Pages

Wednesday, April 23, 2014

മലയാളം മൂവി ചാനൽ തലവന്മാരോട്...

മലയാളം മൂവി ചാനൽ തലവന്മാര്ക്ക് ഒരു മലയാളി പ്രേക്ഷകന്റെ തുറന്ന കത്ത്...

എനിക്ക് പോക്കിരിരാജ കാണണ്ടാ...
അത് പോലെ.. ചെസ്സും റെഡ് ചില്ലീസും...

നാട്ടിലേക്ക് മടങ്ങി വന്നു എല്ലാവരെയും പോലെ ആദ്യം ഞാൻ ഒരു കേബിൾ കണക്ഷൻ എടുത്തു. വണ്ടറടിച്ചു പോയത് പുതിയ മൂവി ചാനലുകൾ കണ്ടിട്ടാണ്. ഏതു നേരവും ഒരു മൂന്ന് പടമെങ്കിലും മിനിമം കാണിക്കുന്നുണ്ടാവും. ലോക്കൽ ചാനലിൽ വേറെയും. ആനന്ദലബ്ധിക്കിനിയെന്തു വേണം, പ്രത്യേകിച്ചും സിനിമാ പ്രേമിയായ എനിക്ക്.

സന്തോഷം അധികം നീണ്ടില്ല. വെച്ചയുടൻ ഒരു ചാനലിൽ കണ്ടത് പോക്കിരിരാജ, മറ്റൊന്നിൽ ചെസ്സ്‌ എന്ന പടം. അത് കഴിഞ്ഞു നോക്കിയപ്പോൾ തേജാഭായ്... രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇതേ പടങ്ങൾ തന്നെ  തിരിച്ചും മറിച്ചും വീണ്ടും. കഴിഞ്ഞ രണ്ടു മാസമായി അവസ്ഥയിൽ  വലിയ മാറ്റമൊന്നുമില്ല. സത്യം പറയാമല്ലോ, നിങ്ങളുടെ ചാനലുകൾ കാരണം എനിക്ക് ഇപ്പോൾ പ്രേം നസീറിന്റെ സിനിമകൾ ആണ് പഥ്യം. തമ്മിൽ ഭേദം അതാണ്‌.

ഇത് കുറ്റം മാത്രം പറയാനുള്ള ഒരു കത്താക്കുന്നില്ല. എത്ര പ്രാവശ്യം വേണമെങ്കിലും കാണാവുന്ന ചിത്രങ്ങൾ നിങ്ങൾ സംപ്രേക്ഷണം ചെയ്യാറുണ്ട്- മണിച്ചിത്രത്താഴും സന്ദേശവും പോലെ. പക്ഷെ പല പടങ്ങളും ഈ കാറ്റഗറിയിൽ പെടുന്നില്ല എന്ന് മനസ്സിലാക്കുക. തീയേറ്ററുകളിൽ ആവശ്യത്തിനു ഓടാത്ത, എന്നാൽ അംഗീകാരം അർഹിക്കുന്ന ചിത്രങ്ങൾ അപൂർവമായി സംപ്രേക്ഷണം ചെയ്യുന്നതും കണ്ടില്ലെന്നു നടിക്കുന്നില്ല. എന്നാലും ആഴ്ചയിൽ മൂന്നു വട്ടം പോക്കിരിരാജയും ഒന്നിൽ കൂടുതൽ പ്രാവശ്യം റെഡ് ചില്ലീസും കാണിക്കുന്നത് ക്രൂരത തന്നെയാണ്.

സത്യത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്‌ വളരെയധികമാണ്. ഒരു ജനതയുടെ സിനിമാ സംസ്കാരത്തെ സ്വാധീനിക്കാനും അതിന്റെ ദിശ മാറ്റി വിട്ടു ഒരു പുതിയ തുടക്കം കുറിക്കാനും കഴിവുള്ള ശക്തമായ മാധ്യമമാണ് നിങ്ങളുടെ കൈയിലുള്ളത്. ആയിരം ചെറിയ സിനിമാ സൊസൈറ്റികൾക്കോ പുതിയ സംവിധായകർക്കോ ഇന്നത്തെ സ്ഥിതിയിൽ ഇതിനു കഴിയില്ല. ജനങ്ങൽക്ക് ആവശ്യം ഉള്ളതെന്ന പേരിൽ പുറത്തു വരുന്ന പല സിനിമകളും യഥാർത്ഥത്തിൽ വെറും അനാവശ്യചരക്കുകളാണ്. ഒരു ജനതയുടെ ചിന്താശക്തിയെയും കലാപരമായ അവബോധത്തിനെയും അരുംകൊല ചെയ്യുന്ന കലാഭാസങ്ങൾ. ഇതിനെ ഒരു പരിധി വരേ നിയന്ത്രിക്കാൻ നിങ്ങൾക്കു സാധിക്കും. കൂടാതെ പ്രദർശനശാലകളിൽ നിന്ന്  ഇറക്കി വിടുന്ന നല്ല ചിത്രങ്ങൾക്ക് പ്രോത്സാഹനം കൊടുക്കുകയും അവയെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്നത് നല്ല കാര്യമായിരിക്കും.

ഇനിയൊന്നു ചെയ്യാൻ കഴിയുന്നത്, ലോക ക്ലാസ്സിക് ചിത്രങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തി പ്രദർശിപ്പിക്കുക. ഇപ്പോൾ നിങ്ങൾ കാണിക്കുന്ന ഇംഗ്ലിഷ് ചിത്രങ്ങളുടെ ഡബ്ബിംഗ് പരിഹാസ്യമാണ്. പടത്തിന്റെ തനിമ നശിപ്പിക്കാതെ പ്രൊഫഷണലുകളെ ഉപയോഗിച്ച് ഭംഗിയായി ചെയ്‌താൽ കാലക്രമേണ ഒരു നല്ല പ്രേക്ഷക സമൂഹത്തെ സൃഷ്ടിക്കുവാൻ സാധിക്കും. രക്ഷയില്ലാതെ നമ്മുടെ സിനിമാക്കാർ അവരുടെ ഉത്പന്നങ്ങളുടെ നിലവാരവും മെച്ചപ്പെടുത്തും.

ഇനി ഇതൊന്നും ചെയ്തില്ലെങ്കിലും, ദയവു ചെയ്തു ഒരേ സിനിമ ആവര്ത്തിച്ചു കാണിച്ചു ക്ഷമ നശിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്യണമെന്നു അഭ്യർഥിക്കുന്നു.

ഒരു ചാനൽ പ്രേക്ഷകൻ.

1 comment: