ബംഗാളി നോവലുകളായിരിക്കും മലയാളത്തിലേക്ക് ഏറ്റവും കൂടുതലായി വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഭാരതീയ ഭാഷാസാഹിത്യം. എത്രയോ മികച്ച ബംഗാളി കൃതികൾ മലയാളത്തിൽ വായിക്കാൻ സാധിച്ചിട്ടുണ്ട്- ആനന്ദമഠം, പ്രഥമപ്രതിശ്രുതി, ആരോഗ്യനികേതനം... ഇപ്പോൾ വായിച്ചു തീര്‍ത്ത നോവലാണ് ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായയുടെ ആദർശ ഹിന്ദു ഹോട്ടൽ. 1930കളിൽ പുറത്തു വന്ന ഈ ആഖ്യായിക, ഒരു ശുദ്ധഗതിക്കാരനായ പാചകക്കാരന്റെ കഥയാണ്.
ബിഭൂതിഭൂഷണിന്റെ പഥേർ പാഞ്ചാലി വായിച്ചവർക്കറിയാം അദ്ദേഹത്തിന്റെ കഥകളുടെ ലാളിത്യം. ആദർശ ഹിന്ദു ഹോട്ടലും ഇതേ പാരമ്പര്യം പിന്തുടരുന്നു. ഇതിൽ വായനക്കാരന്റെ ഉള്ളുലച്ച് കളയാനുദ്ദേശിച്ചുള്ള വൈകാരിക പ്രകടനമോ, ആശയ- വർഗ്ഗസംഘട്ടനങ്ങളോ കാണില്ല. എല്ലാ ദൗർബല്ല്യങ്ങളുമുള്ള, എന്നാൽ ചില കഴിവുകളുമുള്ള ഒരു കഥാപാത്രം, ഈ കഴിവുകളും ക്ഷമയും കാരണം ഔന്നത്യങ്ങളിലെത്തിച്ചേരുന്നതാണ് കഥ. തന്നെ സ്നേഹിച്ചവരെയും സഹായിച്ചവരെയും തന്റെ നല്ലകാലത്തിൽ പങ്കാളികളാക്കുന്ന അയാൾ തന്നെ ഉപദ്രവിച്ചവരെപ്പോലും കൈവെടിയുന്നില്ല.
ഒരു നല്ല തര്‍ജമ വായിക്കുമ്പോൾ രണ്ട് ഗുണങ്ങളുണ്ടാകും. അപരിചിതമായ ഒരു നാട്ടിലെ ജീവിതവും ആചാരങ്ങളും വ്യവസ്ഥിതിയും അറിയാനുള്ള സാഹചര്യം ഉണ്ടാക്കിത്തരും. അതേ സമയത്ത് ലോകത്തെ ഏത് നാട്ടിലായാലും ആത്യന്തികമായി മനുഷ്യനെ മനുഷ്യനാക്കുന്ന പൊതുസ്വഭാവങ്ങൾ കാട്ടിത്തരികയും ചെയ്യും. കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യപകുതിയിലെ ബംഗാളി ജീവിതത്തിന്റെ മനോഹരമായ ആവിഷ്കാരമാണ് ഈ നോവൽ. അതേ സമയം ഒരാളെ ഉന്നതങ്ങളിലേക്ക് സ്വയം ഉയർത്താനായി വേണ്ട ഗുണങ്ങളെന്താണ് എന്ന അന്വേഷണവുമാണ് ആദർശ ഹിന്ദു ഹോട്ടൽ.
Pages
▼
No comments:
Post a Comment