Pages

Friday, July 14, 2023

കാലത്തിനൊത്ത് നടക്കുന്ന 'കാലം'

 ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സമയത്ത് എം ടി വാസുദേവൻ നായർ ഞങ്ങളുടെ എല്ലാം ഹീറോ ആയിരുന്നു. അദ്ദേഹത്തിൻറെ ചില പുസ്തകങ്ങൾ, നാലുകെട്ട് തുടങ്ങിയവ, മുന്നേ വായിച്ച ആൾ എന്ന നിലയിൽ സ്കൂളിലും ഞാൻ കുറെ ഷൈൻ ചെയ്തിരുന്നു. ഇന്ന് ഒരു രണ്ടാം വായനക്ക് എടുക്കുമ്പോൾ എനിക്ക് തോന്നുന്നത് അദ്ദേഹത്തിൻറെ ചെറുകഥകൾ നോവലിനെ വലിയ രീതിയിൽ കടത്തിവെട്ടും എന്നാണ്. ഒരു പ്രത്യേക കാലഘട്ടത്തെ കൃത്യമായും ശുദ്ധമായും ആവിഷ്കരിക്കാൻ ഉള്ള അദ്ദേഹത്തിൻറെ കഴിവ് അസാമാന്യമാണ്. 



ആദ്യകാലങ്ങളിൽ വായിക്കാൻ കഴിയാതിരുന്ന ചില നോവലുകൾ കൂടി വായിച്ചു നോക്കണം എന്ന് ആഗ്രഹത്തോടെയാണ് കാലം എടുത്തത്. വളരെയധികം പ്രകീർത്തിക്കപ്പെട്ട ഒരു കൃതിയാണ് കാലം. വായിച്ചു കഴിഞ്ഞപ്പോൾ മൂന്നു തരത്തിൽ അതിനെ സമീപിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. ഒന്ന് സേതു എന്ന കേന്ദ്ര കഥാപാത്രത്തിന്റെ സൈക്കോളജി, രണ്ട് മരുമക്കത്തായത്തിന്റെ ജീർണ്ണതയും മക്കത്തായത്തിലേക്ക് മാറുമ്പോൾ ഉള്ള സോഷ്യോളജി, മൂന്ന് കാലത്തിനോട് കലാപം നടത്താനുള്ള മനുഷ്യൻറെ ഇച്ഛയെ കാലം തന്നെ തകർത്തു, തന്റെ വരുതിക്ക് വരുത്തുന്ന ഫിലോസഫി. 


ഈ മൂന്ന് സമീപനങ്ങൾക്കും തുടക്കം ഇടേണ്ടത് സുമിത്ര എന്ന കഥാപാത്രം സേതുവിനോട് കഥാന്ത്യം പറയുന്ന ഒരു വാചകത്തിലൂടെയാണ്. സേതുവിന് എന്നും ഒരാളോടേ ഇഷ്ടം ഉണ്ടായിരുന്നുള്ളൂ, സേതുവിനോട് മാത്രം. ഇതു പറയുന്നത് ദേഷ്യമോ കാലുഷ്യമോ മനസ്സിൽ വെച്ചിട്ടല്ല, ഒരു യോഗിനിയുടെ നിർവികാരതയോടെയാണ്. സേതുവും സുമിത്രയും ഇവിടെ രണ്ട് ദ്വന്ദ്വങ്ങൾ ആവുകയാണ്. ഒരാൾ ജീവിതത്തെ ജയിച്ചു എന്ന അഹങ്കാരത്തിൽ തോറ്റു പോയ ആളെ സ്വന്തമാക്കാൻ എത്തുന്നു. എന്നാൽ തോറ്റയാൾക്കറിയാം കാലം ഇരുവരെയും തോൽപ്പിച്ചു കഴിഞ്ഞു എന്ന്. 


കാലം പ്രഥമമായും സേതുവിൻറെ കഥയാണ്. ദാരിദ്ര്യത്തിന്റെ നടുവിൽ ജനിച്ചുവളർന്ന, സ്വന്തം സുഹൃത്തുക്കളെ തൻറെ വീട് കാണിക്കാൻ പോലും മടിക്കുന്ന, കടുത്ത ഇൻഫീരിയോറിറ്റി കോംപ്ലക്സിന്റെ ഉടമ. തന്നോട് ആർക്കും ഇഷ്ടമില്ല എന്ന ധാരണയ്ക്ക് മുകളിലാണ് അയാൾ തന്റെ ജീവിതം പടുത്തുയർത്തുന്നത്. താൻ അടുത്തു പെരുമാറുന്നവരുടെ ഹൃദയരാഹിത്യം, തന്നോട് അടുപ്പമുള്ള ചുരുക്കം പേരോട് അതേ രീതിയിൽ പെരുമാറാനുള്ള ശിക്ഷണമാണ് അയാൾക്ക് കൊടുക്കുന്നത്. അവരുടെ ജീവിതം പിച്ചിച്ചീന്തി എറിയുന്ന സമയത്തും അയാൾ തിരുത്തുന്നില്ല, ഒരുകാലത്തു താൻ വെറുത്തിരുന്നതിനെ എല്ലാം ആവേശത്തോടെ ആശ്ലേഷിക്കുമ്പോഴും. എന്നാൽ കാലം സേതുവിനെ പുറത്തു കടക്കാനാകാതെ വരിഞ്ഞു മുറുക്കുന്നു. അവസാന ആശ്രയമായി സുമിത്രയെ സമീപിക്കുന്ന സേതു താൻ എന്താണ് എന്ന് അവളുടെ വാക്കുകളിൽ മനസ്സിലാക്കുന്നു. 


എം ടി യുടെ ഇഷ്ടവിഷയമായ തകരുന്ന നാലുകെട്ടുകളുടെ ആവിഷ്കാരം കാലത്തിൽ കൂടുതൽ ആസുരമാണ്. ഭൂപരിഷ്കരണവും കാർഷിക സംസ്കൃതിയുടെ തകർച്ചയും ജന്മികളുടെയും കാര്യസ്ഥന്മാരുടെയും വയറ്റത്തടിച്ചു. മരുമക്കത്തായം തകർന്നപ്പോൾ അച്ഛനും അമ്മാവനുമിടയിൽ പെട്ടുപോയ ജന്മങ്ങൾ. പട്ടിണിയുടെ തീച്ചൂളയിൽ നിന്നും എങ്ങനെ എങ്കിലും രക്ഷപ്പെട്ട് അവൻ എത്തുന്നത് ന്യൂക്ലിയർ കുടുംബത്തിന്റെ കെട്ടുപാടിൽ. സാധാരണ തലമുറകൾ എടുത്ത് മാറി മറയുന്ന സാമൂഹ്യ സ്ഥിതി ചുരുക്കം വർഷങ്ങളിൽ അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക അന്യതാബോധം. സാമ്പത്തിക സ്ഥിരതയ്ക്കു വേണ്ടിയുള്ള ഒത്തുതീർപ്പുകൾ. തന്നെ മാത്രം തനിക്ക് മാത്രം എന്നത് സമൂഹത്തിന്റെ ആപ്തവാക്യമാകുമ്പോൾ ഒഴിയാനാകാത്തത് കാലത്തിന്റെ മറ്റൊരു പ്രതിപാദ്യം. 


കാലപ്രവാഹം, ഒന്നിനേയും കാത്തുനില്ക്കാത്ത കുത്തിയൊലിപ്പ്. ഇതിനോട് ചേർന്ന് നീന്താം, അല്ലെങ്കിൽ എതിർത്തു നിൽക്കാം. എതിർക്കുന്നവന് സ്വന്തവും ബന്ധവും അന്യമാകുന്നു. ഒറ്റയാനായി നിവർന്നു നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിൽക്കുന്നവരുടെ മുതുകിൽ കയറണം, ചവിട്ടി താഴ്ത്തണം. ഇല്ലെങ്കിൽ ഒഴുക്കിൽ മുങ്ങിത്താഴും. എന്നാൽ എത്ര ശ്രമിച്ചാലും അവസാനം എത്തുന്നതോ? തുടങ്ങിയേടത്തു തന്നേ. എന്നാൽ അതും അന്യമായിരിക്കുന്നു. സുമിത്ര പറയുമ്പോൾ ആണ് താൻ കാലത്തിനോട് പൊരുതി തോറ്റു എന്ന് സേതു അംഗീകരിക്കുന്നത്. 


വർഷങ്ങൾക്ക് ശേഷം കാലം എന്ന നോവൽ ഇന്നും പ്രസക്തമാണ്. എല്ലാ മൂല്യങ്ങളും മൂലയ്ക്ക് വച്ച് കാലപ്രവാഹത്തിൽ, നിലനിൽപ്പിനായുള്ള നെട്ടോട്ടം മലയാളി ഉപേക്ഷിക്കാത്തിടത്തോളം, കാലം ഇവിടെ നിലനിൽക്കും. 

1 comment: