Pages

Friday, June 21, 2024

ഊരുവിലക്ക് എന്തിന്?

 


ഇംഗ്ലീഷിൽ മാനസിക വളർച്ചയെത്താത്ത മനുഷ്യരെ കുറിക്കുന്ന വാക്കുകളുടെ ചരിത്രം രസകരമാണ്. മെഡിക്കൽ ടേം എന്നു പറഞ്ഞു ചമയ്ക്കുന്ന വാക്ക് കുറച്ചു വർഷങ്ങൾക്കു ശേഷം ഒഴിവാക്കേണ്ടി വരുന്നു. മോറോൺ (moron) ഒരു ഉദാഹരണം മാത്രം. ഒരു കാലത്ത് ഈ വാക്ക്  വൈദ്യപ്രബന്ധങ്ങളിൽ കണ്ടുവന്നിരുന്നു. ഇഡിയറ്റ് (idiot), ഇംബസീൽ (imbecile), തുടങ്ങി റിറ്റാർഡ് (retard) വരെ പല വാക്കുകളും ഈ ആവശ്യത്തിന് പല കാലത്തായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇവയ്ക്കെല്ലാം കാലക്രമേണ അപഭ്രംശം സംഭവിക്കുകയും  അക്കാദമിക് സാഹിത്യത്തിൽ നിന്നു തുടച്ചു നീക്കപ്പെടുകയും ചെയ്തു. 

ഇതിന് കാരണം പൊതുജനം ഇവയെ ഏറ്റെടുത്ത് തെറികളാക്കി മാറ്റിയതാണ്. അല്ലാതെ വാക്കുകൾക്കോ അവ ഉപയോഗിക്കുന്ന സന്ദർഭങ്ങൾക്കോ എന്തെങ്കിലും മാറ്റം ഉണ്ടായതു കൊണ്ടല്ല. ഇന്റലക്ച്വൽ ഡിസെബിലിറ്റി എന്ന വാക്കാണ് ഇപ്പോൾ ഉപയോഗിച്ച് വരുന്നത് എന്നു തോന്നുന്നു. ഇനി അതും മാറ്റിയോ എന്ന് അറിയില്ല. ഈ സ്ഥിതി മാറണമെങ്കിൽ ഒരു വഴിയേ ഉള്ളൂ. നമ്മുടെ മനസ്ഥിതി മാറണം. ഒരാൾക്ക് പ്രമേഹമോ, രക്തസമ്മർദ്ദമോ, മറ്റോ വരുന്നത് പോലെ, വന്നു പെട്ട സാഹചര്യം ആണെന്ന് സമൂഹം മനസ്സിലാക്കുകയും, അതിനനുസരിച്ച് അവരോട് പെരുമാറുകയും വേണം. ഈ വിചാരം ജനങ്ങളിൽ വരുത്താതെ പേരു മാറ്റിക്കൊണ്ടിരുന്നാൽ അത് കാലാകാലം തുടരാം എന്ന് മാത്രം. 

ഇങ്ങ് കേരളത്തിൽ വന്നാൽ പറയാവുന്ന ഉദാഹരണമാണ് കഞ്ഞിയുടേത്. ഒരു കാലത്ത് എല്ലാവരും നിത്യം കഴിച്ചിരുന്ന വിഭവം ദാരിദ്ര്യത്തിന്റെ പര്യായമായി മാറി. കുറച്ച് വർഷങ്ങൾക്ക് മുമ്പെ, ഒരു ചലച്ചിത്രത്തിൽ കഞ്ഞി വേണോ എന്ന് ചോദിക്കുന്ന രംഗം വ്യാപകമായി പരിഹസിക്കപ്പെട്ടത് ഓർക്കുക. ബിരിയാണി വേണോ എന്നു ചോദിച്ചിരുന്നെങ്കിൽ പ്രശ്നമില്ല. ഉപയോഗിക്കാതെ നഷ്ടപ്പെടുന്ന വാക്കുകൾ ഉണ്ട്, എന്നാൽ പരിഹസിക്കപ്പെടുന്ന വാക്കുകളുടെ കാര്യമോ? ഈയടുത്ത് മറ്റൊരു ചിത്രത്തിൽ കോളനി എന്ന വാക്ക് മോശമായി ഉപയോഗിച്ചിരുന്നു. 

കഴിഞ്ഞ ദിവസം, സർക്കാർ പട്ടികജാതിക്കാർ താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുന്നു. ഊര്, കോളനി, സങ്കേതം എന്നീ വാക്കുകൾ മാറ്റി പകരം നഗർ, ഉന്നതി, പ്രകൃതി എന്നിങ്ങനെ ആക്കണം പോലും. നിലവിലുള്ള പേരുകൾ അവമതിപ്പ് ഉണ്ടാക്കുന്നു എന്ന് പറഞ്ഞിട്ടാണ് ഈ തൊലിപ്പുറത്തെ ചികിത്സ. കോളനി എങ്ങനെ അവമതിപ്പ് ഉണ്ടാക്കുന്ന വാക്കായി മാറി? ഒരു കോളനിയിൽ പോയി നോക്കിയാൽ അറിയാം. ഒരു പരിഷ്കാരമോ, വെടിപ്പോ, സൌകര്യമോ കൊടുക്കാതെ, പാവങ്ങളെ തള്ളിക്കയറ്റി താമസിപ്പിക്കുന്ന ഇടങ്ങളാണവ. സർക്കാർ തന്നെയാണ് അവരെ അവിടെ കുടിയിരുത്തിയത്. 


ഒരു വിദ്യാലയമോ, ചികിത്സാലയമോ നല്ല രീതിയിൽ ഇല്ലാത്ത, പുറത്തു നിന്നു ഒരാൾക്കു വരാൻ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥലം സമൂഹത്തിൽ പരിഹസിക്കപ്പെടുന്നുണ്ടെങ്കിൽ അത് ആരുടെ പരാജയമാണ്?  സ്വാതന്ത്ര്യം കിട്ടി ഇത്ര വർഷത്തിന് ശേഷവും ഒരു ജനത പൊതു ലോകത്തിന് പുറത്ത് നിൽക്കുന്നെങ്കിൽ ആരുടെ കുറ്റമാണ്? കേരളം ഉണ്ടായ കാലം മുതൽ ഇന്നുവരെ പട്ടികജാതി പട്ടികവർഗ്ഗങ്ങൾക്ക് വേണ്ടി ചിലവാക്കിയ മൊത്തം തുക കണക്കാക്കി, ഇപ്പോൾ ഉള്ള അവരുടെ ജനസംഖ്യയോട് ഹരിച്ചാൽ ഒരു പട്ടികജാതിക്കാരന് എത്ര തുക ലഭിക്കും എന്ന് മനസ്സിലാകും. അത്ര ഗുണം അവർക്ക് കിട്ടിയിട്ടുണ്ടോ? എന്തുകൊണ്ട് കിട്ടിയിട്ടില്ല? 

സമൂഹത്തിൽ ഇവർക്ക് ഗുണകരമായ മാറ്റം ഉണ്ടാവണമെങ്കിൽ, ഇവരുടെ വാസസ്ഥലങ്ങളോടുള്ള പൊതുജനങ്ങളുടെ അവമതിപ്പ് ഒഴിവാക്കണമെങ്കിൽ, ആ സ്ഥലങ്ങൾ നല്ല രീതിയിൽ പരിപാലിക്കപ്പെടണം. എല്ലാ സൗകര്യങ്ങളും അവിടെ ലഭ്യമാക്കണം. അവിടങ്ങളിലുള്ള താമസക്കാർക്ക് പുറം ലോകവുമായും തിരിച്ചും ബന്ധപ്പെടാനും, ചൂഷണം ഭയക്കാതെ വ്യാപാര വിനിമയം നടത്താനും, കാലക്രമേണ പൊതുധാരയിൽ അലിഞ്ഞു ചേരാനും ഉള്ള സാഹചര്യം ഉണ്ടാക്കിയെടുക്കണം. അല്ലെങ്കിൽ നിങ്ങൾക്ക് എല്ലാ പത്തുകൊല്ലവും പേരുമാറ്റി കളിക്കാം. കാൽക്കാശോ കഴഞ്ച് ബുദ്ധിയോ ചെലവാക്കേണ്ടല്ലോ.