ടെക്നോ ത്രില്ലർ നോവലുകൾ ഇതിവൃത്തത്തിൽ നൂതനമായ സാങ്കേതിക വിദ്യകളുടെ വിവരണങ്ങൾ അടങ്ങിയ നോവലുകളാണ്. ഈ സാങ്കേതിക വിദ്യകൾ ആയിരിക്കണം കഥയുടെ പുരോഗതിയെ നിർണയിക്കുന്നത്. പാശ്ചാത്യ സാഹിത്യത്തിൽ ധാരാളം ടെക്നോ ത്രില്ലറുകൾ കാണാം. എന്നാൽ മലയാള സാഹിത്യത്തിൽ ഇത്തരം പരീക്ഷണങ്ങൾ അധികം നടന്നിട്ടില്ല. 2020ൽ ഡിസിയുടെ മികച്ച ത്രില്ലർ പുരസ്കാരം നേടിയ ശ്രീ ശിവൻ എടമന എഴുതിയ നോവലായ ന്യൂറോ ഏരിയ ആണ് ഞാൻ മലയാളത്തിൽ വായിച്ചിട്ടുള്ള ഏക ടെക്നോ ത്രില്ലർ.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബ്രെയിൻ മാപ്പിംഗ് ഉപയോഗിച്ച് മനുഷ്യ ബുദ്ധിയെ കാലാകാലങ്ങളോളം മരിക്കാതെ ജീവിപ്പിച്ചു കൊണ്ടുപോകുന്ന ടെക്നോളജി ആണ് ഈ നോവലിന്റെ ഇതിവൃത്തം. എന്നാൽ ഏതൊരു നല്ല ത്രില്ലറും പോലെ ശ്വാസം അടക്കിപ്പിടിച്ച് വായിക്കാൻ പറ്റുന്ന വേഗമേറിയ ഒരു കഥയും ഈ നോവലിലുണ്ട്. ഒരു ഹോസ്പിറ്റലിലെ ന്യൂറോ ഏരിയ എന്ന പേരിൽ ആർക്കും കടക്കാൻ ആകാത്ത ഒരു വിഭാഗവും, അവിടെ നടക്കുന്ന രഹസ്യ പരീക്ഷണങ്ങളും, ഇത് പിടിച്ചടക്കാൻ ചില സംഘങ്ങൾ നടത്തുന്ന ഉദ്യമങ്ങളും, അതിൻറെ ഭാഗമായി നടക്കുന്ന കൊലപാതകങ്ങളും, അവയുടെ അന്വേഷണവും, ഇതിനിടയിൽ പെട്ട് പോകുന്ന ഒരു ജൂനിയർ ഡോക്ടറും. ഇതാണ് ഈ നോവലിൻറെ ഒരു രത്ന ചുരുക്കം.
ന്യൂറോ ഏരിയ കൂടുതലായും കഥാസന്ദർഭങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു നോവലാണ്. കഥാപാത്രങ്ങളെ കൂടുതൽ അടുത്തറിയാനോ അവരെ മനസ്സിലാക്കാനോ ഉള്ള ഒരു സാഹചര്യം കഥാകൃത്ത് ഒരുക്കി തരുന്നില്ല. കഥാപാത്രങ്ങൾ മിക്കവാറും കഥാസന്ദർഭങ്ങളിലേക്ക് എടുത്തറിയപ്പെട്ടവരെ പോലെയാണ് കടന്നുവരുന്നത്. പക്ഷേ വളരെ ചെറിയ ചില വിശേഷണങ്ങളും അവരുടെ ചില പെരുമാറ്റ രീതികളും ഉപയോഗിച്ച് നമ്മുടെ മനസ്സിൽ അവരെ പറ്റി ചില ചിത്രങ്ങൾ കോറിയിടാൻ സാധിച്ചിട്ടുണ്ട് പല സന്ദർഭങ്ങളിലും ഇവരെപ്പറ്റി കൂടുതൽ പറയാത്തത് കഥയുടെ സസ്പെൻസ് നിലനിർത്താൻ സഹായിച്ചിട്ടുമുണ്ട് അതിനാൽ കഥാപാത്ര നിർമ്മിതി ഒരു പോരായ്മയായി തോന്നുന്നില്ല.
ഓരോ പേജും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുകയും അടുത്ത പേജിലേക്ക് ആകാംക്ഷയോടെ നമ്മളെ നയിക്കുകയും ചെയ്യുന്ന മികച്ച ആഖ്യാനമാണ് ന്യൂറോ ഏരിയക്കുള്ളത്. കഥയുടെ അവസാനം നമ്മൾ ആരും ചിന്തിക്കാത്ത രീതിയിൽ ഈ കുറ്റകൃത്യങ്ങൾക്ക് പിറകിൽ പ്രവർത്തിച്ചവരെ അനാവൃതരാക്കുന്നു. ഇതിലുള്ള ടെക്നോളജി പലതും ഇന്ന് നിലവിലുള്ളതാണെന്നത് ഈ കഥയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
മനുഷ്യമനസ്സ് എന്നത് യഥാർത്ഥത്തിൽ വളരെയധികം ന്യൂറോണുകൾ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്ന സന്ദേശങ്ങൾ യോജിപ്പിച്ചുകൊണ്ട് ഉണ്ടാകുന്നതാണ്. അതിനാൽ തന്നെ ന്യൂറോണുകളുടെ ഈ ശൃംഖല കൃത്രിമമായി ഉണ്ടാക്കുകയും ഒരു മനുഷ്യൻറെ എല്ലാ പെരുമാറ്റ രീതികളും അനുഭവങ്ങളും അതിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്താൽ ആ മനുഷ്യൻറെ മനസ്സ് എന്നെന്നേക്കുമായി ചിരഞ്ജീവിയായി നിലനിൽക്കും എന്നതാണ് ഈ ടെക്നോളജിയുടെ പ്രാവർത്തികത. ഈ ന്യൂറോണുകളുടെ ശൃംഖല ഉപയോഗിച്ച് ഒരു റോബോട്ടിനെ നിർമ്മിക്കുകയാണെങ്കിൽ അത് മനുഷ്യ പുരോഗതിയെ വളരെയധികം സഹായിക്കും.
ഉദാഹരണത്തിന് ഒരു വിദഗ്ധനായ ജ്യോതിശാസ്ത്രജ്ഞന്റെ മനസ്സിന്റെ കോപ്പി മറ്റൊരു ഗ്രഹത്തിലേക്ക് ഒരു റോബോട്ട് വഴി അയച്ചാൽ അയാൾക്ക് എന്താണ് സാധിക്കാത്തത്? ഇനി ഒരു നാനോ റോബോട്ടിൽ ഒരു വിദഗ്ധനായ സർജന്റെ മനസ്സ് സന്നിവേശിപ്പിച്ചാൽ അദ്ദേഹത്തിന് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാനും അതിനുള്ളിൽ വെച്ച് തന്നെ സർജറി നടത്താനും സാധിച്ചേക്കും. ഇത്തരമൊരു ടെക്നോളജിയുടെ സാധ്യത ഏറ്റവും നന്നായി ഉപയോഗിച്ച നോവൽ ആണോ ന്യൂറോ ഏരിയ എന്ന് ചോദിച്ചാൽ അല്ല.
നോവൽ പിന്തുടരുന്നത് നമ്മൾ സാധാരണമായി കാണുന്ന ത്രില്ലർ നോവലുകളിലെ പതിവു രീതികളാണ്. ഇതിലെ ടെക്നോളജി, കഥയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഒരു പ്ലോട്ട് ഡിവൈസ് മാത്രമാണ്. എന്നാൽ ഇങ്ങനെയൊരു ടെക്നോളജി ഉണ്ടെന്നും അതിൻറെ സാധ്യതകൾ എന്തൊക്കെയാണെന്നും വലിയ ലോക പരിചയം ഇല്ലാത്ത ഒരു സാധാരണ വായനക്കാരനെ ബോധ്യപ്പെടുത്തുക എന്നത് ഒരു പ്രധാന കാര്യം തന്നെയാണ്. ഇതിൽ ന്യൂറോ ഏരിയ വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയണം.
പൊതുവേ ക്രൈം- ത്രില്ലർ വിഭാഗത്തിൽ പെടുന്ന മലയാളകൃതികൾക്ക് മലയാളി വായനക്കാർക്കിടയിൽ ഒരു അസ്പൃശത ഉണ്ട്. വായന ഗൌരവമായെടുക്കുന്ന മലയാളി വായനക്കാർ ഇംഗ്ലീഷ് കൃതികളായും മറ്റു ഭാഷകളിൽ നിന്നുള്ള തർജ്ജമകളായും വരുന്ന ക്രൈം നോവലുകൾ ആവേശത്തോടെ വായിക്കാനെടുക്കുന്നവരാണ്. എന്നാൽ മലയാളത്തിൽ എഴുതപ്പെടുന്ന കൃതികൾക്ക് ഗുണമേന്മയില്ല എന്നാണ് ഒരു ധാരണ. ഈ ധാരണ കാരണം നല്ല കൃതികൾ എഴുതപ്പെടാത്തതാണോ, അതോ നല്ല കൃതികൾ എഴുതപ്പെടാത്തത് കൊണ്ട് വായനക്കാരില്ലാത്തതാണോ എന്ന തർക്കം നിലനിൽക്കുന്നതിനാൽ, ന്യൂറോ ഏരിയ പോലുള്ള വ്യത്യസ്തമായ ചുവടുവെപ്പുകൾ ശ്രദ്ധിക്കപ്പെടേണ്ടത് മലയാള സാഹിത്യത്തിന് അത്യാവശ്യമാണ്.
No comments:
Post a Comment