകുന്ന നന്മതിന്മകളുടെ തുടർച്ചയായ ആദാനപ്രദാനവും ഈ നോവലിനെ മറ്റ് എംടിയുടെ കൃതികളിൽ നിന്നും വേർതിരിച്ചു നിർത്തുന്നു.
നാലുകെട്ടിന്റെ ജീർണ്ണതയിൽ നിന്നും പുറന്തള്ളപ്പെടുന്ന ഗോവിന്ദൻ കുട്ടി വന്നെത്തുന്നത് സമൂഹത്തിന്റെ ദൂഷിതവലയത്തിലേക്ക്. തങ്ങളുടെ ആവശ്യത്തിനു മാത്രം അയാളെ കൂടെ നിർത്തി, അതിനു ശേഷം വഞ്ചിക്കുന്ന സമൂഹത്തിനോട് അയാൾ പ്രതികാരം ചെയ്യുന്നു. ഇവിടെയാണ് അയാൾ എല്ലാം ഒതുക്കിൽ കഴിക്കുന്ന, പ്രതികാരം പോലും ഒച്ചയുണ്ടാക്കാതെ നടത്തുന്ന, തന്റെ മനസ്സിനുള്ളിൽ മാത്രം വാഴുന്ന മറ്റ് എംടി നായകരിൽ നിന്ന് വ്യത്യസ്തനാകുന്നത്. എന്നാൽ പ്രതികാരം പോലും അയാളെ ദുഷിച്ച സംസ്കൃതിയുടെ അടിത്തട്ടിലേക്ക് ആഴ്ത്തുകയാണെന്ന തിരിച്ചറിവാണ് അയാളെ ഒടുക്കം മാറ്റിമറിക്കുന്നത്.
അസുരവിത്ത് മനുഷ്യമനസ്സിൽ നടക്കുന്ന ദേവാസുരയുദ്ധത്തിന്റെ കഥയായി വായിക്കാം. ഉള്ളിലെ ദേവാംശത്തെ നിർദ്ദാക്ഷിണ്യം തല്ലിക്കെടുത്തുന്ന ബാഹ്യ ലോകം, ആസുരവീര്യത്തിന്റെ ബഹിർഗമനത്തോടെ, അയാളെ ആരവങ്ങളോടെ അസുരരാജാവാക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ മനസ്സിലെ അവസാനത്തെ നന്മയുടെ കണം, അയാളിലെ ദേവനെ തന്റെ സാമ്രാജ്യം തിരിച്ചു പിടിക്കാൻ പ്രാപ്തനാക്കുന്നു. ഇതാണ് എന്റെ വായന.
No comments:
Post a Comment