Pages

Monday, December 26, 2016

കട്ടപ്പനയിലെ ഹൃതിക് റോഷനും ഓർമ്മശക്തിയും...

നാം കാര്യങ്ങൾ ഓർക്കുന്നത് എങ്ങനെയെന്നറിയാമോ? നമ്മുടെ ഇന്ദ്രിയങ്ങൾ അനുഭവിക്കുന്ന ഉത്തേജനങ്ങൾ തലച്ചോറിൽ എത്തുമ്പോൾ തലച്ചോറ് മുന്നേയുണ്ടായിട്ടുള്ള അനുഭവങ്ങളുമായി ഘടിപ്പിച്ചു നോക്കുന്നു. അതായത് നമുക്ക് നേരത്തേ അനുഭവമുള്ളതോ അറിയുന്നതോ ആയ കാര്യങ്ങളുമായി ബന്ധമുള്ള ഒരു പുതിയ അനുഭവം ഉണ്ടാകുമ്പോൾ അത് നന്നായി ഓർമ്മയിൽ നിലനിൽക്കുന്നു.

ഞാൻ നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷൻ കണ്ട് മണിക്കൂറുകളേ ആയുള്ളൂ. എന്നാൽ ഇപ്പോൾ അതിൽ നിന്ന് കാര്യമായൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. അതിന് കാരണമായി എനിക്ക് തോന്നുന്നത് മുകളിൽ പറഞ്ഞതാണ്. പടത്തിന്റെ ഘടന വളരെ അയഞ്ഞതാണ്. മൊത്തത്തിൽ നോക്കുമ്പോൾ ഒരു കഥയുണ്ട്. എന്നാൽ പല ചേരുവകളും ആ കഥയുടെ ഭാഗങ്ങളല്ല. പല കഥാപാത്രങ്ങളും വന്നു പോകുന്നു. പല ഹാസ്യരംഗങ്ങളും സമയം തികക്കാനുള്ള വെറും ഫില്ലർ മാത്രമായി പോകുന്നു.

ചുരുക്കത്തിൽ രംഗങ്ങൾ തമ്മിലുള്ള പൊരുത്തമില്ലാത്തതിനാൽ പടത്തിന് നൈസർഗികമായ ഒരു ഒഴുക്കിന്റെ അഭാവം പ്രകടമാണ്. അത് കൊണ്ട് പല രംഗങ്ങളും തിരശ്ശീലയിൽ കാണുമ്പോൾ രസിക്കുമെങ്കിലും പിന്നീട് ഓർത്തെടുക്കാൻ ശരിക്ക് വിഷമിക്കണം. പ്രത്യേകിച്ച് ഹാസ്യരംഗങ്ങൾ. കോമഡിയും മിമിക്സും പിന്നെ ഞാനും എന്ന ടിവി പരിപാടി ഒരു ചലച്ചിത്രമാക്കി അവതരിപ്പിച്ചത് പോലെ.

മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു ഒരു ഭാവി വാഗ്ദാനം ആണെന്ന് തെളിയിച്ചു. ധർമ്മജനും സിദ്ദിഖും നന്നായി പിന്തുണച്ചു. തന്റെ ആദ്യപടത്തിലെ പോലെ നായികമാർക്ക് ഇതിലും കാര്യമായൊന്നും ചെയ്യാൻ നാദിര്‍ഷാ കൊടുത്തില്ല. സലിംകുമാർ തന്റെ പഴയ പ്രതാപത്തിന്റെ നിഴലിലൊതുങ്ങി നിന്നു കളഞ്ഞു.

പല കഥാപാത്രങ്ങളേയും കഥാഗതി മാറ്റാനുള്ള വെറും ഉപകരണങ്ങളായിട്ടാണ് ചലച്ചിത്രകാരന്മാർ കണ്ടത്. നായികയുടെ പരിചയക്കാരനായ ഹിന്ദിക്കാരനും, കഥാന്ത്യത്തിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന കോടീശ്വരനുമെല്ലാം ഈ വകുപ്പിൽ വരും. ഇവർ ആവശ്യഘട്ടങ്ങളിൽ അവതരിക്കുകയും അവരുടെ ധർമ്മം കഴിഞ്ഞാൽ ആരാലും ഓർക്കപ്പെടാതെ ഒഴിവാവുകയും ചെയ്യും. ആൻമരിയ എന്ന പ്രധാനകഥാപാത്രം പോലും വെറും പ്ലോട്ട് ഡിവൈസായി അധഃപതിക്കുന്നത് സങ്കടകരമായി.

ഇത്തരം കഥാപാത്രങ്ങൾ അനശ്വരമാക്കപ്പെട്ട ഉദാഹരണങ്ങൾ വേണോ? ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ സിദ്ദിഖ് അവതരിപ്പിച്ച വേഷം കഥാഗതി തിരിക്കാൻ വേണ്ടി മാത്രം വരുന്നതാണ്. എന്നാൽ അതിനെ പൊലിപ്പിച്ചെടുത്ത് അവിസ്മരണീയമാക്കിത്തീർത്തു. ദേവാസുരത്തിലെ പല മൈനർ കഥാപാത്രങ്ങളും, അപ്പുമാഷടക്കം, നീലകണ്ഠന്റെ പ്രമാണിത്തം വെളിവാക്കുക എന്ന ഒറ്റക്കാരണത്തിന് അവതരിക്കുന്നവരാണ്. എന്നാൽ അവരില്ലാതെ ആ ചിത്രം സങ്കൽപ്പിക്കാൻ പറ്റുമോ?


No comments:

Post a Comment