Pages

Saturday, August 20, 2016

പ്രേതം, ഷറഫുദ്ദീൻ പിന്നെ MST3K

MST3K  (Mystery Science Theatre 3000) ഒരു പഴയ അമേരിക്കൻ റ്റിവി പരിപാടി ആണ്. ഒരു ഭ്രാന്തൻ ശാസ്ത്രജ്ഞൻ ഒരാളെ തന്റെ പരീക്ഷണത്തിനായി ബഹിരാകാശപേടകത്തിൽ തടവിലാക്കുന്നു. ലോകത്തിലെ ഏറ്റവും തല്ലിപ്പൊളി പടങ്ങൾ തുടർച്ചയായി കാണുക- അതാണ് പരീക്ഷണം. കൂട്ടിന് സംസാരിക്കുന്ന യന്ത്രപ്പാവകളും! മാനസികനില തെറ്റാതിരിക്കാൻ പടം കാണുമ്പോൾ അയാൾ സ്ക്രീനിലെ ദൃശ്യങ്ങളെ പരിഹസിച്ച് കമന്റ് ചെയ്തു കൊണ്ടിരിക്കും, പാവകളും കൂടെ കൂടും. ഓരോ എപ്പിസോഡിലും ഓരോ പഴയ ഹൊറർ- സൈഫൈ ചിത്രങ്ങളും കൂടെ റണ്ണിങ്ങ് കമന്ററിയും.

എനിക്ക് ഈ പരിപാടി ഇഷ്ടമായത് ഞാനും പടം കാണുമ്പോൾ കമന്റ് അടിക്കുന്ന സ്വഭാവമുള്ള ആളായതു കൊണ്ടാണ്. ചിലര്‍ക്ക് ഇത് അലോസരമുണ്ടാക്കാറുണ്ട്. പക്ഷേ നല്ല കമ്പനിയുണ്ടെങ്കിൽ ഇത് നല്ല ഒരു അനുഭവമാണ്. MST3Kയുടെ വിജയം വിസ്മൃതിയിലേക്ക് ആഴേണ്ടിയിരുന്ന, കലാപരമായോ സാങ്കേതികമായോ ഒരു ഗുണവുമില്ലാത്ത പല പടങ്ങൾക്കും ഒരു ആസ്വാദകവൃന്ദത്തെ ഉണ്ടാക്കിക്കൊടുത്തു. Robot monster, Plan 9 from outer space, Manos, Santa Clause conquers Martians തുടങ്ങി പല ചിത്രങ്ങളും കൾട്ട് പദവിയിലേക്ക് ഉയർന്നു. മോശം പടങ്ങളുടെ തമ്പുരാനായ Ed Wood നെ കുറിച്ചു പഠനങ്ങളും ജീവചരിത്രവും   Johnny Depp നായകനായ സിനിമയും വന്നു. ഇവിടെ മിഥുൻ നായകനായ ഗുണ്ട, ടി. രാജേന്ദ്രന്റെ വീരസാമി എന്നിവയ്ക്ക് ലഭിച്ച സ്വീകരണം നോക്കൂ.

MST3Kയെ പറ്റി ഓർത്തത് ഇന്നലെ രഞ്ജിത്ത് ശങ്കറിന്റെ പ്രേതം എന്ന ചിത്രം കണ്ടപ്പോഴാണ്. പ്രേതം മോശമായതു കൊണ്ടൊന്നുമല്ല, ഷറഫുദ്ദീന്റെ- പ്രേമത്തിലെ ഗിരിരാജൻ കോഴി- കഥാപാത്രം കാരണം. അയാൾ ഇതിൽ ഒരു പ്രധാന കഥാപാത്രത്തോടൊപ്പം കമന്റേറ്ററുടെ പണിയും ചെയ്യുന്നുണ്ടു. ഇത് ഒരു പരിധിവരെ പടത്തിന് ഒരു മെറ്റാ ഡൈമെൻഷൻ കൊടുക്കുന്നുണ്ട്. ഒട്ടും അരോചകമാകാതെ വളരെ ഹാസ്യാത്മകമായാണ് ഇത് നടന്നതും.

പടം കാണുമ്പോൾ നമ്മുടെ മനസ്സിൽ തോന്നുന്നത് അപ്പോഴപ്പോൾ സ്ക്രീനിൽ നിന്ന് കേൾക്കുന്നു. ഉദാഹരണത്തിന് ഒരു സീനിൽ ഇത്തിരി ഇഴയുന്നു എന്ന് ഞാൻ മനസ്സിൽ ചിന്തിച്ച സ്പോട്ടിൽ, 'ഇവൻ ഇത് ലാഗ് ചെയ്തു കൊല്ലും' എന്ന് ഒരു ഡയലോഗ്. നമ്മുടെ മനസ്സിലെ പ്രതികരണങ്ങളെ diffuse ചെയ്യിച്ചു സിനിമയിൽ വീണ്ടും ശ്രദ്ധിപ്പിക്കുന്ന ഒരു സൈക്കിളോടിക്കൽ മൂവ്..!

No comments:

Post a Comment