ഈ കഥയോ പാത്രങ്ങളോ സാങ്കൽപ്പികമല്ല.
ജീവിച്ചിരിക്കുന്നവരുമായി സാമ്യം തോന്നാൻ തന്നെയാണ്, അതിന് വേണ്ടി മാത്രമാണ് ഇത് പറയുന്നത്.
ഘണ്ടാകർണ്ണനെക്കുറിച്ച് കേട്ടിട്ടുണ്ടോ? നാം അറിഞ്ഞിരിക്കേണ്ട ആളാണ്. കേട്ടോളൂ..
കഥ തുടങ്ങുമ്പോൾ അങ്ങേർക്ക് ഈ പേര് കിട്ടിയിരുന്നില്ല. മിക്കവാറും പഴയ പേര് ശശി എന്നാവാനാണ് സാധ്യത. ശശി വലിയ വിഷ്ണു ഭക്തനായിരുന്നു. കുഴപ്പമില്ലാത്ത കാര്യമല്ലേ? പ്രശ്നം എന്താണെന്നാൽ അയാൾക്ക് മറ്റ് ദേവതമാരോട് കനത്ത വിരോധമായിരുന്നു. വിശേഷിച്ച് ശിവനോട്. ശിവനെ ആരെങ്കിലും സ്തുതിച്ചാൽ ശശിക്ക് കുരു പൊട്ടും. പിന്നെ തെറിവിളിയായി, ട്രോളിംഗ് ആയി, പൊങ്കാലയായി.
ഒരിക്കൽ വിഷ്ണുദേവൻ തന്നെ ശശിയുടെ രോഗം മാറ്റാൻ നേരിട്ട് പ്രത്യക്ഷപ്പെട്ട് നോക്കി. തങ്ങളെല്ലാം ഒന്നാണെന്നും തമ്മിലൊരു പ്രശ്നവുമില്ലെന്നും വെറും പ്രത്യയശാസ്ത്രപരമായ ഭിന്നത മാത്രമേ ഉള്ളൂ എന്നും ശശിയെ ബോധിപ്പിക്കാൻ ഹരിഹരവേഷത്തിലായിരുന്നു വരവ്. ശശി ചന്ദനത്തിരി കത്തിച്ച് വിഷ്ണുവിനെ സ്തുതിച്ചു, ശിവന്റെ മൂക്ക് പൊത്തിപ്പിടിച്ചു. അതോടെ ഭഗവാന്‍ സുല്ലിട്ടു.
നാട്ടിലെ പണിയില്ലാത്ത ചെറുപ്പക്കാർ ശശിയെക്കാണുമ്പോൾ ഉച്ചത്തിൽ ശിവനാമം ചൊല്ലാൻ തുടങ്ങി. പലരും ശിവസ്തോത്രങ്ങൾ വോയ്സ് മെസേജ് ആയി ഫോര്‍വേഡ് ചെയ്തു. ആദ്യമൊക്കെ ശശി കലി കൊണ്ട് തെറി വിളിച്ചു.
അവസാനം സഹിക്കാതായപ്പോൾ അയാൾ രണ്ടു അമ്പലമണികൾ വാങ്ങി ചെവികളിൽ തൂക്കിയിട്ടു. ശിവനാമം കേൾക്കുമ്പോളെല്ലാം തലയാട്ടും. അപ്പോഴുണ്ടാകുന്ന മണിമുഴക്കത്തിൽ ഒന്നും കേൾക്കില്ല. അങ്ങനെ ശശി ഘണ്ടാകർണ്ണനായി (ചെവിയിൽ മണിയുള്ളവൻ)...
Pages
▼
No comments:
Post a Comment