ഇന്ന് കേട്ടൊരു സംശയം:
സ്വഭാവത്തിൽ പഞ്ചപാവങ്ങളായവർ കഴിവില്ലാത്തവരാണോ?...
ആയിരിക്കാം... ആവാതെയുമിരിക്കാം... ഇതിൽ രണ്ടു കാര്യങ്ങളാണ് ചിന്തിക്കേണ്ടത്.
ഒന്ന്, സ്വഭാവവും കഴിവും മനുഷ്യഗുണങ്ങളാണ്. ഇവ തമ്മിലുള്ള ബന്ധമെന്താണ്? സ്വഭാവത്തിൽ ഉള്ള വ്യത്യാസങ്ങൾ കഴിവിനെ സ്വാധീനിക്കുമോ? നിങ്ങൾ ഓർത്തു നോക്കൂ... ഒരു പാവം സ്വഭാവമുള്ള ജീവിതവിജയം നേടിയ ആരെയെങ്കിലും മനസ്സിൽ കാണാമോ? അതേ സമയം, നല്ല ഉത്സാഹവും ഓജസ്സുമുണ്ടായിട്ടും കാര്യങ്ങൾ നടത്തിയെടുക്കാൻ പ്രയാസപ്പെടുന്ന ഒരാളെ അറിയാമോ? അതേ പോലെ തിരിച്ച്, ഉത്സാഹിയായി ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കിയവരേയും, പാവം സ്വഭാവത്തോടെ എങ്ങുമെത്താതെ പോയവരേയും ചുറ്റിലും കാണാം. അപ്പോൾ സ്വഭാവം ഒരു വ്യക്തിയുടെ കഴിവിനെ കുറിക്കാനായി ഉപയോഗിക്കുന്നത് ഔചിത്യമല്ല. ചില സ്വഭാവങ്ങൾ ചില കഴിവുകളെ കുറച്ചു സ്വാധീനിക്കും എന്നതും ശരിയാണ്. എന്നാൽ ഇത് സാമാന്യവത്ക്കരിക്കുന്നത് അബദ്ധമാണ്.
രണ്ട്, ഒരാളെ കഴിവുള്ളവനെന്നും കഴിവുകെട്ടവനെന്നും തരം തിരിക്കുന്നത് എന്ത് മാനദണ്ഡം വെച്ചാണ്? നിങ്ങൾക്കു പാടാനുള്ള കഴിവില്ലെങ്കിലും കണക്ക് കൂട്ടാനുള്ള കഴിവുണ്ട് എന്ന് വെക്കുക. നിങ്ങൾ കഴിവുള്ളവനാണോ, കെട്ടവനാണോ? നിങ്ങളുടെ സഹോദരി നിങ്ങളെ കഴിവുള്ളവനായാണ് കാണുന്നത്, എന്നാൽ നിങ്ങളുടെ അയൽക്കാരന്റെ അഭിപ്രായത്തിൽ നിങ്ങൾക്ക് കഴിവില്ല. നിങ്ങളെഴുതിയ പാട്ട് കേട്ട ഒരാൾ അതിന്റെ ആശയം കേട്ട് നിങ്ങളുടെ കഴിവ് അപാരമെന്ന് പുകഴ്ത്തുമ്പോൾ, മറ്റൊരാൾ അതിന്റെ ഈണം ഭംഗിയാത്തത് നിങ്ങളുടെ കഴിവ്കേട് എന്ന് പഴിക്കുന്നു.
ഇതിൽ നിന്ന് വ്യക്തമാകുന്നത് ഒരാളുടെ കഴിവിനെ അളക്കുന്ന ഏകകങ്ങൾ മാറിക്കൊണ്ടിരിക്കും. അത് അയാളുടെ പ്രവർത്തിക്കനുസരിച്ച് മാറാം, അളക്കുന്ന ആൾക്ക് അയാളോടുള്ള നയത്തിനും മതിപ്പിനും അനുസരിച്ച് മാറാം, അളക്കുന്ന ആളിന്റെ വീക്ഷണകോണിന് അനുസരിച്ചും മാറാം. അപ്പോൾ നാം ഒരു സ്വഭാവത്തിനെ അടിസ്ഥാനമാക്കി ഒരാളുടെ പൊതുവായ കഴിവിനെ എങ്ങനെ വിലയിരുത്തും?..
Pages
▼
No comments:
Post a Comment